വടക്കന്‍പാട്ടുകളിലെ ഇതിഹാസപുരുഷനാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവര്‍. പുത്തരിയങ്കത്തിനുപോയ അദ്ദേഹം വിജയശ്രീലാളിതനായിത്തീര്‍ന്നെങ്കിലും ഉറ്റബന്ധുവും തോഴനുമായ ചന്തുവിന്‍റെ ചതിയില്‍പ്പെട്ടു കൊല്ലപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്‍റെ സഹോദരി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണിയില്‍ പ്രതികാരത്തിന്‍റെ പക പതഞ്ഞുപൊങ്ങുന്നു. ചന്തുവിന്‍റെ നേര്‍ക്കു നീങ്ങുന്ന മകനെ ഉണ്ണിയാര്‍ച്ച ‘ജയിച്ചുവാ’ എന്നു പറഞ്ഞ് അനുഗ്രഹിച്ചയയ്ക്കുന്നു. അവന്‍ ചതിയന്‍ ചന്തുവിന്‍റെ തലയെടുത്തുകൊണ്ടുവന്ന് അമ്മയ്ക്കു സമ്മാനിക്കുന്നു.
താന്‍ കേവലം പിഞ്ചുബാലികയായിരുന്ന കാലത്തു നടന്ന കൊലപാതകത്തിനു പകരം ചോദിക്കാനാണ് കാലാന്തരത്തില്‍ അവള്‍ മകനെ ആശീര്‍വദിച്ചയയ്ക്കുന്നത്. – ‘ജയിച്ചുവാ.” ഏതോ വലിയ തീരാക്കടം തീര്‍ത്തമട്ടിലാണ് ആരോമലുണ്ണിയുടെ പ്രത്യാഗമനവും. അതൊക്കെ വടക്കന്‍പാട്ടുകളിലെ വീരഗാഥകളാണെങ്കിലും ഒരു സംസ്കാരത്തിന്‍റെ ചിന്താഗതികളിലേക്കാണ് അതു വിരല്‍ ചൂണ്ടുക.
അമ്മാവനോടു ചെയ്തതിനു കൗമാരം കഴിയാത്ത ഉണ്ണിയുടെ ഇളംമനസ്സ് നീറിപ്പുകയുന്നതു മനസ്സിലാക്കാം. പക്ഷേ, അതിന് അമ്മയുടെ ആശിസ്സു കൂടെ ഒത്തുചേരുമ്പോള്‍, അത് അസ്സല്‍ വീരഗാഥയായി പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സംഗതികളുടെ ഗതിമാറുന്നു – അതൊരു കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനശൈലിയായിത്തീരുന്നു.
പൗരാണികകാലങ്ങളില്‍ കുലങ്ങളും കുടുംബക്കൂട്ടങ്ങളുമായിട്ടാണ് മനുഷ്യര്‍ കഴിഞ്ഞിരുന്നത്. ഒരു കുലത്തില്‍പ്പെട്ട ആരെയെങ്കിലും അടുത്തുകുലത്തില്‍പ്പെട്ട ഒരാള്‍ കൊലപ്പെടുത്തിയാല്‍ ആദ്യകുലം മുഴുവന്‍ ഇളകി കൊലയാളിയുടെ കുലം മുഴുവന്‍ ചുടലക്കളമാക്കുകയോ അവരെ അടിമകളാക്കി വില്ക്കുകയോ ചെയ്യുകയായിരുന്നു പതിവ്. എതിര്‍പക്ഷവും കാലാന്തരത്തില്‍ തിരിച്ചടിക്കും.
തമിഴ്പുലികള്‍ ശ്രീലങ്കയ്ക്കു മാത്രമല്ല ലോകത്തിനുതന്നെയും ഇന്നും ഒരു തലവേദനയല്ലേ? എവിടെയാണു തുടക്കം? ബഹുഭൂരിപക്ഷം വരുന്ന സിംഹളവംശജരില്‍നിന്ന് അടിമത്തവും അപമാനവും അനുഭവിക്കേണ്ടിവന്ന തമിഴ്ന്യൂനപക്ഷമാണ് പുലികളായി രൂപാന്തരപ്പെടുന്നത്-1980 കളിലെയും 90 കളിലെയും ചാവേറുകളായി മാറിയത്. സിംഹളഭൂരിപക്ഷം പ്രസിഡന്‍റ് രാജപാക്സയുടെ നേതൃത്വത്തില്‍ പിന്നെയും അവരെ അടിച്ചുതകര്‍ത്തു. സൂത്രധാരനായ പ്രഭാകരനെയും ആയിരമായിരം വരുന്ന അനുയായികലെയും പ്രഭാകരന്‍റെ ഓമനമകനെത്തന്നെയും തികച്ചും കിരാതമായ രീതിയില്‍ കുരുതി കഴിച്ചു.
പക്ഷേ, തങ്ങള്‍ നില്ക്കുന്നതു മണല്‍പ്പുറത്താണെന്ന് സിംഹളര്‍ അറിയുന്നില്ല. ഒരു നാള്‍ തമിഴ് ന്യൂനപക്ഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കും, പൂര്‍വ്വാധികം ശക്തിയോടെ.
എന്താണു കണ്ണൂര്‍ പരിസരങ്ങളില്‍ നടമാടുന്നത്? ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ അപരരെ നിര്‍ദ്ദയം വേട്ടയാടുന്നു. ഒത്തുകിട്ടുമ്പോള്‍ അപരര്‍ തിരിച്ചടിക്കുന്നു. തിരിച്ചടി പിന്നെയും തിരിച്ചടിയായി മാറുന്നു.
ഇതുതന്നെയല്ലേ മമ്പുറത്തെ (കോഴിക്കോട്) വിഷയവും? വിചാരണയും വിധിയും ഒന്നും സ്ഥിരപരിഹാരം കാണുന്നില്ല.
ഇനി അതേപടി പ്രതിയോഗിക്കുതന്നെ മടക്കിക്കൊടുക്കാന്‍ സാധ്യമല്ലെങ്കില്‍ വേറെ എവിടെയെങ്കിലും അതു ചെലവാക്കിയിരിക്കും. അച്ഛന്‍ അമ്മയെത്തല്ലി, അമ്മ എന്നെ തല്ലി, ഞാന്‍ പശുവിനെ തല്ലി എന്നു നാം കേട്ടിട്ടുണ്ടല്ലോ. ഓഫീസില്‍നിന്നു കിട്ടിയ അകാരണമായ ശകാരമായിരിക്കും അച്ഛന്‍ അമ്മയുടെ അടുത്തു ചെലവാക്കിയത്. തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമ്മ മകനിലേക്കു തിരിഞ്ഞു. മകന്‍ പശുവിലേക്കും പശു ഒരുപക്ഷേ, കിടാവിലേക്കും.
ഈ അടുത്തകാലംവരെ നമ്മുടെ പുരാതനകുടുംബങ്ങളില്‍ നടമാടിയിരുന്ന അമ്മായിയമ്മപ്പോരിന്‍റെ പശ്ചാത്തലവും ഇതൊക്കെത്തന്നെയാണ്. പുതുതായി കടന്നു വരുന്ന പെണ്‍കുട്ടി – തന്‍റെ ഓമന മകന്‍റെ പ്രിയപത്നി അവനെ കൈയിലെടുക്കുന്നത്, തന്‍റേതന്നെതായിരുന്നവയെല്ലാം തട്ടിയെടുക്കുന്നത് ഒരമ്മയ്ക്കും സഹിക്കാന്‍ സാധ്യമല്ല. അതിനൊക്കെ പുറമെയാണ് അവളുടെ അതേ പ്രായത്തില്‍ തന്നെ നിലംതൊടീക്കാതെ നിരന്തരം നൊമ്പരപ്പെടുത്തിയിരുന്ന അമ്മായിയമ്മയുടെ ഓര്‍മ്മ. എല്ലാറ്റിന്‍റെയും നഷ്ടപരിഹാരം പുതിയ ഇരയില്‍നിന്നു നേടിയെടുക്കാനായിരിക്കും മനസ്സ് വെമ്പല്‍ കൊള്ളുക.
ജനറല്‍ സൈക്കോളജി എന്ന ഗ്രന്ഥത്തില്‍ ജെ.പി. ഗ്വില്‍ഫോര്‍ഡ് എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ സൂചിപ്പിക്കുന്നതുപോലെ നിവൃത്തി ഉണ്ടെങ്കില്‍ ചേതം അതേ നാണയത്തില്‍ പ്രതിയോഗിയില്‍നിന്നുതന്നെ നേടിയെടുക്കാനായിരിക്കും മനസ്സിന്‍റെ നീക്കം. അതു നടക്കാതെ വരുമ്പോള്‍ മാത്രമാണ് മേല്പറഞ്ഞ മാര്‍ഗ്ഗങ്ങളിലേക്കു നീങ്ങുക.
പക്ഷേ, തിന്മയെ തിന്മകൊണ്ടു പരാജയപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ല. ഒരു പിശാചിനെ തോല്പിക്കാന്‍ വേറൊരു പിശാചിനെ കൂട്ടുപിടിച്ചാല്‍ എന്തുണ്ടാകും (മത്താ. 12:26)?
പുലികളടക്കം തമിഴരെ മുഴുവന്‍ കൊന്നൊടുക്കിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപാക്സയും കൂട്ടരും, കണ്ണൂരിലും മമ്പുറത്തും ഇപ്പോള്‍ ജയിച്ചു നില്ക്കുന്നവരും പ്രശ്നം ശാശ്വതമായി പരിഹരിച്ചോ?
കുടിപ്പക വീട്ടി ചന്തുവിന്‍റെ തല ആരോമലുണ്ണി അമ്മയ്ക്കു കാഴ്ചവച്ചപ്പോള്‍ പ്രശ്നം പരിഹൃതമായോ? ഇല്ല. ആരംഭിച്ചതേയുള്ളൂ. ചന്തുവിന്‍റെ മക്കളും മരുമക്കളും വെറുതെയിരിക്കുകയില്ല. അവരും അവസരം പാര്‍ത്തിരിക്കും. ആരോമലിന്‍റെ അനന്തിരവരും തിരിച്ചടിക്കും. ശ്രീലങ്കയിലും കണ്ണൂരിലും മമ്പുറത്തും അങ്ങനെതന്നെയായിരിക്കും നടക്കാന്‍ പോകുന്നത്.
ഇവിടെയാണ് തിരുത്തല്‍വാദിയായ യേശു എക്കാലവും പാലിക്കപ്പെടേണ്ട അലംഘനീയനിയമവുമായി രംഗത്തുവരുന്നത്. “കണ്ണിനു പകരം കണ്ണ്… എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനോട് എതിര്‍ത്തു നില്ക്കരുത്…” പാലിക്കാന്‍ ഏറ്റവും പ്രയാസമുള്ള നിയമമാണ് യേശു പഠിപ്പിച്ചത് – ശത്രുസ്നേഹത്തിന്‍റെ പുതിയ പ്രമാണം. യേശുവിന്‍റെ ആബ്ബാ അനുഭവമാണ് അതിന്‍റെ പിന്നില്‍ – ദുഷ്ടരെയും ശിഷ്ടരെയും ഒന്നുപോലെ കാണുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ അനുഭവം (മത്താ. 5:45).
ശത്രുസ്നേഹത്തിന്‍റെ അത്യുച്ചകോടിയില്‍ യേശു എത്തിച്ചേരുന്നതു കാല്‍വരിഗിരി മുകളില്‍ വച്ചാണ്. തന്നെ അടിച്ചവരെയും അധിക്ഷേപിച്ചവരെയും തറച്ചു തൂക്കിയവരെയും തൂക്കാന്‍ വിധിച്ചവരെയും ഒക്കെ സമര്‍പ്പിച്ചുകൊണ്ടാണ് ആ പ്രാര്‍ത്ഥന: “പിതാവേ, (ആബ്ബാ) ഇവരോടു ക്ഷമിക്കണമേ…”
യേശുവിനെ അനുകരിക്കുന്നവരും അനുസരിക്കുന്നവരും അനുധാവനം ചെയ്യുന്നവരും അവനോടൊപ്പം അത്യുന്നതന്‍റെ പുത്രന്മാരായിത്തീരുകയാണ്(ലൂക്കാ 6:35)- അതാണ് നമ്മെ സംബന്ധിച്ചുള്ള കരുണയുടെ ദൈവനിയോഗവും.
Prev Post
Next Post
- Facebook Comments
- Disqus Comments