ലോകം കണ്ടിട്ടുള്ളതിലേക്കും വലിയ നാവികനായ ക്രിസ്റ്റോഫര് കൊളംബസ് ജനിക്കുന്നത് ഇറ്റലിയിലെ ജനീവ നഗരത്തിലാണ്-1451 ല്. എന്തുകൊണ്ടോ കൊളംബസിനെ മനസ്സിലാക്കാന് ഇറ്റലിക്കു കഴിഞ്ഞില്ല. അറ്റ്ലാന്റിക്കു സമുദ്രത്തിലൂടെ കപ്പലോടിച്ചു പോയാല് മുസ്ലീമുകള് അടച്ചുകളഞ്ഞ ഏഷ്യയിലേക്കുള്ള വാതായനം തുറക്കാമെന്നും യൂറോപ്യരുടെ സ്വപ്നഭൂമിയായ ഇന്ത്യ കണ്ടെത്താമെന്നും കൊളംബസ് വാദിച്ചത് വെറും വനരോദനമായി കലാശിച്ചു.
ഒട്ടും ഭഗ്നാശരാകാതെ, കൊളംബസ് പോര്ട്ടുഗലിലേക്കു നീങ്ങി. കൊളംബസിന്റെ പദ്ധതികളും പ്ലാനും കിറുക്കായിട്ടേ പോര്ട്ടുഗീസ് ഭരണാധികാരികള്ക്കും തോന്നിയുള്ളൂ. അദ്ദേഹം പിന്നീടു നീങ്ങിയത് സ്പെയിനിലേക്കാണ്. കൊളംബസിന്റെ വാഗ്ദാനങ്ങളില് രാജാവ് ഫെര്ഡിനാന്റ് 5-ാമന് വലിയ വിശ്വാസം തോന്നിയില്ലെങ്കിലും ഇസബെല്ലാ രാജ്ഞിയെ സ്വാധീനിക്കുന്നതില് അദ്ദേഹം വിജയിച്ചു. അവള് രാജാവിന്റെ അനുമതിയോടെ മൂന്നു പായ്ക്കപ്പലുകള് കൊളംബസിനു വിട്ടുകൊടുത്തു-സാംങ്താമരിയ, നീനാ, പിന്റാ. അങ്ങനെ 1492 ഓഗസ്റ്റില് പുതിയ ലോകം കണ്ടെത്തുവാനായി കൊളംബസ് യാത്രയായി. അടുത്ത ഒക്ടോബറില് അമേരിക്കയ്ക്കു സമീപമുള്ള ബഹാമാസ് ദ്വീപു കണ്ടെത്തുകയും 1493 ല് വിജയശ്രീലാളിതനായി തിരിച്ചെത്തുകയും ചെയ്തു. പുതിയ ലോകം കണ്ടുപിടിച്ചു വന്ന കൊളംബസിന് സ്പെയിനില് രാജകീയമായ വരവേല്പാണ് ലഭിച്ചത്. സ്പെയിനെ സംബന്ധിച്ചിടത്തോളം അയല്രാജ്യങ്ങളുടെ മുമ്പില് അസൂയാവഹമായ നേട്ടമായിരുന്നു അത്.
അന്ന് ഇറ്റലിക്കുണ്ടായ ഇച്ഛാഭംഗവും അവമാനവും അവര്ണ്ണനീയമായിരുന്നു. കൊളംബസിനെ യാത്രയാക്കാനുള്ള ഭാഗ്യം നഷ്ടപ്പെടുത്താതിരുന്നെങ്കില് ഇറ്റലി 15-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാശ്ചാത്യശക്തിയായി ഉയര്ന്നേനെ- ഇറ്റാലിയന് ഭാഷയ്ക്ക് അമേരിക്കയില് (തെക്കേ അമേരിക്കയില്) ഔദ്യോഗിക അംഗീകാരവും. 15-ാം നൂറ്റാണ്ടിലെ സ്പെയിനിന്റെയും ഫ്രാന്സിന്റെയും മറ്റും മേല്ക്കോയ്മയ്ക്ക് വഴങ്ങേണ്ടി വരുകയുമില്ലായിരുന്നു.
ചിലചില ഘട്ടങ്ങളിലെ ചിലരുടെ ബുദ്ധിമോശമാണ് ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതുന്നത്.
ആധുനികഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആല്ബര്ട് ഐന്സ്റ്റൈയിന്റേത് ജര്മ്മന് തലച്ചോറാണ്-വ്യൂര്ട്ടന് ബേര്ഗില് ജനിച്ച തനി ജര്മ്മന്കാരന്. ആ മനുഷ്യനെ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അഡോള്ഫ് ഹിറ്റ്ലറിനു സാധിച്ചിരുന്നെങ്കില് രണ്ടാംലോകയുദ്ധ വിജയവും മറ്റൊരു ദിശയിലെത്തുമായിരുന്നു.
1987-ല് നോബല് സമ്മാനം നേടിയ വിശ്വസാഹിത്യകാരന് ജോസഫ് ബ്രോഡ്സ്കി ലെനിന്ഗ്രാഡുകാരനായിരുന്നു-യോസിപ്പ് അലക്സാണ്ട്രോവിച്ച് ബോസ്കി എന്ന് റഷ്യന് ഭാഷയില് അറിയപ്പെട്ടിരുന്ന അസ്സല് റഷ്യക്കാരന്. അദ്ദേഹത്തെ ഉള്ക്കൊള്ളുവാന് സോവ്യറ്റ് യൂണിയനു കഴിഞ്ഞില്ല. അധികാരികളുടെ അപ്രീതിക്കു പാത്രമായി, അഞ്ചുകൊല്ലം കഠിനവേലയ്ക്കു വിധിക്കപ്പെട്ടവന് അവസാനം ജീവനും കൊണ്ട് അമേരിക്കയിലേക്കു രക്ഷപെടുകയായിരുന്നു,1972-ല്.
പല പ്രഗല്ഭരുടെയും ചരിത്രം അതാണു നമ്മെ പഠിപ്പിക്കുക. അവരെ അംഗീകരിക്കുവാന് സ്ഥാപിതതാല്പര്യങ്ങള്ക്കും സ്വാര്ത്ഥമോഹങ്ങള്ക്കും കഴിയാതെ പോകുമ്പോള് അപരര് അവരെ സ്വാഗതം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുന്നു!
2000 സെപ്റ്റംബറിലെ ഒളിംബിക് മത്സരങ്ങളില് (സിഡ്നി) നൂറുമീറ്റര് ഓട്ടം അമേരിക്കക്കാരി മരിയന് ജോണ്സ് വെറും 7.45 സെക്കന്ഡുകൊണ്ട് പൂര്ത്തിയാക്കി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വനിതയെന്ന ലോകറിക്കാര്ഡ് സമ്പാദിച്ചു. അതിനും പുറമേ അഞ്ചു സ്വര്ണ്ണമെഡലും സ്വന്തമാക്കി (അതു തിരികെ ക്കൊടുക്കേണ്ടി വന്നു എന്നതു വേറെ കാര്യം). അതേ സമയം 50 കോടിയിലധികം ഭാരതീയവനിതകളെ പ്രതിനിധാനം ചെയ്ത് അവിടെയെത്തിയ നമ്മുടെ ‘സൂപ്പര്’ താരങ്ങള് മൊത്തം ഒളിംബിക് മത്സരങ്ങളില് ഒരു ഓട്ടുമെഡല് പോലും നേടാതെ* പരസ്പരം പഴിചാരി മടങ്ങിയെത്തിയെന്നതും ഇവിടുത്ത സ്വീകരണപ്പന്തലുകള് അലങ്കരിച്ചു എന്നതും ഓര്മ്മ വരുന്നു.
എവിടെയാണു പ്രശ്നം? മരിയന് ജോണ്സിനോടു കിട പിടിക്കത്തക്കവണ്ണമുള്ള കായികസിദ്ധി അമ്പതുകോടിയിലധികം വരുന്ന ഭാരതീയ വനിതകളിലൊന്നിനുപോലും ഇല്ലെന്നാണോ നാം അനുമാനിക്കേണ്ടത്? കഴിവുള്ള പ്രതിഭകളെ യഥാസമയം കണ്ടെത്തുവാനുള്ള അന്വേഷണബുദ്ധിയും നിഷ്പക്ഷതയും, വളര്ത്തിയെടുക്കാനുള്ള വലിയ മനസ്സും നേതൃസ്ഥാനം അലങ്കരിക്കുന്നവര്ക്കില്ല! സ്വന്തത്തില്പ്പെട്ടവരെ, ബന്ധത്തില്പെട്ടവരെ അഥവാ, ആശ്രിതരെ എങ്ങനെയും തിരുകിക്കയറ്റണമെന്ന ചിന്തയല്ലാതെ നാടിന്റെ യശസ് ഉയര്ത്തിപ്പിടിക്കണമെന്ന മോഹം അധികംപേര്ക്കുമില്ല.
കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില് നാം ഒത്തിരിദൂരം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. അവസരം കിട്ടാത്തതുകൊണ്ട് എത്രയോ കലാകാരന്മാരും ശാസ്ത്രജ്ഞരും കായികപ്രതിഭകളും പ്രകാശം കാണാതെ മങ്ങിമറഞ്ഞുപോകുന്നു?
Prev Post
Next Post
- Facebook Comments
- Disqus Comments