ഇതാ ഒരു ഭാരതീയ വനിത

ഫാദർ ജെൻസൺ ലാസലെറ്റ്

ആദ്യകുർബാന സ്വീകരണത്തിനു ശേഷം അവൾ വന്ന് അമ്മയോട് പറഞ്ഞു:
”അമ്മേ, എനിക്ക് കന്യാസ്ത്രിയാകണം.”

”നീ കുഞ്ഞല്ലെ, പിന്നീട്
നമുക്ക് തീരുമാനിക്കാം “,
എന്നായിരുന്നു അമ്മയുടെ മറുപടി.

അതേ ആവശ്യവുമായി അവൾ
ഏതാനും വർഷങ്ങൾക്കു ശേഷം
അമ്മയെ വീണ്ടും സമീപിച്ചു.
ഇത്തവണ അവളുടെ ദൃഢനിശ്ചയത്തെ
അമ്മ അഭിനന്ദിക്കുകയാണ് ചെയ്തത്.

കോൺവെൻ്റിലേക്ക് അവളെ യാത്രയാക്കുന്നതിനു മുമ്പ്
മകളെ ചേർത്തു പിടിച്ച്
അവരിങ്ങനെ പറഞ്ഞു:

”നീ വലിയ തീരുമാനമാണ്
എടുത്തിരിക്കുന്നത്.
നിൻ്റെ ബലഹീനമായ കരങ്ങളെ
ശക്തനായ യേശുവിൻ്റെ
കരങ്ങളിൽ നൽകുക.
അവൻ്റെ കൈപിടിച്ച്
ധൈര്യപൂർവ്വം മുന്നോട്ട് നടക്കുക.
ഒരിക്കലും തിരിഞ്ഞു നോക്കരുത്.
പിന്തിരിഞ്ഞുള്ള നോട്ടം
ഉള്ളിലെ ശക്തി ക്ഷയിപ്പിക്കും.
എൻ്റെ പ്രാർത്ഥന എന്നും കൂടെയുണ്ട്.”

ആ യുവതി പതിറ്റാണ്ടുകൾക്കു ശേഷം
എഴുതി:

”ജന്മനാ ഞാൻ അൽബേനിയക്കാരിയാണ്. പൗരത്വം വഴി ഞാൻ ഭാരതീയയാണ്.
വിശ്വാസമനുസരിച്ച് ഞാനൊരു
കത്തോലിക്കാ കന്യാസ്ത്രിയാണ്.
എൻ്റെ വിളിയനുസരിച്ച് ഞാൻ ലോകത്തിൻ്റേതാണ്.
എന്നാൽ, എൻ്റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം
ഞാൻ പൂർണ്ണമായും യേശുവിൻ്റേതാണ് !”

ആ സ്ത്രീയാണ്
പാവപ്പെട്ടവരുടെ അമ്മ എന്നറിയപ്പെടുന്ന
വിശുദ്ധ മദർ തെരേസ!

“എനിക്കു വിശന്നു;
നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു.
എനിക്കു ദാഹിച്ചു;
നിങ്ങള്‍ കുടിക്കാന്‍ തന്നു.
ഞാന്‍ പരദേശിയായിരുന്നു;
നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്‌നനായിരുന്നു;
നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.
ഞാന്‍ രോഗിയായിരുന്നു;
നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു.
ഞാന്‍ കാരാഗൃഹത്തിലായിരുന്നു;
നിങ്ങള്‍ എന്‍െറയടുത്തു വന്നു”
(മത്താ 25 : 35, 36)
എന്ന വചനങ്ങളുടെ പൂർത്തീകരണമായിരുന്നു അവരുടെ ജീവിതം.

1948 ആഗസ്റ്റ് 8 ന് ലൊരെറ്റോ മഠം വിട്ട്
തെരുവു മക്കൾക്ക് അമ്മയാകാൻ ഇറങ്ങിത്തിരിച്ചപ്പോൾ അവരുടെ കൈവശമുണ്ടായിരുന്നത്
ജപമാല, ബൈബിൾ, അഞ്ചു രൂപ….. ഇത്രമാത്രം!

എന്നാൽ, 1997 സെപ്തംബർ
അഞ്ചാം തിയതി
അമ്മ നിത്യതയിലേക്ക് യാത്രയായപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി
മിഷനറീസ് ഓഫ് ചാരിറ്റിയുടെ
300-ൽ പരം കോൺവെൻ്റുകളാണ് ഉണ്ടായിരുന്നത്.

അവരുടെ മരണവാർത്തയറിഞ്ഞപ്പോൾ
ഫ്രഞ്ച് പ്രസിഡൻറായിരുന്ന
ഷാക്ക് ഷിറാക്ക് പറഞ്ഞ
വാക്കുകൾ നമുക്ക് മറക്കാനാകുമോ?
“ലോകത്തിൽ സ്നേഹത്തിനും
കരുണയ്ക്കും വെളിച്ചത്തിനും
ഈ രാത്രിയിൽ കുറവു സംഭവിച്ചതായി എനിക്കനുഭപ്പെടുന്നു.”

ഭാരതരത്ന ബഹുമതി സമ്മാനിച്ചപ്പോൾ
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി
പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:
”ഈ മഹതിയുടെ മുമ്പിൽ
നമ്മൾ താനേ ശിരസ് നമിക്കുന്നു!”

വി.മദർ തെരേസയെപ്പോലെ
നമ്മളും ക്രിസ്തുവിൻ്റേതു മാത്രം
ആകേണ്ടവരല്ലെ?
അവനു വേണ്ടി ജീവിക്കേണ്ടവരല്ലെ?

എട്ടുനോമ്പിൻ്റെ അഞ്ചാം നാൾ
നമുക്കു പ്രാർത്ഥിക്കാം:
അമ്മമാതാവേ,
വി. മദർ തെരേസയെപ്പോലെ
ക്രിസ്തുവിൻ്റെ സ്വന്തമാകുവാൻ കൃപയരുളേണമേ.

വി.മദർ തെരേസയുടെ തിരുനാളാശംസകൾ
ഒപ്പം അധ്യാപക ദിനത്തിൻ്റെ മംഗളങ്ങളും!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy