പാപാന്ധകാരത്തിൽ അമർന്ന പതിമൂന്നാം നൂറ്റാണ്ട്. സഭയുടെ ചരിത്രത്തിൽ ഇരുണ്ട യുഗം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടം. മനസാക്ഷിയെ മറന്ന് ദൈവീക മൂല്യങ്ങളെ കാറ്റിൽ പരത്തി മനുഷ്യൻ യഥേഷ്ടം ചരിച്ച്ഇരുന്ന കാലം. നേതൃത്വം നൽകാൻ നായകനോ അനുഗമിക്കാൻ അണികളോ ഇല്ലാതെ ആത്മീയ പാപ്പരത്തം കൊടികുത്തിവാണിരുന്ന സഭയും സമൂഹവും കാലത്തെ നവീകരിക്കാനും കാലഘട്ടങ്ങളെ അതിജീവിക്കുന്ന ആത്മീയ ശൈലിയെ രൂപപ്പെടുത്തുവാനും ദൈവം പാകപ്പെടുത്തി തിരഞ്ഞെടുത്ത നവയുഗ ശില്പി ആണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ഫ്രാൻസിസിന്‍റെ ജീവിതശൈലിയിൽ ആകൃഷ്ടയായി ആഡംബരങ്ങളോടും ആർഭാടങ്ങളോടും സ്വന്തം കുടുംബത്തിന്‍റെ സുരക്ഷിതത്വത്തോടും വിടപറഞ്ഞ് കൊട്ടാരം വിട്ടിറങ്ങിയ പ്രഭു കുമാരി വിശുദ്ധ ക്ലാര. സഭയുടെ നവോത്ഥാന ശില്പികൾ. ശാപ ഗ്രസ്ഥമായിരുന്ന ഭൂമിക്ക് മുകളിൽ ദൈവം കൊളുത്തിയ ഭദ്ര ദീപങ്ങൾ വിശുദ്ധ ഫ്രാൻസിസും വിശുദ്ധ ക്ലാരയും ഗോതമ്പുമണി നിലത്തുവീണ കഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.(വി.യോഹ 12-24) ദൈവസ്നേഹാഗ്നിയിൽ എരിഞ്ഞ് ലോകത്തിന് പുതുജീവൻ പകർന്നേകിയ വിശുദ്ധ ഫ്രാൻസിസിന്‍റെയും ക്ലാരയുടെയും അരുമശിക്ഷയായ അൽഫോൻസാമ്മയുടെ ജീവിത വഴിത്താരയിൽ അവൾക്ക് പാഥേയം ആയി നിന്ന തിരുവചനം. ഒരു ഗോതമ്പ് മണി പോലെ നിലത്ത് വീഴാനും മണ്ണിൽ അലിഞ്ഞ് വളമായി തീരുവാനും അവൾ സ്വയം വിട്ടു കൊടുത്തപ്പോൾ അനേകരുടെ ആത്മീയ ജീവിതത്തിന് ഉണർവും ഉത്തേജനവും പകരുന്ന ഫലസമൃദ്ധി യിലേക്ക് ആ ജീവിതം ഉയർത്തപ്പെട്ടു. തിരകല്ലിൽ പൊടിഞ്ഞു അമരുന്ന ഗോതമ്പ് മണി പോലെ സ്വജീവിതം എരിഞ്ഞമർന്നപ്പോൾ അവൾ ധ്യാനിത് വെണ്മയേറിയ തിരുവോസ്തിയാണ് .മുന്തിരിചക്കിൽ മുന്തിരിപ്പഴങ്ങൾ ഞെരിഞ്ഞ അമരുന്നതുപോലെ ശാരീരിക മാനസിക പീഡകൾ അവളെ അലട്ടിയപ്പോൾ തിരുകാസയിൽ പകർന്ന തിരുരക്തത്തിന്‍റെ സ്നേഹ ലഹരിയായിരുന്നു ആത്മാവിൽ അവൾ അനുഭവിച്ചിരുന്നത്. റോസാ ചെടിയുടെ ചുവട്ടിൽ അഴുകി ചേരുന്ന വട്ടയിലയും വെട്ടിയിലെയും കണ്ടപ്പോൾ ചുവന്നുതുടുത്ത റോസാപ്പൂക്കൾ ആയിരുന്നു അവളുടെ സ്വപ്നത്തിൽ വിരിഞ്ഞു നിന്നത് .ഇലപൊഴിക്കുന്ന ശരത് കാലത്തിനപ്പുറം താരും തളിരും അണിഞ്ഞ് ഫലം ചൂടുന്ന വസന്തകാലം ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു .കണ്ണീർകണങ്ങൾ ചാലു തീർക്കുന്ന പീഡകൾക്കപ്പുറം പുഞ്ചിരിക്കുന്ന യേശുവിന്‍റെ സാന്ത്വനം അവൾ അനുഭവിച്ചിരുന്നു . ഫലമോ ലോകം വച്ച് നീട്ടുന്ന നൈമിഷിക സുഖങ്ങളുടെ മായാശക്തിയിൽ ആകൃഷ്ടയാ കാതെ ഈ ജീവിതം കാമ്യം ആയി കരുതുന്ന സമ്പത്തിന്‍റെയും പ്രതാപത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും അഴകിന്‍റെയും ആരോഗ്യത്തിന്‍റെയും ക്ഷണികത തിരിച്ചറിഞ്ഞ് സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്ന തിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് ജീവിതംകൊണ്ട് ഉദ്ഘോഷിച്ച യേശുവിന്‍റെ പാദാന്തികെ സ്വജീവിതം സമർപ്പിച്ച് അവളൊരു സമർപ്പിതയായി അപരനിലേക്ക് പടർന്നു നിൽക്കുന്ന സാഹോദര്യത്തിന്‍റെ നിറദീപമായി. എനിക്ക് സമയം കിട്ടുമ്പോഴൊക്കെയും വിശുദ്ധ കുർബാനയുടെ സന്നിധിയിൽ ഞാൻ ചെലവഴിക്കും.
എന്‍റെ കർത്താവിനെ പൂർണ്ണമായി സ്നേഹിക്കണമെന്ന ആഗ്രഹമേ എനിക്കുള്ളൂ. ഒരായുസ്സ് വെച്ചുനീട്ടിയ ജീവിത അനുഭവങ്ങളെ പ്രാർത്ഥനയുടെ അലയടികൾ ആയി ദൈവസന്നിധിയിൽ അർപ്പിച്ച അൽഫോൻസാമ്മ അപര ഹൃദയങ്ങളിൽ സ്നേഹത്തിന്‍റെ സാന്ത്വനത്തിന്‍റെ കരുതലിന്‍റെ നെയ്ത്തിരി ആയി .കാലഘട്ടത്തിന്‍റെ നീരാളി പിടുത്തത്തിൽ അപരന് തുണയാകണ്ടേ മനുഷ്യ ജന്മങ്ങൾ നാശത്തിന്‍റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമ്പോൾ ജാതി മത വർണ്ണ വ്യത്യാസങ്ങൾക്ക് അപ്പുറം സകലരെയും നെഞ്ചോട് ചേർത്ത് അൽഫോൻസാമ്മ അവരുടെ പറഞ്ഞുതരുന്ന പാഠങ്ങൾ ഏറെയാണ് .ഈ ജന്മം മനോഹരമാണ് ഇത്തിരിപ്പോന്ന ഈ ജീവിതം കൊണ്ട് നമുക്ക് ചെയ്യാൻ ഒത്തിരി നന്മകൾ ഉണ്ട് .നമുക്കുവേണ്ടി കാത്തിരിക്കുന്ന നമ്മിലൂടെ പുഷ്പിക്കാൻ വേണ്ട ഒരുപാട് ജന്മങ്ങളുണ്ട് .സാഹോദര്യവും സ്നേഹവും മറ്റു സനാതന മൂല്യങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അപരന്‍റെ നേർക്ക് നീട്ടിയ ചൂണ്ടാണി വിരലുകളും ആയി ഞാനല്ല നീയാണ് മാറേണ്ടത് എന്ന നിലപാടിൽ നിൽക്കുമ്പോൾ അപരനായി വെളിച്ചം പകരാൻ മുറിതിരികള്‍ തെളിച്ച വിനീത കന്യക അൽഫോൻസാമ്മ നമ്മെ നിരന്തരം നിശബ്ദരാക്കുന്നില്ലേ. സ്വന്തം ജീവിതത്തിലെ സ്വകാര്യതകളിലേക്ക് കൂടുമാറി തന്നിഷ്ടം താലോലിച്ച് സഹജീവിതം ദുഷ്കരമാകുന്ന നമ്മുടെ സ്വാർത്ഥത ജീവിതത്തോട് അൽഫോൻസാമ്മ പറയുന്നു, ഹൃദയങ്ങൾ ക്കിടയിൽ വിരിയുന്ന കരുതലിന് സൗരഭ്യം ആണ് സൗഹൃദമെന്ന്. അനേകം സഹോദരനിൽ ആദ്യ ജാതനായ ക്രിസ്തു ജീവൻ നൽകികൊണ്ട് പഠിപ്പിച്ചു സൗഹൃദത്തിന് ഞാൻ നൽകുന്നത് ജീവന്‍റെ വിലയാണ് .കാരുണ്യത്തിന് നനവുള്ള സൗഹൃദങ്ങൾക്ക് അപ്പുറം സഹോദരന്‍റെ കാവൽക്കാരൻ ആണോ ഞാൻ എന്ന ചോദ്യം നമുക്കിടയിലും നമ്മുടെ ചുറ്റിലും ഉയരുന്നു എന്നതും സത്യമാണ് .ബന്ധങ്ങൾ എല്ലാം ബ്ലോക്ക് ചെയ്തു സ്വാർത്ഥതയുടെ മതിൽക്കെട്ടിനുള്ളിൽ ആയിരിക്കുന്ന നമുക്ക് അവിടെ നിന്ന് പുറത്തു കടക്കാം. കൂടെ നടക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിൽ നിന്ന് ഓടിയൊളിക്കാൻ കാരണമാകുന്ന ചങ്ങാത്തങ്ങളോട്‍ വിടപറഞ്ഞ ക്രിസ്തുവിന്‍റെ സൗഹൃദ വഴിയെ നമുക്ക് പ്രയാണം തുടരാം. വിശ്വസാഹിത്യകാരനായ ഷേക്സ്പിയർ പ്രസ്താവിച്ചു സൗഹൃദത്തിന്‍റെ ആഴം അളക്കുന്നത് പരസ്പരം കരുതൽ ആകുമ്പോൾ മാത്രമല്ല, ഒരുവൻ അവഗണിക്കുംപോഴും അപരൻ തന്‍റെ കരുതൽ തുടരുമ്പോഴും ആണ് . സ്നേഹം എന്ന ശ്രേഷ്ഠ ഭാവത്തിന്‍റെ നിറവിലാണ് വിശുദ്ധ അൽഫോൻസാമ്മക്ക് തന്‍റെ ജീവിതം മുഴുവൻ ഉരുകുന്ന ബലി വസ്തുവായി ഈശ്വരപാദങ്ങളിൽ സന്തോഷത്തോടെ അർപ്പിക്കാന്‍ കഴിഞ്ഞത്. ഈ എളിയവരിൽ മനുഷ്യ മഹത്വത്തെ ബഹുമാനിക്കുന്ന, ആദരിക്കുന്ന, നിസ്വാർത്ഥസ്നേഹത്തിന്‍റെ ഉടമയായിരുന്നു അൽഫോൻസാമ്മ .സങ്കടപ്പെടുന്നവരുടെ മുഖത്ത് നോക്കി പുഞ്ചിരിയുടെ തിരിവെട്ടം ആയി സാന്ത്വനത്തിന്‍റെ , ആശ്വാസ വചനങ്ങളിലൂടെ അപരനിലെ അന്ധകാരം അകറ്റി എല്ലാവരെയും എല്ലാവരെയും പരിഗണിക്കുന്നവരായി ഒരുപടികൂടി നമുക്ക് വളരാൻ ശ്രമിക്കാം. സ്നേഹത്തിന്‍റെ സൗരഭ്യമുള്ള സുകൃത പുഷ്പങ്ങൾ നാം ആയിരിക്കുന്ന ഇടങ്ങളിൽ വിരിയിക്കാൻ നമുക്ക് കഴിയട്ടെ. സഹന കിടക്കയെ സാഹോദര്യത്തിന്‍റെ പൂ മഞ്ചൽ ആക്കി മാറ്റിയ വിശുദ്ധ അൽഫോൻസാമ്മ സൗഹൃദത്തിന്‍റെ സ്നേഹ കൂടാരങ്ങൾ തീർക്കാൻ നമുക്കുവേണ്ടി തിരുസന്നിധിയിൽ മധ്യസ്ഥ ആയി മാറട്ടെ.