നമ്മെ സ്നേഹിക്കുന്ന ഹൃദയം

ഫാ. ജോസഫ് നെച്ചിക്കാട്ട്

 

1673 ഡിസംബര്‍ 27 – വി.യോഹന്നാന്‍ ശ്ലീഹായുടെ തിരുനാള്‍ ദിവസം. അന്നാണ് പാര്‍ലെ മോണിയായിലെ (ഫ്രാന്‍സ്) കോണ്‍വെന്‍റ് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മാര്‍ഗരറ്റ് മേരി അലക്കോക്ക് എന്ന സന്യാസിനിക്ക് നമ്മുടെ കര്‍ത്താവു പ്രത്യക്ഷപ്പെടുന്നത്, ഉത്ഥിതനായവന്‍റെ രൂപത്തില്‍.
രക്തം വമിക്കുന്ന ഹൃദയം! അതില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന ജ്വാലകള്‍! ഒരു മുള്‍മുടി ആ ഹൃദയത്തെ ആവരണം ചെയ്തിട്ടുമുണ്ട് – നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രതിയോഗികള്‍ തിരുശിരസ്സില്‍ അടിച്ചിറക്കിയ അതേ മുടി. എല്ലാം നമ്മോടുള്ള ‘അളവുകളില്ലാത്ത’ അനന്ത സ്നേഹത്തിന്‍റെ അടയാളങ്ങള്‍.
“നിന്‍റെ ഹൃദയം എനിക്കു തരുക” – മാര്‍ഗരറ്റു മേരിയോടു കര്‍ത്താവു കല്പിച്ചു. അവള്‍ അത് ഉടനെ കര്‍ത്താവിനു കൊടുത്തു. അവിടുന്ന് അത് തന്‍റെ ഹൃദയത്തില്‍ നിന്നുയരുന്ന ജ്വാലയിലേയ്ക്ക് ഇട്ടു. അവിടെ കിടന്ന് അതു കത്തിയുരുകി.
സിസ്റ്റര്‍ ഫൗസ്റ്റീനായുടെ (1905-1938 പോളണ്ട്) ഹൃദയവും കര്‍ത്താവു വാങ്ങി തന്‍റെ കരുണാര്‍ദ്ര സ്നേഹത്തിന്‍റെ ജ്വാലയില്‍ ഇടുകയായിരുന്നു…
സീയെന്നായിലെ കത്രീനായ്ക്ക് (1347- 1380) കര്‍ത്താവു പ്രത്യക്ഷപ്പെടുന്നതും കത്തിജ്വലിക്കുന്ന ഒരു ഹൃദയവുമായിട്ടാണ്. അവിടുന്ന് അവളുടെ ഹൃദയം വാങ്ങി തന്‍റേതിനോടു ചേര്‍ത്തുവച്ചു. തന്‍റെ സ്നേഹത്തില്‍ ജ്വലിക്കുന്ന ഒരു പുതിയ ഹൃദയം അവള്‍ക്കു തിരികെ കൊടുത്തു. “ഞാന്‍ വന്നിരിക്കുന്നത് ഭൂമിയില്‍ തീ ഇടുവാനാണ്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍…” (ലൂക്കാ 12,48).
തിരുഹൃദയത്തോടുള്ള ഭക്തി വിശുദ്ധരുടെയൊന്നും ആവിഷ്ക്കാരമല്ല. അത് സഭയുടെ പഠനമാണ്. അതാണ് തങ്ങളുടെ ചാക്രികലേഖനങ്ങളില്‍ പതിമൂന്നാം ലിയോ മാര്‍പ്പാപ്പായും (Annum Sacrum 1899), പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പായും (Miserentissimus Redemptor,, 1928), പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പായും (Haurietis Aquas 1956) ഊന്നിപ്പറയുന്നത്. ആ ഭക്തിയെപ്പറ്റിയും തിരുഹൃദയത്തെപ്പറ്റിയും എത്രപറഞ്ഞാലും മതിയാവുകയില്ലത്രേ!
എന്താണു ഹൃദയം – തിരുഹൃദയം?
ഒരു മനുഷ്യവ്യക്തിയുടെ എല്ലാ വികാരങ്ങളുടേയും ഇരിപ്പിടമാണ് – മര്‍മ്മമാണ് ഹൃദയം. അത് എന്നും എക്കാലത്തും സ്നേഹത്തിന്‍റെ മറുനാമവുമാണ്. ഹൃദയമെന്നാല്‍ സ്നേഹമെന്നാണു വിവക്ഷ – യേശുവിന്‍റെതും അങ്ങനെതന്നെ.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കണം. തിരുവചനങ്ങള്‍ ഹൃദയത്തിലുണ്ടാവുകയും വേണം (നിയമ 6:5-6) എന്നല്ലേ ദൈവകല്പന?
വെറും ഭൗതികമായ മാംസമല്ല ഇവിടെ അര്‍ത്ഥമാക്കുക – അല്പം കൂടി ഉന്നതമാണത്. രണ്ടുകാര്യങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്:
ദൈവം സ്നേഹം തന്നെയാണ.് ” അതിരുകളില്ലാതെ” നമ്മെ സ്നേഹിക്കുന്ന ദൈവം തന്‍റെ അനന്തസ്നേഹത്തില്‍ നിന്നാണ് നമ്മെ ഉരുവാക്കിയത്.
തിരുഹൃദയം തികഞ്ഞ മാനുഷിക ഭാവങ്ങളോടെ നമ്മെ സ്നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. നമ്മുടെ മാനുഷിക വികാരവിചാരങ്ങളില്‍ ആ ഹൃദയം പൂര്‍ണമായും പങ്കുകൊള്ളുന്നുണ്ട്. ലാസറിന്‍റെ കുഴിമാടത്തില്‍വച്ചു കണ്ണീര്‍ പൊഴിക്കുന്ന കര്‍ത്താവ് അതാണ് നമുക്കു വ്യക്തമാക്കിത്തരുക.
ഇനി ഒരു ചിന്താവിഷയം: ആ ഹൃദയം തന്നെയാണോ നിത്യവും ബലിയര്‍പ്പണവേളകളില്‍ വി.കുര്‍ബാനയായി സ്വീകരിക്കപ്പെടുന്നത്: നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന ഹൃദയം? ആണെന്നു തോന്നും ചില സംഭവങ്ങള്‍ അപഗ്രഥിച്ചു പഠിച്ചുനോക്കുമ്പോള്‍!
ചരിത്രത്തിലാദ്യമായി അത്തരമൊരു സംഭവം എ.ഡി.700 നടുത്ത് ഇറ്റലിയിലെ ലാഞ്ചിയാനോ ടൗണിലുള്ള വി.ലോംജിനോസിന്‍റെ ദൈവാലയത്തില്‍ വച്ചായിരുന്നു. ബലിയര്‍പ്പണവേളയില്‍ തിരുവോസ്തി അസ്സല്‍ മാംസമായി മാറി! ആ മാംസഭാഗം അനേകം വിദഗ്ധരുടെ പ്രത്യേകിച്ചും Dr. Odoardo Linoli തുടങ്ങിയവരുടെ പഠന വിഷയമായിട്ടുണ്ട്. അവരുടെയൊക്കെ റിപ്പോര്‍ട്ട് അത് ഒരു ഹൃദയത്തിന്‍റെ പേശീശകലം ആണെന്നാണ്!
1996 ഓഗസ്റ്റ് 18-ാം തീയതി ബ്യൂണസ് അയേഴ്സിലെ (അര്‍ജന്‍റീനാ) ഒരു കത്തോലിക്കാ ദൈവാലയത്തില്‍ ഇതുപോലൊരു സംഭവമുണ്ടായതിന് കാര്‍ഡിനല്‍ ബര്‍ഗോളിയോ (ഫ്രാന്‍സീസ് മാര്‍പ്പാപ്പ) വരെ സാക്ഷിയാണ്. തുടര്‍ന്നുള്ള ശാസ്ത്രീയ പഠനങ്ങളില്‍നിന്നു വ്യക്തമായത് അത് ഹൃദയത്തിന്‍റെ കീഴറയിലെ വാല്‍വിനടുത്തുള്ള ഒരു ഭാഗം ആണെന്നാണ്. ഒത്തിരിയേറെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന അതേസമയം ജീവിക്കുന്ന ഒരു വ്യക്തിയുടെ ഹൃദയപേശി!
കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പോളണ്ടില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയും കാണപ്പെട്ടത് ജീവനുള്ള ഹൃദയത്തിന്‍റെ ഭാഗങ്ങളാണ്!
അപ്പോള്‍ വീണ്ടും ചോദ്യമുയരുന്നു: യേശു വിഭജിച്ചു നല്കിയ ആ ശരീരം സ്വന്തം ഹൃദയത്തിന്‍റേതായിരുന്നുവോ? അതുതന്നെയാണല്ലോ അനുദിന ബലികളില്‍ നാം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെയെങ്കില്‍, അന്ന് കാല്‍വരിയില്‍ വച്ച് ആ ഹൃദയം ശരിക്കും വിഭജിക്കപ്പെട്ടിരുന്നുവോ? “വിഭജിക്കപ്പെട്ടു” എന്നു തന്നെയല്ലേ യേശു പറഞ്ഞത്?
പടയാളികളിലൊരുവന്‍ സാവകാശം ആ കുറ്റവാളിയുടെ അടുത്തുചെന്ന് തന്‍റെ പൊട്ടക്കുന്തം അവന്‍റെ മാര്‍വിടത്തിനുള്ളിലേക്ക് തള്ളിക്കയറ്റി. കൊടുംകുറ്റവാളികള്‍ക്ക് ഹൃദയം എന്ന ഒന്നുണ്ടാകുമോ? അതറിയുവാനെന്നോണം അയാള്‍ ആ മാര്‍വ്വിടത്തിലെ മുറിവിനുള്ളിലേക്ക് സൂക്ഷിച്ചുനോക്കി (യോഹ 19:34; സഖ. 12:10) ഉണ്ട്. അവിടൊരു ഹൃദയമുണ്ട്. അതാ, കുന്തം അതിന്‍റെ മറുപുറവും കടന്നുപോയി! അതു ശരിക്കും പിളര്‍ന്നിട്ടുമുണ്ട്.
അതാ, പിളര്‍ന്ന (വിഭജിക്കപ്പെട്ട) ഹൃദയത്തിന്‍റെ അടിയിലൂടെ ഇത്തിരി ജലവും അതോടുചേര്‍ന്ന് പിണര്‍ത്ത രക്തശകലങ്ങളും ഒലിച്ചുവരുന്നു. അതിരുകളില്ലാത്ത” ശാശ്വത സ്നേഹത്തിന്‍റെ അടയാളം.
ആ മുറിവില്‍നിന്ന് ഇപ്പോഴും ജലം ഇറ്റിറ്റ് താഴേയ്ക്കു വീഴുന്നുണ്ട്. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അടുത്തുചെന്ന് കണ്ണുകളുയര്‍ത്തി ആ മുറിവിലേക്കുതന്നെ നോക്കി നില്ക്കുന്നവരുടെ നയനങ്ങള്‍ നിറയുന്നത്?
ആ മുറിവ് അനേകരെ ആകര്‍ഷിച്ചിട്ടുണ്ട്. കവികളെ വികാരഭരിതരാക്കിയിട്ടുണ്ട്. അവരുടെ ഈരടികള്‍ക്കു കലയും കാവ്യഭംഗിയും പകര്‍ന്നു കൊടുത്തിട്ടുമുണ്ട്.
യുഗങ്ങളുടെ ശില എനിക്കു തണലാകട്ടെ, അതില്‍ നിന്നു പുറപ്പെടുന്ന ജലരക്തങ്ങള്‍, ചെയ്തുപോയ പാപത്തിനു പൊറുതിയും ചെയ്യാതിരിക്കുവാനുള്ള കൃപയും പ്രദാനം ചെയ്യട്ടെ.
Rock of ages cleft for me,
Let me hide myself in thee
Let the water and the blood
from Thy riven side which flowed
Be of sin, the double cure
Clense me from its guilt and power
(Augustus M.Toplady, Rock of Ages)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy