വല്ലാത്തൊരു മാനസിക
സമ്മർദ്ദത്തിലായിരുന്നു അവൾ.
എന്തു ചെയ്യണമെന്നറിയില്ല.
തൊലിയുരിഞ്ഞു പോകുന്ന അവസ്ഥ.
കാര്യം എന്താണെന്നായിരിക്കും
നിങ്ങൾ ചിന്തിക്കുന്നത്. പറയാം.
അവൾക്കൊരു പ്രേമമുണ്ടായിരുന്നു.
എന്നാൽ, അവൾ പ്രേമിച്ചിരുന്ന യുവാവിന്
മറ്റ് പലരുമായി ബന്ധമുണ്ടെന്നും
അവൻ്റെ ഉദ്ദേശം വേറെയാണെന്നും തിരിച്ചറിയാൻ വൈകിപ്പോയി.
പ്രേമബന്ധത്തിൽ നിന്നും
പിന്മാറാൻ ശ്രമിച്ച അവളെ,
കൈവശമുള്ള കുറച്ച് ഫോട്ടോകൾ കാണിച്ച് അവൻ അപായപ്പെടുത്തി.
തീർത്തും അശ്ലീലമായ രീതിയിൽ
മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടപ്പോൾ, അവൾക്കു പേടിയായി.
” അച്ചാ, ആ ചിത്രങ്ങൾ അവൻ
ആർക്കെങ്കിലും അയച്ചുകൊടുത്താൽ
ജീവിച്ചിരുന്നിട്ടെന്തു കാര്യം?
വീട്ടിലറിഞ്ഞാൽ എന്നെ കൊന്നുകളയും.
എങ്ങനെയെങ്കിലും സഹായിക്കണം.”
ഞാനവളോടു പറഞ്ഞു:
എന്തായാലും ഇവിടെ വന്നില്ലേ.
ശാന്തമാകൂ….
എല്ലാത്തിനും പോംവഴിയുണ്ട്.
ദൈവം സഹായിക്കും.
എൻ്റെ നിർദേശപ്രകാരം
അവൾ വീട്ടിലേക്ക് ഫോൺ വിളിച്ചു.
അവളുടെ വാക്കുകളിലെ പരിഭ്രമം കൊണ്ടാവാം,
എത്താവുന്നതിൻ്റെ
പരമാവധി വേഗത്തിൽ
മാതാപിതാക്കൾ എത്തിച്ചേർന്നു.
മാതാപിതാക്കളോട്
കാര്യങ്ങൾ വിവരിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
അപ്പൻ പറഞ്ഞു:
“സംഭവിച്ച കാര്യങ്ങളോർത്ത്
വല്ലാത്ത വിഷമമുണ്ടച്ചാ.
എന്തായാലും വലിയ തെറ്റിലേക്ക് പോകുന്നതിനു മുമ്പ്,
ഞങ്ങളുടെ മകളെ
തിരിച്ചു ലഭിച്ചില്ലേ…
ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?”
നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞ്
അവരെ കൂട്ടി ചാപ്പലിലെത്തി.
ദിവുകാരുണ്യം എഴുന്നെള്ളിച്ചുവച്ച്
ഞങ്ങൾ പ്രാർത്ഥന തുടങ്ങി.
ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ
എനിക്ക് ലഭിച്ച ബോധ്യമനുസരിച്ച്
ഞാനവരെ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.
അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ,
പോലീസ് ആ യുവാവിനെ വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു.
പിന്നീട് ആ യുവാവിൽ നിന്നും യാതൊരു ശല്യവും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണറിവ്.
അന്നു ഞങ്ങൾ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ച ഒരു വിശുദ്ധനെ
പരിചയപ്പെടുത്താം.
ക്രിസ്തു തിരഞ്ഞെടുത്ത
12 പേരിൽ ഒരുവനായ
നഥാനയേൽ എന്നറിയപ്പെടുന്ന ബർത്തലോമിയോ ആണത്
(Ref ലൂക്ക 6:12-19).
അദ്ദേഹം രക്തസാക്ഷിത്വം
വരിച്ചത് എങ്ങനെയാണെന്നറിയാമോ?
ശത്രുക്കൾ വിശുദ്ധനെ ബന്ധിച്ച്
ജീവനോടെ തൊലിയുരിഞ്ഞ് മാറ്റി.
എന്നിട്ടും പ്രാണനുണ്ടെന്നറിഞ്ഞപ്പോൾ ശിരസറുത്തു…..
അതിക്രൂരമായ നരഹത്യ!
സ്വന്തം തോലുരിഞ്ഞ് കരങ്ങളിൽ വഹിച്ച്, ദൈവത്തിന് സമ്മാനിക്കുന്ന വി.ബർത്തലോമിയായുടെ ചിത്രം,
റോമിലെ സിസ്റ്റൈൻ ചാപ്പലിൽ
കണ്ടതിൻ്റെ ഓർമ ഇന്നും മനസിൽ
മായാതെ കിടപ്പുണ്ട്.
തൊലിയുരിഞ്ഞു പോകുന്ന
അനുഭവങ്ങളും പ്രതിസന്ധികളും
ജീവിതത്തിൽ ഉണ്ടാകുമ്പോൾ,
തൊലിയുരിയപ്പെട്ട് പ്രാണൻ വെടിഞ്ഞ
വിശുദ്ധൻ്റെ മാധ്യസ്ഥം
നമുക്ക് തുണയേകട്ടെ.
വി. ബർത്തലോമിയോ ശ്ശീഹായുടെ
തിരുനാൾ മംഗളങ്ങൾ.