പൗരോഹിത്യം സ്വീകരിക്കാൻ
ഞങ്ങൾ അഞ്ചു പേരുണ്ടായിരുന്നു.
തിരുപ്പട്ടത്തിൻ്റെ തലേന്ന്
ഞങ്ങൾക്ക് താമസം ഒരുക്കിയത്
ഇരിങ്ങാലക്കുട രൂപതയുടെ
മൈനർ സെമിനാരിയിലായിരുന്നു.
മനസ് കലുഷിതമായിരുന്നു.
നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകാൻ പോകുന്നു.
നേരത്തെ എഴുന്നേൽക്കണം.
പ്രാർത്ഥിക്കണം.
ചിന്തകൾ അങ്ങനെ പലതായിരുന്നു…
ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചൻ
ഞങ്ങളെ നന്നായൊരുക്കി കുമ്പസാരിപ്പിച്ചു.
അത്താഴശേഷം എല്ലാവരും
മുറികളിലേക്ക് പോയി.
രാത്രി ഒമ്പതര ആയിക്കാണും,
ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്
ആ വാർത്തയെത്തി;
പിറ്റേ ദിവസം ഹർത്താൽ !
എല്ലാവർക്കും ടെൻഷൻ.
പിതാവിൻ്റെ അറിയിപ്പുമായി പഞ്ഞിക്കാരനച്ചനെത്തി:
“പാറക്കടവ് ലാസലെറ്റ് സെമിനാരിക്കടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക്
ശെമ്മാച്ചന്മാരെ മാറ്റുക.”
അങ്ങനെ അയിരൂരുള്ള കർമലീത്ത ആശ്രമത്തിലേക്ക് അപ്പോൾ തന്നെ
ഞങ്ങളെ കൊണ്ടുപോയി.
അവിടെ എത്തിയപ്പോൾ രാത്രി 11 മണി.
ആ രാത്രി മുഴുവനും തോരാത്ത മഴയുമായിരുന്നു.
ഹൃദയം വല്ലാതെ നൊമ്പരപ്പെട്ടു.
കർത്താവിനോടെനിക്ക് പരിഭവവും തോന്നി.
ആ വിഷമത്തോടെയാണ് ഉറങ്ങാൻ കിടന്നത്.
രാവിലെ ഞങ്ങളെ കൊണ്ടുപോകാൻ വാഹനമെത്തി. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
ലാസലെറ്റ് ഭവനിലെ
പള്ളിയോട് ചേർന്നുള്ള പന്തലിലായിരുന്നു
തിരുകർമങ്ങൾ.
ചാപ്പലിൻ്റെ തറയിൽ മുട്ടുകുത്തിയപ്പോൾ നൊമ്പരമെല്ലാം കണ്ണീർമഴയായി.
“അമ്മേ മാതാവേ,
നിനക്ക് മനസുണ്ടെങ്കിൽ
പുത്രനോട് പറഞ്ഞ് ഈ മഴയൊന്ന് മാറ്റിത്തരണേ…
ഒപ്പം അസ്വസ്ഥമായ മനസിനെ ശാന്തമാക്കണേ…”
പന്തലിലേക്ക് ജനം വന്നുകൊണ്ടിരുന്നു.
പ്രാരംഭ ഗീതമുയർന്നു.
അഭിവന്ദ്യ ജെയിംസ് പഴയാറ്റിൽ പിതാവിൻ്റെ നേതൃത്വത്തിൽ
പ്രദക്ഷിണമായി അൾത്താരയിലേക്ക്
ഞങ്ങൾ നടന്നു.
അപ്പോഴേക്കും മഴനിലച്ചു.
മാനം തെളിഞ്ഞു.
ഏല്ലാ മുഖങ്ങളിലേക്കും അതിൻ്റെ
സന്തോഷം പടർന്നു.
പ്രതികൂലങ്ങളുടെ മധ്യത്തിലായിരുന്നിട്ടും
മാതാവിൻ്റെ മാധ്യസ്ഥ ശക്തി
നിറഞ്ഞു നിന്ന
ആ ദിവസം കഴിഞ്ഞിട്ട്
2020 സെപ്തംബർ 8 ന് 15 വർഷം !
മാതാവിൻ്റെ ജനന തിരുനാളിന്
ലഭിച്ച സമ്മാനമാണ് എൻ്റെ പൗരോഹിത്യം!
മറിയത്തിൽ നിന്ന് യേശു പിറന്നു
എന്ന് വചനം പറയുമ്പോൾ
( Ref മത്താ 1:16),
ആ മറിയത്തിൻ്റെ മാധ്യസ്ഥത്തിന്
വലിയ ശക്തിയുണ്ട്,
ആരെയും അവൾ ഉപേക്ഷിക്കുകയില്ല
എന്ന ഉറച്ച ബോധ്യത്തോടെ
നമുക്ക് പ്രാർത്ഥിക്കാം:
“എത്രയും ദയയുള്ള മാതാവേ
അങ്ങേ സങ്കേതത്തില്‍ ഓടിവന്ന്,
അങ്ങേ സഹായം തേടി
അങ്ങേ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമേ….”
മാതാവിൻ്റെ ജനനത്തിരുനാൾ മംഗളങ്ങൾ!