ഓണത്തിന്റെ ഈ നാളുകളിലിറങ്ങിയ ഹിന്ദു ഐക്യവേദിയുടെ ഒരു പത്രക്കുറിപ്പിലെ ആവശ്യം ഇതാണ് – ഹിന്ദുക്കളുടെ ദശാവതാരങ്ങളില്‍പ്പെട്ട വാമനമൂര്‍ത്തിയെ അവേഹളിക്കുന്നതില്‍ ക്രൈസ്തവസഭ നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു ആവശ്യപ്പെട്ടു. മന്ത്രി തോമസ് ഐസക്, ഹൈബി ഈഡന്‍, സിസ്റ്റര്‍ ദിവ്യ എന്നീ കത്തോലിക്കാസഭാംഗങ്ങള്‍ വാമനനെ അവഹേളിച്ചുവെന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്. അതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എറണാകുളത്ത് ഹൈബി ഈഡന്‍ എംപിയുടെ വസതിയിലേക്ക് മാര്‍ച്ചും നടത്തി.
ഈ വാര്‍ത്തയും പത്രക്കുറിപ്പും വായിച്ചപ്പോള്‍ ധാരാളം സംശയങ്ങളുണ്ടായി. സംശയങ്ങള്‍ എന്തൊക്കെയാണെന്ന് അവസാനം പറയാം. അതിനു മുന്പ് ഓണത്തെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ എങ്ങനെയാണ് ഹൈന്ദവവിരുദ്ധമാകുന്നത് എന്നതിനെക്കുറിച്ചൊന്ന് ആലോചിക്കാം. യഥാര്‍ത്ഥത്തില്‍ എന്താണ് ഓണം. ഓണത്തെക്കുറിച്ച് ചിന്തിക്കുന്പോള്‍ എന്നെപ്പോലുള്ള സാധാരണ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്നത് മഹാബലിയുടെ – മാവേലിയുടെ ചിത്രമാണ്.
മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.
വര്‍ഷത്തിലൊരിക്കല്‍ മഹാബലി എന്ന രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്നതിന്റെ ആഘോഷമാണ് ഓണം എന്ന പൊതു അറിവാണ് ലോകമെന്പാടുമുള്ള മലയാളികളെ ഗ്രസിച്ചിരിക്കുന്നത്. അതിനാലാണ് ലോകത്തെവിടെ നടക്കുന്ന ഓണാഘോഷത്തിലും ആകാരത്തില്‍ വലിയ ഒരു മനുഷ്യനെ മാവേലിയാക്കി വേഷം കെട്ടിച്ച് കൊണ്ടുനടക്കുന്നത്. ഇന്‍റര്‍നെറ്റ് സോഴ്സുകളാകെ തിരയുന്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്നതെല്ലാം ഈ വ്യാഖ്യാനമാണ്. ഇതൊരു കഥയാണെന്നും ഐതിഹ്യമാണെന്നും വേദാന്തം പഠിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം ഐതിഹ്യങ്ങളുടെ സാരാംശത്തെ മനസ്സിലാക്കാന്‍ കഴിയൂ എന്നും എഴുതുന്നത് ഹൈന്ദവരായ സ്വാമിമാര്‍ തന്നെയാണ്. ഹിന്ദു ഐക്യവേദി ആദ്യം തിരുത്തേണ്ടത് ഇപ്രകാരം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവരായ സ്വാമിമാരെയും ഹൈന്ദവസഹോദരങ്ങളെയും ഓണക്കാലത്ത് ഇതെല്ലാം വീണ്ടും വീണ്ടും എഴുതിപ്പിടിപ്പിക്കുന്ന പത്രങ്ങളെയുമാണ്.
ഓണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ചിന്ത അതൊരു കാര്‍ഷിക ഉത്സവമാണെന്നതാണ്. കേരളത്തിലെ നവവത്സരാരംഭം കുറിക്കുന്ന ചിങ്ങമാസത്തിലെ കൊയ്്ത്തുത്സവമാണ് ഓണം എന്ന് ഇന്‍റര്‍നെറ്റ് സോഴ്സുകള്‍ മിക്കതും പറയുന്നുണ്ട്. കാര്‍ഷികവിളകളെല്ലാം തന്നെ അതുകൊണ്ട് ഓണസദ്യയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്രയേറെ കറിക്കൂട്ടുകള്‍ പ്രത്യക്ഷപ്പെടുന്ന മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായി ഓണം മാറുന്നതും അതിനാലാണെന്ന് പലയിടങ്ങളിലും എഴുതപ്പെട്ടിരിക്കുന്നു. ‘നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണം ഉത്സവം. പുതിയ വിളയുടെ വരവില്‍ പ്രകൃതി മാതാവിനോടുള്ള നമ്മുടെ നന്ദിയുടെ പ്രകടനമാണിത്. ഈ ഉത്സവം നമ്മുടെ രാജ്യത്ത് സഹകരണത്തിന്റെയും സാഹോദര്യത്തിന്‍റെയും ബോധം ശക്തിപ്പെടുത്തുകയും പ്രകൃതി മാതാവിനോട് യോജിച്ച് ജീവിച്ചുകൊണ്ടുള്ള അഭിവൃദ്ധിക്ക് വഴിയൊരുക്കുകയും ചെയ്യട്ടെ എന്നാണ് ഓണദിനത്തില്‍ രാഷ്ട്രപതി ശ്രീ രാംനാഥ് ഗോവിന്ദ് ഓണസന്ദേശത്തില്‍ ആശംസിച്ചത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മന്‍ കി ബാത് വിവര്‍ത്തനം ചെയ്തത് ജന്മഭൂമി പത്രം നല്കിയിരിക്കുന്ന അദ്ദേഹത്തിന്റെ ഓണാശംസയുടെ ഭാഗം ഇങ്ങനെയാണ്. സുഹൃത്തുക്കളെ ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സന്പദ് വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമം കൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായി ശക്തിയെ വേദങ്ങള്‍ പോലും അഭിമാനത്തോടെ നമിക്കുന്നുവെന്ന് പറഞ്ഞ് ഋഗ്വേദത്തിലെ അന്നാനാം പതയേ നമ, ക്ഷേത്രാണാം പതയേ നമ എന്ന മന്ത്രവും പ്രധാനമന്ത്രി ഉദ്ധരിക്കുന്നുണ്ട്. ഓണം മഹാബലിയുടെയോ വാമനന്റേതോ ആണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പറയുന്നില്ല. ഹിന്ദു ഐക്യവേദി എന്തുകൊണ്ട് ഇവിടെ ഇടപെടുന്നില്ല. ഓണം വെറും കാര്‍ഷിക ഉത്സവം മാത്രമാണെന്ന് പറയഞ്ഞ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് പത്രക്കുറിപ്പുകളിറക്കുന്നില്ല. അവരെക്കൊണ്ട് മാപ്പു പറയിക്കുന്നില്ല.
ഓണത്തെക്കുറിച്ചുള്ള മൂന്നാമത്തെ ചിന്ത അത് മലയാളിയുടെ ദേശീയോത്സവമാണെന്നതാണ്. 1961-ല്‍ പട്ടം താണുപിള്ള സര്‍ക്കാരാണ് ഓണത്തെ മലയാളിയുടെ ദേശീയോത്സവമായി പ്രഖ്യാപിച്ചത്. മലയാളിയുടെ ദേശീയോത്സവം എന്നതുകൊണ്ടാണ് മലയാളം മാതൃഭാഷയായുള്ള സകലരും ലോകത്തെവിടെയാണെങ്കിലും ഓണം ആഘോഷിക്കുന്നത്. അത് ഹിന്ദുവിന്റെ മാത്രം ആഘോഷമാണെന്ന വ്യാഖ്യാനവും വിശദീകരണവും എവിടെയും കണ്ടിട്ടില്ല. മനോഹരമായ കാവ്യസങ്കല്പം എന്ന നിലക്കാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത് എന്നെഴുതുന്നത് ഡോ. ഹരികുമാര്‍ വിജയലക്ഷ്മിയാണ്. അതിനാലാണത്രേ, ഉപവാസമോ നീണ്ടുനില്‍ക്കുന്ന പൂജകളോ വിഗ്രഹ എഴുന്നള്ളിപ്പുകളോ ഇല്ലാതെ ബഹുഭൂരിപക്ഷം മലയാളികളും പൂക്കളങ്ങളും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വിവിധയിനം കളികളുമായി ഓണം ആഘോഷിക്കുന്നത്. ഹിന്ദുക്കളുടെ ഉത്സവത്തെ ദേശീയോത്സവമാക്കിയതിന് കേരളസര്‍ക്കാരിനോട് ഹിന്ദു ഐക്യവേദി വിശദീകരണം ചോദിക്കണം, മാപ്പു പറയിക്കണം. മാത്രവുമല്ല, സര്‍ക്കാരിനോടാവശ്യപ്പെട്ട് ഓണം ദേശീയാഘോഷമാണെന്ന പ്രഖ്യാപനം പിന്‍വലിപ്പിക്കുകയും ഹിന്ദുക്കള്‍ മാത്രം ആഘോഷിക്കാനുള്ളതാണെന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണം.
മലയാളിയുടെ ദേശീയോത്സവം, കാര്‍ഷികോത്സവം മാവേലിനാടിന്റെ ഓര്‍മ്മ എന്നിവയില്‍ക്കവിഞ്ഞ് ഓണത്തിന് രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് ഹിന്ദു ഐക്യവേദി പറയാതെ പറയുന്നത്. വിശദമായ വായനയിലൂടെയും ദേശീയരാഷ്ട്രീയത്തിന്റെ വിശകലനത്തിലൂടെയും മാത്രമേ അത് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ആര്‍എസ്എസിന്റെ മുഖപത്രമായ കേസരിയുടെ 2016-ലെ ഓണപ്പതിപ്പില്‍ ഉണ്ണികൃഷ്ണന്‍ നന്പൂതിരി എഴുതിയ ലേഖനത്തില്‍ ഓണം വാമനജയന്തിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. വാമനന്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്നുവെന്നും സാമ്രാജ്യത്വഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്നും കെപി ശശികല ടീച്ചര്‍ പ്രസംഗിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഉത്രാടദിനത്തില്‍ വാമനജയന്തി ആശംസകള്‍ നേര്‍ന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉണ്ട്. പിറ്റേദിവസം തന്നെ അമിത്ഷാ തന്റെ ആശംസയുടെ ഉള്ളടക്കം മാറ്റുകയുമുണ്ടായി.
ഭാരതത്തിലെ ദ്രാവിഡ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട ആര്യന്‍ അധിനിവേശത്തിന്റെ ഓര്‍മ്മയാണ് ഓണത്തിലൂടെ പ്രകടമാകുന്നതെന്ന് എഴുതുന്ന ഗവേഷകരും ഉണ്ട്. ഇന്ത്യ ഹിന്ദുവിന്റേതാണ് എന്ന മുദ്രാവാക്യമുയര്‍ന്നപ്പോള്‍ ആരാണ് ഹിന്ദുവെന്നും ദ്രാവിഡഗോത്രവര്‍ഗ വിശ്വാസങ്ങളെയാണോ ആര്യന്‍ അധിനിവേശത്തിന്റെ ദൈവസങ്കല്പങ്ങളെയാണോ ഹൈന്ദവമായി പരിഗണിക്കേണ്ടതെന്നും ചോദിച്ചത് ജെഎന്‍യു-വിലെ ഹൈന്ദവഗവേഷകര്‍ തന്നെയാണ്. ഇത്തരം വായനകളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഓണം ഒന്നല്ലെന്നും പലതാണെന്നും പാവം മലയാളി തിരിച്ചറിയുന്നത്. ഓണം വാമനജയന്തിയാണെന്ന് വാദിക്കുന്നവരുടെ സമീപകാല ഇടപെടലുകള്‍ ഹിന്ദുധര്‍മ്മത്തിലെ സവര്‍ണവിഭാഗത്തിന്റെ വ്യാഖ്യാനമാണെന്നും അത് സ്വീകാര്യമല്ലെന്നും കീഴാള ഓണങ്ങളുണ്ടെന്നും അത് ചവിട്ടിത്താഴ് ത്തപ്പെട്ട മഹാബലിയുടേതാണെന്നും വാദിച്ചത് ജെഎന്‍യുവിലെയും ഇഫ്ലുവിലെയുമൊക്കെ മലയാളികളായ ഗവേഷകര്‍ തന്നെയായിരുന്നു. അതില്‍ ഒരു കത്തോലിക്കനോ മുസല്‍മാനോ ഉണ്ടായിരുന്നില്ല എന്നും ഓര്‍മ്മിക്കണം. ഐക്യകേരളം സ്ഥാപിക്കപ്പെടുന്ന കാലത്ത് തന്നെ കേരളമെന്ന ദേശത്തെ സവര്‍ണമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരാണ് പരശുരാമനെ കൊണ്ടുവന്നതെന്ന് വാദിക്കുന്നവരും ഹൈന്ദവര്‍ തന്നെയാണ്. പട്ടം താണുപിള്ള സര്‍ക്കാര്‍ ഓണത്തെ ദേശീയഉത്സവമാക്കി പ്രഖ്യാപിച്ചതിന് പിന്നിലും ഇത്തരം സവര്‍ണദേശീയബോധമാണുള്ളതത്രേ. ഈ സവര്‍ണമനോഭാവത്തിനെതിരേയുള്ള കേരളത്തിലെ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ട അവര്‍ണരുടെ കലാപമായിരുന്നത്രേ പാതാളത്തിലേത്ത് ചവിട്ടിത്താഴ്്ത്തപ്പെട്ട മഹാബലിയുടെ ഓര്‍മ്മയാചരണം.
ഓണത്തിന് വാമനനെയാണ് അനുസ്മരിക്കേണ്ടതെന്ന് വാദിക്കുന്ന ഹിന്ദു ഐക്യവേദി ഓര്‍മ്മിക്കേണ്ടത് ഓണത്തിന് മാവേലിയെ ഓര്‍മ്മിക്കാന്‍ മലയാളിയെ പഠിപ്പിച്ചത് കത്തോലിക്കാസഭ അല്ലെന്നതാണ്. ഹൈന്ദവവിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ മറ്റൊരവതാരമാണ് ശ്രീരാമന്‍. എന്നാല്‍ ശ്രീരാമനെ നാം കണ്ടുമുട്ടുന്ന രാമായണങ്ങള്‍ തന്നെ 300ലധികമുണ്ടെന്ന് ഹൈന്ദവപണ്ഡിതര്‍ പറയുന്നു. രാവണനെയും മഹിഷാസുരനെയും ആരാധിക്കുന്ന ഭക്തജനങ്ങളെയും നാം കാണുന്നു.
ഓണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത ഹൈന്ദവര്‍ തന്നെയായ നിരവധി പുരുഷപുംഗവന്മാരെ അവഗണിച്ചിട്ട് മലയാളിയുടെ സാധാരണ ധാരണകളില്‍ നിന്നുകൊണ്ട് ഒരു സ്കൂളിലെ ഏതാനും കുട്ടികള്‍ക്ക് ഓണസന്ദേശം നല്കിയ ഒരു പാവം കന്യാസ്ത്രീയെക്കൊണ്ട് മാപ്പുപറയിപ്പിച്ച നിങ്ങളുടെ സംഘടനാപരമായ ആര്‍ജ്ജവത്വം സാധാരണക്കാരനായ ഒരു മലയാളിയെന്ന നിലയില്‍ ആരംഭത്തില്‍ സൂചിപ്പിച്ച എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്കാനും കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ചോദ്യങ്ങളിതാണ് –
ആരാണ് ഹിന്ദു
എന്താണ് ഹൈന്ദവമതം
എന്താണ് ഹൈന്ദവവിശ്വാസം
ഹിന്ദുമതത്തെയും ഹൈന്ദവവിശ്വാസത്തെയും സംബന്ധിച്ച സംശയങ്ങളുണ്ടാകുന്പോള്‍ ഞങ്ങള്‍ പരിശോധിക്കേണ്ട, പഠിക്കേണ്ട പുസ്തകങ്ങള്‍ ഏതാണ്.
ഹൈന്ദവവിശ്വാസത്തിന്റെ ആധികാരിക വ്യാഖ്യാനത്തിന് സമീപിക്കേണ്ടത് ആരെയാണ്.
ഓണം ശരിക്കും എന്താണ്, ആരാണ് ആഘോഷിക്കേണ്ടത്…
ഇക്കാര്യങ്ങളെ സംബന്ധിച്ച് ഹിന്ദു ഐക്യവേദി ഒരു പ്രസ്താവനയിറക്കണം. അപ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരും. തികച്ചും അക്കാദമികമായ താത്പര്യത്തോടെയാണ് ചോദിക്കുന്നത്. അതിനുശേഷം ആദ്യം രാഷ്ട്രപതി, പ്രധാനമന്ത്രി മുതല്‍ തുടങ്ങി കേരളസര്‍ക്കാര് വരെയുള്ളവരോട് ഓണത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടണം. ഇത്രയുമൊക്കെ വ്യക്തത വന്നുകഴിയുന്പോള്‍ ആവശ്യമെങ്കില്‍ കേരളകത്തോലിക്കാസഭ നിലപാട് പറയുമായിരിക്കാം. പക്ഷേ ഹിന്ദു ഐക്യവേദി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, മലയാളികളായ കത്തോലിക്കര്‍ ഓണം ആഘോഷിച്ചുകൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടല്ല മാമ്മോദീസാ മുങ്ങുന്നത്.