പരിശുദ്ധ അമ്മ: ഒരു സ്ത്രീപക്ഷ വായന

സുനിഷ നടവയൽ

മെൽഗിബ്‌സന്റെ ( Mel Gibson )  ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ് ‘ (The Passion of The Christ ) എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഏവർക്കും പരിചിതമെങ്കിലും അല്പം കൂടി പരിശുദ്ധ മറിയമെന്ന മറുവശത്തെ കാണിച്ചു തരുന്ന ഒരു രംഗം. പീലാത്തോസിന്റെ കൊട്ടാരത്തിൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം കൽത്തുറുങ്കിലടയ്ക്കപ്പെടുകയാണ് യേശു. ചമ്മട്ടികൾ കൊണ്ട് അടിയ്ക്കപ്പെട്ട് അങ്ങേയറ്റം അപമാനിതനും പരിഹാസ്യനുമായിത്തീർന്നവൻ. മണ്ണിനടിയിലെ ഇടുങ്ങിയ കൽത്തുറുങ്കിൽ കൈകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ട് ഒരു രാത്രിമുഴുവൻ അവിടെ കഴിയുവാൻ വിധിക്കപ്പെടുകയാണ്. തന്റെ കൂടെ നടന്നിരുന്നവരൊക്കെ എവിടെയൊക്കെയോ പോയി ഒളിക്കുന്നുണ്ടെങ്കിലും യേശുവിന്റെ അമ്മ മാത്രം എവിടെയും പോകുന്നില്ല. യേശുവിനെ തുറുങ്കിലടയ്ക്കപ്പെട്ടുവെന്നറിയുന്ന മേരി, തന്റെ മകൻ നിൽക്കുന്ന കൽത്തുറുങ്കിന്റെ മുകളിലുള്ള കൽപ്പലകകളിൽ ചെവിയോർത്തു കിടക്കുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും അപാരത തെളിഞ്ഞു നിൽക്കുന്ന ഒരു രംഗം! തന്റെ അമ്മ മുകളിൽ വന്നു ചെവിയോർക്കുന്നത് മകൻ അറിയുന്നുണ്ട്. നിശബ്ദതയിൽ യേശു പതിയെ മുകളിലേക്ക് നോക്കിയതിനു ശേഷം ഒന്നും ഉരിയാടാതെ താഴേക്ക് തലകുനിക്കുന്ന ഹൃദയമുരുക്കുന്ന രംഗം. ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഇരുവരും ഒന്നും സംസാരിക്കുന്നില്ലെന്നുള്ളതാണ്. ഒരമ്മയുടെ നെഞ്ച് പിളർക്കുന്ന വേദന മേരിയുടെ മുഖത്തുണ്ട്, പക്ഷെ അവൾ ഒന്നും സംസാരിക്കുന്നില്ല. , ഒന്ന് വിതുമ്പുകപോലും ചെയ്യുന്നില്ല. അത്രയ്ക്കും നിശ്ശബ്ദയാണവൾ. ഏതു സ്ത്രീക്ക് സാധിക്കും ഇത്തരമൊരു സന്ദർഭത്തിൽ മുറവിളി കൂട്ടാതെ, തളരാതെ ഇതുപോലെ കൽത്തുറുങ്കിന്റെ മുകളിൽ വന്നു ചെവിയോർത്തു നിൽക്കുവാൻ…നിശബ്ദതയിൽ തന്റെ മകന്റെ ശ്വാസോച്ഛാസത്തിന്റെ ശബ്ദത്തിനായി ധ്യാനിച്ചവൾ..
മേരിയെ സംബന്ധിച്ചിടത്തോളം ഉള്ളിന്റെ ഉരുകൽ ആദ്യമായി ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവെച്ച അന്നുമുതൽ തുടങ്ങിയതാണ്. “നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും”(ലൂക്ക 2  : 35  ) എന്ന ശിമെയോന്റെ പ്രവചനം കേട്ട അന്നുമുതൽ. പക്ഷെ അവൾ എവിടെയും പതറുന്നില്ല. അതുകൊണ്ടുതന്നെയാകണം പരിശുദ്ധ അമ്മയെ ലോകം കണ്ടതിൽ വെച്ചു ഏറ്റവും ശക്തയായ സ്‌ത്രീയെന്നു വിശേഷിപ്പിക്കുന്നതും. ജീവിതത്തിൽ ഇത്രയധികം മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു സ്ത്രീയെ ചരിത്രത്താളുകളിൽ കാണുന്നില്ല. കാലിത്തൊഴുത്തിൽ പ്രസവിക്കേണ്ടിവന്നപ്പോളും പന്ത്രണ്ടാം വയസ്സിൽ പുത്രനെ കാണാതെ പോയപ്പോളും ഒരേയൊരു മകൻ കൊടിയ പീഡകൾ സഹിച്ചു യഹൂദർ കരുതുന്നതുപോലെ ഏറ്റവും മോശപ്പെട്ട  കുരിശുമരണം പുല്കിയപ്പോളും അവയ്‌ക്കെല്ലാത്തിനും ദൃക്‌സാ‌ക്ഷിയാകേണ്ടി വന്ന അമ്മ! അവൾ എവിടെയും തളർന്നു വീഴുന്നില്ല. പുറമെ കരയുന്നില്ല. ആരോടും പരാതി പറയുന്നില്ല. എല്ലാം നിശ്ശബ്ദം സഹിക്കുന്നു. പക്ഷെ, ‘ സഹനം ‘ എന്ന വാക്കിനേക്കാളുപരി അമ്മയ്ക്ക് ചേരുന്നത് മൗനങ്ങളിലൂടെ മാതൃകയായി ധ്യാനിച്ച, പ്രാർത്ഥിച്ച അമ്മയെന്നാണ്. കാരണം ഇത്രയധികം സമ്മര്ദങ്ങളിലൂടെ ഇങ്ങനെ കടന്നുപോകണമെങ്കിൽ തീരെ ചെറിയ പ്രാർത്ഥനയൊന്നും പോരാ… കുറച്ചുമാത്രം ധ്യാനം പോരാ ജീവിതത്തിൽ… അതിനൊക്കെ ഒരു സ്ത്രീയ്ക്ക് സാധിക്കും, ഒരു അമ്മയ്ക്ക് സാധിക്കും എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയാണിവിടെ പരിശുദ്ധ അമ്മ.
യേശുവിന്റെ ജീവിതത്തിലുടനീളം പരി. അമ്മയുടെ സാന്നിധ്യം പ്രകടമാകുന്നുണ്ട്. ഒരു വ്യക്തിയുടെ എല്ലാവിധത്തിലുമുള്ള രൂപീകരണത്തിൽ അമ്മയുടെ പ്രാധാന്യം എത്ര വലുതാണെന്ന് അമലോത്ഭവയായ മറിയത്തെ ദൈവം തിരഞ്ഞെടുക്കുന്നതിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. മുപ്പത് വയസ്സുവരെ ‘തച്ചന്റെ മകന്’ ഏറ്റവും അടുപ്പം സ്വന്തം അമ്മയോട് തന്നെ ആയിരുന്നിരിക്കണം. അവൾ തന്നെ ആയിരുന്നിരിക്കണം യേശുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും. നീണ്ട മുപ്പതുവര്ഷത്തെ തന്റെ അമ്മയോടൊപ്പമുള്ള ജീവിതം യേശുവിനു വരാൻ പോകുന്ന മൂന്നു വര്ഷങ്ങളിലേക്കുള്ള വലിയ ഒരുക്കങ്ങൾ കൂടിയായിരുന്നു. തന്റെ കൂട്ടുകാരിയുടെ ഒപ്പമുള്ള വലിയ ധ്യാനത്തിന്റെ ഒരുക്കം. ഈയൊരു സ്ത്രീ കൂട്ടുകാരിയായതുകൊണ്ടായിരിക്കണം അങ്ങേയറ്റം അനുകമ്പയോടും മാന്യതയുടെയും യേശുവിനു മറ്റുള്ളവരോട്, പ്രത്യേകിച്ച്, സ്ത്രീകളോട്  പെരുമാറുവാൻ കഴിഞ്ഞതും. ‘ വീഞ്ഞ് തീർന്നു പോയെന്നു’ മകനോട് ആ അമ്മ പറയുന്നുണ്ടെങ്കിൽ അതിഥികളുടെ മുൻപിൽ ആതിഥേയർ അപമാനിതരാകുമെന്നതിനെക്കുറിച്ചു ആ അമ്മയ്ക്ക് സങ്കല്പിക്കുവാൻ പോലും സാധിച്ചിട്ടുണ്ടായിരുന്നില്ലായിരിക്കണം.  അത്രമാത്രം അലിവുള്ള ഒരു അമ്മയുടെ മകന് സ്ത്രീകളെ എന്നുമാത്രമല്ല എല്ലാവരെയും ബഹുമാനത്തോടെയല്ലാതെ മറ്റെങ്ങനെ കാണുവാൻ സാധിക്കും? പാപിനിയായ സ്ത്രീയും, മാർത്തായും മറിയവും, രക്ത സ്രാവക്കാരി സ്ത്രീയും, മഗ്ദാലക്കാരി മറിയവുമൊക്കെ അവിടുന്ന് സ്നേഹിക്കുകയും ബഹുമാനിക്കുകയും സുഖപ്പെടുത്തുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമൊക്കെ ചെയ്ത സ്ത്രീകളിൽ ഉൾപ്പെടുന്നവരാണ്. ഇന്നത്തെ അമ്മമാരും തങ്ങളുടെ മക്കളെ ഇതര ലിംഗത്തിൽ പെടുന്നവരെ ( opposite sex ) ബഹുമാനിക്കുവാൻ പഠിപ്പിക്കണം. വര്ഷങ്ങള്ക്കുമുന്നെ പരിശുദ്ധ ‘അമ്മ കാണിച്ചു തന്ന ഒരു വലിയ മാതൃക. കാലമെത്ര മാറിയാലും ഏറ്റവും പ്രസക്തവും അനിവാര്യവുമായ ഒരു നല്ല മാതൃക.
  ജീവിതത്തിലെ ഏതു തുറയിലും ഒരു രണ്ടാം തരക്കാർ ( Second Sex ) എന്ന തരം തിരിവ് സ്ത്രീകൾ പൊതുവെ നേരിടേണ്ടി വരാറുണ്ട്. പക്ഷെ സ്ത്രീയ്ക്ക് ഉള്ളത്ര ശക്തി മറ്റാർക്ക് ഉണ്ടെന്നു ജീവിത യാത്രയിലെ അനുഭവങ്ങൾക്കൊണ്ട് പരി.അമ്മ  കാണിച്ചു തരുന്നു. കുരിശിൽ കിടന്ന യേശുവിന്റെ ശരീരം പരി.അമ്മയുടെ മടിയിൽ കിടത്തുന്നുണ്ട്. കാൽവരിയിൽ രക്തം ചിന്തിമരിച്ച സ്വന്തം മകന്റെ ശരീരം മടിത്തട്ടിൽ ചേർത്തുപിടിക്കുവാനുള്ളത്ര ശക്തി കന്യകാ മറിയം കാണിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ചപലതയ്ക്കു തുല്യം സ്ത്രീയെന്ന സമവാക്യം സാഹിത്യങ്ങളിൽ മാത്രം ഒതുക്കപ്പെടേണ്ട ഒന്ന് മാത്രമാണ്.പിന്നീട് സെഹിയോൻ മാളികയിൽ പേടിച്ചരണ്ട ശിഷ്യന്മ്മാർക്ക് ധൈര്യം പകർന്നു പ്രാർത്ഥനയായി പരിശുദ്ധത്മാവിനെ നേടുവാനും സുവിശേഷ പ്രഘോഷണത്തിനു അവരെ സജ്ജരാക്കിയതിനു നേതൃത്വം കൊടുക്കുന്നതുമെല്ലാം അമ്മ തന്നെയാണ്. ഇതിനൊന്നും ചെറിയ കരുത്തൊന്നുമല്ല വേണ്ടത്. അതിനെ മനസ്സുറപ്പിന്റെ കാഠിന്യം എന്നും അല്ല വിശേഷിപ്പിക്കേണ്ടത്; മറിച്ച്, പ്രാര്ഥനയിലൂന്നിയ, ധ്യാനത്തിലൂന്നിയ മനസ്സിന്റെ അപാരമായ വിശ്വാസമെന്നാണ് പറയേണ്ടത്. ആ വിശ്വാസമില്ലെങ്കിൽ സ്ത്രീയ്ക്കെന്നല്ല പുരുഷനും ഇതൊന്നും അഭിമുഖീകരിക്കുവാൻ സാധ്യമല്ല.
പരിശുദ്ധ അമ്മ കാണിച്ചു തരുന്ന മറ്റൊരു മാതൃകയാണ് സംസാരവും മൗനവും എങ്ങനെ ജീവിതത്തെ സന്തുലനം ചെയ്യുന്നുവെന്ന്. എല്ലാത്തിനും മൗനം അവലംബിച്ചവളല്ല അമ്മ. ഗബ്രിയേൽ ദൂതൻ വന്നു മംഗള വാർത്ത അറിയിക്കുമ്പോൾ അവൾ മറു ചോദ്യം ചോദിക്കുന്നുണ്ട്, ‘ ഇതെങ്ങനെ സംഭവിക്കും, ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?’ (ലൂക്ക 1 : 34  ) എന്ന്. ദേവാലയത്തിൽ വെച്ച് ‘നീ എന്തിനു ഞങ്ങളെ വിഷമിപ്പിക്കുന്നു ‘ എന്ന് ….അങ്ങനെ വളരെ ന്യായമായ (reasonable ) , ഉചിതമായ(apt ) ചില സംസാരങ്ങൾ. പക്ഷെ മൗനിയായിരിക്കുന്നതും ഇതേ മേരി തന്നെ. യേശു കുരിശും വഹിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ അമ്മയും മകനും കണ്ടുമുട്ടുന്നുണ്ട്. അവർ പരസ്പരം കാണുന്നുണ്ടെങ്കിലും ഒന്നും സംസാരിക്കുന്നില്ല. ഹൃദയം കൊണ്ട് പരസ്പരം ആശ്വസിപ്പിക്കുകയായിരുന്നിരിക്കണം. വാക്കുകൾ അപ്രസക്തമായിപ്പോകുന്ന ഒരു സന്ദർഭം. ജീവിതത്തിലെ ദുഃഖ ദുരിതങ്ങളിൽ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ദൈവത്തിങ്കലേക്കു കണ്ണുകളുയർത്തി അവിടുത്തേക്ക് എല്ലാം ഭരമേല്പിച്ചുകൊണ്ട് അവയെ നേരിടുന്നതിന് പരി.മറിയം  നമുക്ക് നൽകിയ മാതൃക പിന്തുടരാവുന്നതാണ്. ആവശ്യമുള്ളിടത് സംസാരിച്ചുകൊണ്ട് വളരെ യുക്തിയുള്ള (logical ) ഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോളാണ് നാം ബഹുമാനത്തിനു അർഹരാകുന്നതും.
പരിശുദ്ധ അമ്മയോടുള്ള ഭക്തിക്ക്  തിരുസഭ വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.അമ്മയെ കൂടാതെ നമ്മുടെ വിശ്വാസ സത്യങ്ങളൊന്നും പൂര്ണമാകുന്നില്ല. കാരണം, പിതാവും പുത്രനും സഹായകനും ഒന്നിക്കുന്ന ആ വലിയ സത്യത്തെ വിളക്കിച്ചേർക്കുന്ന കണ്ണിയാണ് പരിശുദ്ധ അമ്മ. അതുകൊണ്ടു തന്നെ അമ്മയ്ക്കുള്ള വണക്കവും ഭക്തിയും സഭ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. അതുകൊണ്ടു തന്നെയാകണം ദൈവ ശാസ്ത്രത്തിൽ (Theology )മാതാവിനെക്കുറിച്ച് പ്രത്യേകമാം വിധം ശാസ്ത്രീയമായി പഠിക്കുന്ന മരിയോളജി (Mariology )  എന്നശാസ്ത്രശാഖാ പോലുമുള്ളത്. ഒരു സ്ത്രീയെക്കുറിച്ചുപോലും ഇത്ര പ്രത്യേകമാം വിധം പഠനം നടത്തുവാൻ ദൈവ ശാസ്ത്രത്തിൽ  മറ്റൊരു  ശാഖയും നിലവിൽ ഇല്ല. അപ്പോൾ തന്നെ മനസ്സിലാക്കാം ഒരു സ്ത്രീ  എന്ന നിലയിൽ പരി. അമ്മ നൽകിയ വലിയ ജീവിത സന്ദേശങ്ങളുടെ ആഴമെത്രയെന്നു !
നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം എത്രമാത്രമുണ്ടെന്നു വിവരിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും വീണ്ടും പാഷൻ ഓഫ് ദി ക്രൈസ്റ്റ് ലേക്ക് ഒന്ന് തിരികെ പോകാം. കുരിശുമായി യേശു വീണുപോകുന്ന ഒരു രംഗമുണ്ട്. അമ്മ മറിയത്തിന്റെ മനസ്സിൽ പെട്ടന്ന് കുഞ്ഞു നാളിലെ ഒരു സംഭവം മിന്നിമറയുകയാണ്. കൽപ്പടവുകൾ കയറിപ്പോകുന്ന കുഞ്ഞു യേശു വീഴുകയാണ്. പാചകം ചെയ്തുകൊണ്ട് നിൽക്കുന്ന ‘അമ്മ പെട്ടന്ന് മകന്റെ അടുക്കൽ ഓടിയെത്തുകയും വാരിപ്പുണർന്നുകൊണ്ട് പറയുകയാണ് ‘ I am here ‘- ‘ഞാൻ ഇവിടെയുണ്ട് ‘ എന്ന്. ഒരു കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം. ഉറപ്പ്. സ്വന്തം അമ്മ അരികിലുണ്ടെന്നുള്ളത്.  അതുതന്നെയാണ് പിന്നീടും യേശു വളർന്നുകഴിഞ്ഞിട്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്. കുരിശുമായി വീഴുവാൻ പോകുന്ന മകനോട് അമ്മ വേദനയോടെ പറയുകയാണ് ‘ഞാൻ ഇവിടെയുണ്ട്’ എന്ന്. എത്ര വലിയ ആശ്വസിപ്പിക്കലാണത്. ഈ ഒരു വിശ്വാസമാണ് നമുക്കാവശ്യം. ജീവിതത്തിൽ കുരിശുമായി പലപ്പോളും  വീണുപോകുമ്പോൾ  അരികിൽ അമ്മ ഉണ്ടെന്ന വലിയ വിശ്വാസം. അതിനുവേണ്ടിയാണ് നാം അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കേണ്ടത്. ജപമാല കൈകളിലേന്തി ‘എപ്പോളും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ ‘ എന്ന് പ്രാർത്ഥിക്കുമ്പോൾ നമുക്കായി പക്ഷം പിടിക്കുന്ന നല്ല അമ്മ നമ്മുടെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം. ആ വിശ്വാസത്തിനെയാണ് ക്രൈസ്തവർ ഏത് പ്രതിസന്ധിയിലും  മുറുകെ പിടിക്കേണ്ടത്. അമ്മയുടെ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളിൽ എന്നുമുണ്ടാകുവാനായി ഈ സ്വർഗ്ഗാരോഹണ തിരുനാളിൽ പ്രത്യേകം പ്രാർത്ഥിക്കാം. തിരുനാൾ മംഗളങ്ങൾ.
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy