ജീവിതത്തിലൊരിക്കലെങ്കിലും സ്വർഗ്ഗം സ്വപ്നം കാണാത്തവരായി അധികമാരും ഉണ്ടാകില്ല. സ്വർഗ്ഗം മാത്രം സ്വപ്നം കണ്ട ഒരമ്മയുടെ സ്വപ്ന സാഫല്യത്തിന്റെ ദിവസമാണ് സ്വർഗ്ഗാരോപണ തിരുന്നാളായി നാം ആഘോഷിക്കുന്നത്. വ്യാകുല സമുദ്രങ്ങൾ നീന്തി കയറിയപ്പോഴും സ്വർഗ്ഗമെന്ന സർഗ്ഗ സ്വപ്നത്തെ നെഞ്ചോടു ചേർത്തു പിടിച്ചവൾ. ദാരിദ്ര്യത്തിന്റെ കാലിത്തൊഴുത്തിലും, വേദനകളുടെ കാൽവരിയിലും അവൾ സ്വർഗ്ഗത്തെ ധ്യാനിക്കുകയായിരുന്നു. നൊമ്പരത്തിന്റെ വാൾ ഹൃദയം തുളയ്ക്കുമ്പോഴും സ്വർഗ്ഗം തന്ന സമ്മാനത്തിന് കൂട്ടിരുന്ന് ഉയിരു പകുത്തു നൽകിയവങ്ങളാണ് പരിശുദ്ധ അമ്മ. സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന ആ മാതാപിതാക്കളെ വിട്ടുപിരിഞ്ഞതായിരിക്കണം ഭൂമിയിൽ അവൻ അനുഭവിച്ച ഏറ്റവും വലിയ വേദന.
നിശബ്ദമായ ഒരു ദേവാലയം പോലെയായിരുന്നു അവളുടെ ജീവിതം. അല്ലെങ്കിലും ഉള്ളിൽ ദൈവത്തെ വഹിക്കുന്നവൾക്ക് എങ്ങനെയാണ് അധികം സംസാരിക്കാനാവുക. ദേവാലയത്തിലെ സക്രാരിയുടെ മുമ്പിൽ വെച്ച കെടാവിളക്ക് പോലെ അണയാത്ത തിരികൾ അവളുടെ മിഴികളിലും ജ്വലിച്ചു നിന്നിരുന്നു. സുന്ദരിമാരായ രാജ്ഞിമാർ ഒത്തിരി ഉണ്ടായിരുന്നിട്ടും രാജാക്കന്മാരുടെ രാജാവിനെ ഭൂമിക്ക് സമ്മാനിക്കുവാൻ ദൈവം അനുവാദം ചോദിച്ച് എത്തിയത് ആരായാലും അറിയപ്പെടാതിരുന്ന ദരിദ്രയായ ആ പെൺകുട്ടിയുടെ ഉദരത്തിന്റ മുമ്പിലായിരുന്നു. പഴയനിയമത്തിലെ ദേവാലയ സങ്കൽപങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ദൈവ സാന്നിധ്യത്തിന്റെ ആലയം നസ്രത്തിലെ മറിയം എന്ന ആ പെൺകുട്ടി ഉദരത്തിൽ വഹിക്കുകയായിരുന്നു. വിശുദ്ധിയുടെ അതിവിശുദ്ധ സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വാഗ്ദാനപേടകം ഇനി നസ്രത്തിലെ മറിയം എന്ന പെൺകുട്ടിയാണ്. സഭാ സഭാപിതാക്കന്മാർ പറഞ്ഞു വയ്ക്കുന്നത് പോലെ ആദി മാതാവായ ഹവ്വാ പാപത്തിന് ആമ്മേൻ പറഞ്ഞ് സാത്താന്റെ ദാസിയായി തീർന്നെങ്കിൽ രണ്ടാമത്തെ ഹവ്വാ യായ മറിയം ദൈവഹിതത്തിനു സമ്മതം മൂളി കൊണ്ട് കർത്താവിന്റെ ദാസിയായി തീരുകയായിരുന്നു. മറിയത്തെ പോലെ സ്വർഗ്ഗത്തോളം ഉയരേണ്ട ഒരു വിശുദ്ധ നിയോഗം ഓരോ മനുഷ്യനും പേറുന്നുണ്ട്.
മംഗളവാർത്ത കാലിതൊഴുത്തിൽ അവസാനിച്ചില്ല. കാൽവരി വരെ നീണ്ടുനിന്ന മംഗളവാർത്തയാണ് അവളെ സ്വർഗ്ഗാരോപിതയാക്കിയത്. സ്വർഗ്ഗത്തിലേക്കുള്ള വഴി കുരിശിന്റ വഴിയാണെന്ന് പഠിപ്പിച്ചവളാണ് പരിശുദ്ധ അമ്മ. ‘അമ്മ’ അത്ഭുതം ആകുന്നത് കുരിശിന്റെ വഴികളിലാണ്… തന്റെ ഉദരത്തിൽ തുള്ളിക്കളിച്ച ആ കുഞ്ഞു പാദങ്ങൾ ഇന്ന് ആണികൾ ചേർത്ത് തറക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വന്നപ്പോൾ… ചുണ്ടിൽ ചെറുപുഞ്ചിരിയുമായി ഉറങ്ങുന്ന കുഞ്ഞ് ഈശോയുടെ ചുരുട്ടിപ്പിടിച്ച കുഞ്ഞു കരങ്ങൾ നിവർത്തി ഒരു ഉമ്മ സമ്മാനിച്ച അമ്മ അതേ കരങ്ങളിലേക്ക് ആണി തുളച്ചുകയറുന്നത് കണ്ടു നിൽക്കേണ്ടി വന്നപ്പോൾ… താൻ കുളിപ്പിച്ച് തോർത്തി എടുത്ത ആ കുഞ്ഞു ശിരസ്സിലേക്ക് മുൾക്കിരീടം ആർത്തിയോടെ ആഴ്ന്നിറങ്ങുന്നത് കണ്ടു നിൽക്കേണ്ടി വന്നപ്പോൾ… നെഞ്ചോട് ചേർത്ത് ഉറക്കിയ അതേ കുഞ്ഞ് ഇന്ന് കാൽവരിയിലെ മരക്കുരിശിന്റെ മാറിൽ അവസാന മിഴി പൂട്ടുന്നത് കണ്ടു നിൽക്കേണ്ടി വന്നപ്പോൾ…
മക്കളുടെ തോളിൽ ഒരു കുഞ്ഞ് ബാഗ് പോലും ഇട്ടുകൊടുക്കാതെ സ്കൂൾ ബസ്സ് വരെ അവരെ അനുയാത്ര ചെയ്യുന്ന അമ്മമാരുടെ നടുവിൽ മകന്റെ തോളിൽ മരക്കുരിശും വച്ച് പരിഭവമോ പരാതിയോ ഇല്ലാതെ കാൽവരി വരെ അവരെ അനുയാത്ര ചെയ്യുന്ന പരിശുദ്ധ അമ്മ ഒരു അത്ഭുതം ആകട്ടെ…
മക്കളുടെ വിരൽത്തുമ്പിൽ ഒരു ഒരു തുള്ളി രക്തം പൊടിഞ്ഞാൽ പോലും തലകറങ്ങുന്ന അമ്മമാരുടെ മുൻപിൽ ചുവന്ന കീറത്തുണി പോലെ മാംസക്കഷണങ്ങൾ തെറിച്ച് വീഴുമ്പോഴും മകനോടൊപ്പം ചുവടുവച്ച അമ്മ ഒരു അത്ഭുതം ആകട്ടെ…
കാനായിലെ കല്യാണ വിരുന്നിൽ മകന്റെ ആദ്യ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അമ്മ കാൽവരിയിലെ മരക്കുരിശിൽ അവന്റെ അവസാന അത്ഭുതവും പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല…
ദൈവഹിതത്തിനു മുമ്പിൽ തൊഴു കരങ്ങളോടെ നിറ നയനങ്ങളോടെ മകനെ വിട്ടുകൊടുത്ത് അവസാനതുള്ളി രക്തം വരെ അവന് കാവലിരുന്ന പരിശുദ്ധ അമ്മ എന്ന മഹാ വിസ്മയത്തെ നമുക്കു കൂട്ടുപിടിക്കാം…
നമ്മുടെ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയർന്നതിന്റേയും പരിശുദ്ധ അമ്മ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചതിന്റേയും ഓർമ്മകൾ കൂട്ടുള്ള സുന്ദരമായ ദിവസം പാപത്തിന്റെ അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വർഗ്ഗീയ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുവാനായിട്ടുള്ള കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ കരം നമ്മുടെ കൂടെ തന്നെ ഉണ്ടാകട്ടെ. കാരണം, അവൾക്ക് ഒന്നേ പറയാനുള്ളൂ…’അവൻ പറയുന്നതുപോലെ ചെയ്യുക’ (യോഹന്നാൻ 2: 5).