തലയോട് കണ്ടിട്ടുണ്ടോ?
ഞാൻ കണ്ടിട്ടുണ്ട്.
കുഞ്ഞുനാളിലാണ് ആദ്യമായി
കാണുന്നത്.
ഇടവക സെമിത്തേരിയിലെ കിണറ്റിൽ.
അതിലേക്ക് എത്തി നോക്കിയാൽ
എല്ലുകളും തലയോടുകളും ദൃശ്യമായിരുന്നു.
അങ്ങനെയൊരു തലയോട് സമ്മാനമായ് ലഭിച്ചാൽ എന്തായിരിക്കും നിങ്ങളുടെ മനോഭാവം?
അച്ചനിതെന്തുപറ്റി എന്നായിരിക്കും
നിങ്ങൾ ചിന്തിക്കുന്നത് ?
മുഴുവനും വായിച്ചു കഴിയുമ്പോൾ
നിങ്ങൾക്ക് മനസിലാകും.
തലയോട് നോക്കി ധ്യാനിച്ച
ഏതെങ്കിലും വ്യക്തിയെ
നിങ്ങൾക്കറിയാമോ?
അങ്ങനെ പലരുമുണ്ടായിരുന്നു
സഭാ ചരിത്രത്തിൽ.
അവരിൽ പ്രധാനിയാണ്
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന,
താപസനും സഭാപിതാവുമായ വി.ജെറോം.
അദ്ദേഹമാണ് ബൈബിൾ ഭൂരിഭാഗവും ലത്തീനിലേക്ക് വിവർത്തനം ചെയ്തത്.
17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരനായിരുന്ന കരവാജ്യോ, തലയോടുമായ് ഇരിക്കുന്ന വി.ജെറോമിൻ്റെ അതി മനോഹരമായ ചിത്രം വരച്ചിട്ടുണ്ട്. ഗൂഗിൾ നോക്കിയാൽ കാണാനാകും.
https://en.wikipedia.org/wiki/Saint_Jerome_Writing
നമ്മുടെ കേരളത്തിലുമുണ്ടായിരുന്നു
തലയോട് നോക്കി ധ്യാനിച്ചിരുന്ന വ്യക്തി.
തൃശൂർ അതിരൂപതയിലെ
ക്ലാരമഠങ്ങളുടെ സ്ഥാപകയായ ക്ലാരമ്മ.
വലിയൊരു സത്യത്തെ ധ്യാനിച്ച്
ജീവിതം നയിക്കാനാണ്
ഇവരെല്ലാം തലയോട്
സൂക്ഷിച്ചിരുന്നത്.
അത് മറ്റൊന്നുമല്ല ഈ ജീവിതം
എപ്പോൾ വേണമെങ്കിലും
നഷ്ടമാകാം എന്ന യാഥാർത്ഥ്യം.
ക്രിസ്തു പറയുന്നുണ്ട്:
“അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും
മറ്റെയാള്‍ അവശേഷിക്കും.
രണ്ടു സ്‌ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും.
ഒരുവള്‍ എടുക്കപ്പെടും,
മറ്റവള്‍ അവശേഷിക്കും.
നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം
വരുമെന്ന് അറിയാത്തതുകൊണ്ട്
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ ”
(മത്താ 24 :40-42).
മരണത്തിന് സമയവും കാലവുമൊന്നുമില്ല. ഈ ബോധ്യത്തിൽ ജീവിതം
നയിക്കാനായാൽ എത്രയോ നല്ലത്.
നന്മകൾ ചെയ്യാൻ
നമുക്കെല്ലാം
ദൈവം ആയുസ് നീട്ടി തരട്ടെ!