ഫിലോസഫി പഠിക്കുന്ന കാലം.
സെമിനാരിയിലെ ചിട്ടകൾ നിങ്ങൾക്കറിയാമല്ലോ?
പഠിക്കാനും കളിക്കാനും
പ്രാർത്ഥിക്കാനും ടി.വി. കാണാനുമെല്ലാം നിശ്ചിത സമയമുണ്ട്.
അവയെല്ലാം പാലിച്ച് ജീവിക്കുകയെന്നത്
ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പലരും ദൈവവിളി ഉപേക്ഷിച്ച് പോകാനുള്ള
പ്രധാന കാരണവും അതു തന്നെയാണ്.
ലോകകപ്പ് മാച്ച് നടക്കുന്ന സമയം.
റെക്ടറച്ചൻ എന്തോ കാര്യത്തിനു വേണ്ടി പുറത്തു പോയി.
എപ്പോൾ മടങ്ങി വരുമെന്നൊന്നും നിശ്ചയമില്ല.
കൂട്ടത്തിൽ ആരോ പറഞ്ഞു:
” അച്ചൻ വരാൻ വൈകും.
നമുക്ക് അല്പസമയം ക്രിക്കറ്റ് കളി കാണാം.”
എല്ലാവരും അതിന് സമ്മതം മൂളി.
ഞാൻ ചെന്ന് ടി.വി. ഓണാക്കി.
എന്നാൽ,
തീർത്തും അപ്രതീക്ഷിതമായ സമയത്ത് റെക്ടറച്ചൻ മടങ്ങിയെത്തി.
കളിയിൽ ലയിച്ചിരുന്ന ഞങ്ങളാരും ബൈക്കിൻ്റെ ശബ്ദം കേട്ടില്ല.
അച്ചൻ കയറി വന്നതേ,
എല്ലാവരും ചാടിയെഴുന്നേറ്റു.
റിമോട്ട് കൺട്രോൾ എൻ്റെ കൈയിലായിരുന്നെങ്കിലും
പരിഭ്രമം മൂലം ടി.വി. ഓഫ്
ചെയ്യാൻ പോലുംകഴിഞ്ഞില്ല.
പിന്നെ നടന്ന വിശേഷങ്ങൾ
പിന്നീടെഴുതാം !
ഒന്നോർത്തു നോക്കിക്കേ,
മാതാപിതാക്കളിൽ നിന്നും
ഗുരുഭൂതരിൽ നിന്നും
ജീവിത പങ്കാളിയിൽ നിന്നും
കൂടപ്പിറപ്പുകളിൽ നിന്നും
ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ
നിന്നുമെല്ലാം,
നന്നാകുവാൻ
എത്രയെത്ര അവസരങ്ങൾ
ലഭിച്ചവരാണ് നമ്മൾ?
എന്നിട്ടും, ചിലപ്പോഴെങ്കിലും
മടിയും അലസതയും
അഹങ്കാരവും കാരണം
അവയെല്ലാം നമ്മൾ പാഴാക്കിയില്ലേ?
ആയുസിന് ദൈർഘ്യമുണ്ടെന്നു കരുതി
നമ്മുടെ അരുതായ്മകൾക്കു നേരെ
നാം കണ്ണടച്ചിട്ടില്ലേ?
നാളെയാകാം എന്നു കരുതി
ചില തെറ്റുകൾ തിരുത്താൻ
മനപൂർവ്വം വൈമനസ്യം കാണിച്ചിട്ടില്ലേ?
ഇന്നിതെഴുതാൻ കാരണം മറ്റൊന്നുമല്ല,
ക്രിസ്തുവിൻ്റെ വാക്കുകളാണ്:
“നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍.
എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത് ”
(ലൂക്കാ 12 : 40).
ജീവിതാന്ത്യത്തെക്കുറിച്ചാണ്
ക്രിസ്തുവിൻ്റെ വാക്കുകൾ എന്ന് വ്യക്തമാണല്ലോ?
എനിക്കോ നിങ്ങൾക്കോ പ്രവചിക്കാൻ കഴിയാത്ത സമയത്തായിരിക്കും
ക്രിസ്തുവിൻ്റെ വരവ് എന്ന്
ഒരിക്കൽ കൂടി ഓർക്കാം.
“കര്‍ത്താവിങ്കലേക്കു തിരിയാന്‍
വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത് ”
(പ്രഭാ 5 : 7).
എട്ടുനോമ്പിൻ്റെ സമാപന ഘട്ടത്തിൽ
നമുക്ക് പ്രാർത്ഥിക്കാം:
അമ്മേ മാതാവേ,
തെറ്റുകൾ തിരുത്തി
ജീവിക്കാനുള്ള കൃപയ്ക്കു വേണ്ടി
അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ.