പ്രണയം പവിത്രമായ ഒരു വികാരമാണ്. എപ്പോൾ? പരിശുദ്ധമായ സ്നേഹത്തിൽ നിന്നും പരിപൂർണ്ണമായ സമർപ്പണത്തിൽ നിന്നും ഉയിർകൊള്ളുമ്പോൾ. പ്രണയിക്കാത്തവർ ആരെങ്കിലുമുണ്ടോ? വെയിലേറ്റാൽ പോകുന്ന മഞ്ഞുതുള്ളി മുതൽ മജ്ജയും മാംസവും നിറഞ്ഞ മനുഷ്യനിൽ വരെയും പ്രണയത്തിന്റെ സംഗീതം നിറഞ്ഞു നിൽക്കുന്നു. ഈ പ്രപഞ്ചത്തെ മുഴുവൻ പ്രണയിച്ച ഒരു മഹാകവിയായിരുന്നു വിശുദ്ധ ഫ്രാൻസിസ്. അഹിംസയെ പ്രണയിച്ച ഒരു രാഷ്ട്രപിതാവ്. രാജ്യത്തെ പ്രണയിച്ച ജീവൻ ഹോമിച്ച ഒരുപാട് ഭഗത്സിംഗ്മാർ.എന്തിന് നമ്മെ തൊട്ടുതലോടി കടന്നുപോകുന്ന ഇളം തെന്നൽ പോലും പ്രണയിക്കുകയാണ്.
ഒരു പ്രണയത്തിന്റെ കഥയുണ്ട് വിശുദ്ധ ബൈബിളിൽ. ആകാശങ്ങളുടെ രാജാവ് ജനത്തെ പ്രണയിച്ച കഥ. ഒടുവിൽ കാൽവരി യുടെ നെറുകയിൽ കുരിശിൽ തൂങ്ങപെട്ട ഒരു സ്നേഹത്തിന്റെ കഥ. ആ സ്നേഹം തൊട്ട ഹൃദയങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. അങ്ങനെ മുറിഞ്ഞ ഇടങ്ങളെല്ലാംതിരു മുറിവുകൾ ആയിട്ടുമുണ്ട്.
ഈ സ്നേഹത്തെ നെഞ്ചിൽ കെടാത്ത കനലായി കൊണ്ടുനടന്ന വളാണ് വിശുദ്ധ അൽഫോൻസാ. അതെ അവൾ പ്രണയിക്കുകയായിരുന്നു. കുരിശിലെ തന്റെ ആത്മമണവാളനെ . കുരിശിനെ സ്നേഹത്തിന്റെ സിംഫണി ആക്കുന്ന നസ്രായനെഗലീലിയിലെ ആ തച്ചന്റെ മകനെ .
രണ്ടായിരം വർഷങ്ങൾക്കു മുൻപ് സ്നേഹത്തിന്റെ മാറ്റുരക്ക പ്പെട്ട കാൽവരിയിൽ ഒരു ചെറുപ്പക്കാരൻ എരിഞ്ഞെരിഞ്ഞു ഇല്ലാതായപ്പോൾ അന്ന് ആ കരിരുബാണികൾ പറഞ്ഞു ഇതാണ് സ്നേഹം. ശിരസ്സിൽ ആഴ്ന്നിറങ്ങിയ മുള്ളുകൾ പറഞ്ഞു ഇതാണ് സ്നേഹം. ചങ്കിൽ കുത്തിയിറക്കിയ കുന്തമുന പറഞ്ഞു.ഇതാണ് സ്നേഹം.
ഈ സ്നേഹത്തെ അറിഞ്ഞവാളാണ് വിശുദ്ധ അൽഫോൻസാ. സഹനത്തിന് സ്നേഹത്തിന്റെ വിലയുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത അവൾ. സ്നേഹം =സഹനം= വീണ്ടും സ്നേഹമെന്ന ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നവൾ. ക്രൂശിതന്റെ ആത്മസഖി ആയി മാറിയ പാവപ്പെട്ട ഒരു കന്യാസ്ത്രീ.
സഹന ത്തിന്റെ വിശുദ്ധ എന്നാണ് അൽഫോൻസാമ്മ അറിയപ്പെടുന്നത്. എനിക്കവളെ സ്നേഹത്തിന്റെ വിശുദ്ധ എന്ന് വിളിക്കാനാണ് ഇഷ്ടം. വേദനകളുടെ ഉറക്കമില്ലാത്ത രാത്രികളിൽ എന്തെടുക്കുന്നു എന്ന് കുശലം ചോദിച്ച മാർ ജയിംസ് കാളാശ്ശേരി പിതാവിനോട് സിസ്റ്റർ അൽഫോൻസ പറയുന്ന ഒരു മറുപടിയുണ്ട്. വേദനകളുടെ ആ രാത്രികളിൽ ഞാൻ സ്നേഹിക്കുകയാണ് എന്ന്. അവളുടെ സ്നേഹത്തിന്റെ വിഷയം ആകട്ടെ, കുരിശിലെ ക്രിസ്തുവായിരുന്നു. ചങ്ക് കുത്തി തുളച്ച്വനും ചങ്കു പറിച്ചു കൊടുക്കുന്ന സ്നേഹത്തിന് വലിയ ആശാരി. തന്റെ ഉളി പ്രിയപ്പെട്ടവളുടെ ഹൃദയത്തിലേക്ക് ഇറക്കിയപ്പോൾ അവൾ പറഞ്ഞു.സ ഹനത്തിന്റെ ഈ കാസ മട്ടു വരെ ഞാൻ ഊറ്റി കുടിക്കും എന്ന്.
കുരിശുകൾ ചോദിച്ചു മേടിക്കാൻ അവൾ മിടുക്കിയായിരുന്നു. ലിസ്യൂ വിലെ വിശുദ്ധ കൊച്ചുത്രേസ്യ തന്നെ പറ്റി പറയുന്ന ഒരു കാര്യമുണ്ട്. കർമല ഗിരിയിൽ പറിച്ചുനടപ്പെട്ട ചെറുപുഷ്പം കുരിശിന്റെ തണലിൽ വളർന്ന പുഷ്പി ക്കേണ്ടിയിരിക്കുന്നു. ഈശോയുടെ കണ്ണുനീരും ചോരയും ആണ് അതിനെ നനയ്ക്കുന്ന മഞ്ഞുതുള്ളികൾ. തന്റെ പ്രിയപ്പെട്ട വിശുദ്ധയുടെ ഈ വാക്കുകൾ അൽഫോൻസാമ്മയുടെ ജീവിതത്തിൽ വ്യക്തമാകുന്നത് കാണാം. കുരിശിൻ ചുവട്ടിൽ അവൾ വളർന്നു പുഷ്പിച്ചു. ക്രൂശിതന്റെ ചോരയും നീരും അവളെ നനയ്ക്കുന്ന മഞ്ഞുതുള്ളികൾ ആയി. തന്റെ കുരിശു എടുക്കാതെ ആർക്കും എന്നെ അനുഗമിക്കാൻ ആവില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നത് ക്രൂശിതൻ തന്നെയല്ലേ. അതായിരുന്നു അവിടുത്തെ മഹത്വം. ആ മുറിവുകളാണ് നമുക്ക് രക്ഷ നേടിത്തന്നത്. മുറിക്കപ്പെട്ട ഇടമാണ് സൗഖ്യത്തിലേക്കുള്ള വാതിൽ ആയത്.
അതേ പ്രിയപ്പെട്ടവരെ സ ഹനങ്ങൾക്ക് വിലയുണ്ട്.
ഉരുകി തീരാതെ ഏതു മെഴുകുതിരിയാണ് വെളിച്ചം പരത്തുന്നത്. എരിഞ്ഞ അടങ്ങാതെ ഏതു നാളമാണ് ചിരാതിൽ അവശേഷിക്കുന്നത്? . അഴുകി തീരാതെ ഗോതമ്പുമണി കതിരായി മാറുമോ? ചെടിയുടെ ചുവട്ടിൽ അലിഞ്ഞില്ലാതാകുന്ന വട്ടയിലക്കും വെട്ടിയി ലക്കും വിലയുണ്ട് പ്രിയപ്പെട്ടവരെ. അതാണ് ചുറ്റുപാടും നിൽക്കുന്ന വൻമരങ്ങളുടെ ശക്തി. ഇത് അൽഫോൻസാമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. വേദനകളിൽ നിന്ന് ഓടിയൊളിക്കുന്ന നമുക്കും ഇന്നത്തെ ഈ ലോകത്തിനും അൽഫോൻസാമ്മ നൽകുന്ന പാഠവും ഇതാണ്. കുരിശിലെ സ്നേഹം അവളുടെ സഹനത്തിൽ തീ അണക്കുന്ന മഴത്തുള്ളി ആയിരുന്നു. സ്വയവും മറ്റുള്ളവർക്ക് വേണ്ടിയും എരി ഞ്ഞു ഇല്ലാതാകാൻ അത് അവൾക്ക് ശക്തിപകർന്നു.
വേദനകളോട് നമുക്ക് ഭയമാണ്. ജീവിതം മുഴുവനും അനസ്തേഷ്യകൾക്ക് വിട്ടു കൊടുത്തു കഴിഞ്ഞു.
അതിനിടയിലും എരിഞ്ഞടങ്ങുന്ന ജീവിതങ്ങളും ഉണ്ട്. അടുക്കളയുടെ അകത്തളങ്ങളിൽ കരിയും പുകയും പറ്റി കരുവാളിച്ചു പോയ, വീട്ടുകാർക്കു വേണ്ടി സർവവും നൽകി ഒടുവിൽ തന്നെ തന്നെ നോക്കാൻ മറന്നു പോകുന്ന അമ്മമാർ സ്നേഹിക്കുക അല്ലേ….
അത്താഴത്തിന് തികയാതെ വരുമ്പോൾ വിശപ്പില്ല എന്നുപറഞ്ഞ് മക്കൾക്ക് പകുത്ത് നൽകുന്ന അമ്മമാർ സ്നേഹിക്കുക അല്ലേ….
പകലന്തിയോളം പറമ്പിൽ കിളച്ച് മടുത്തു വൈകിട്ടു തളർന്ന കൈകാലുകളും ആയി കയറി വരുന്ന നമ്മുടെ ചാച്ച ന്മാർ സ്നേഹിക്കുക അല്ലേ…
സുഹൃത്തിനുവേണ്ടി മെഡലുകളും സ്ഥാനങ്ങളും മാറ്റിവയ്ക്കാൻ കഴിയുന്നവർ സ്നേഹിക്കുകയല്ലേ…
വേദനകളും പരാജയങ്ങളും പരിത്രാണ ത്തിലേക്കുള്ള ചവിട്ടുപടികളാണ്. തോറ്റു എന്ന് വിചാരിക്കുന്നിടത്ത തോൽവിക്ക് വിലയിലടാ ത്തവൻ വിജയം ഒരുക്കിവെച്ചിട്ടുണ്ട്. നിന്റെ കണ്ണുനീർ കുപ്പിയിൽ ശേ ഖകരിച്ചിട്ടുണ്ടെന്ന് അവിടുന്ന് നമ്മോട് പറയുന്നത് കഥയല്ല. അതിനു പിന്നിൽ സ്നേഹത്തിന്റെ ഒരു പാഠപുസ്തകം തന്നെയുണ്ട്. അതു നന്നായി പഠിക്കാൻ അൽഫോൻസാമ്മക്ക് കഴിഞ്ഞിട്ടുണ്ട്. പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. പരിഭവങ്ങൾ ഒന്നും അവൾക്കില്ല. കുരിശിനോട് ചേർത്തുവെക്കുമ്പോൾ അവയ്ക്കെല്ലാം മഹത്വം ഉണ്ടെന്ന് അവൾ മനസ്സിലാക്കി.
സഹനങ്ങളും വേദനകളും ഒരിക്കലും പാഴാക്കുന്നില്ല.i അതിനെ വിശുദ്ധീകരിക്കുന്ന ഒരു ദൈവമുണ്ടെന്ന് കണ്ടതുകൊണ്ടാണ് അവൾ കുരിശുകൾ ചോദിച്ചു വാങ്ങിയത്. ഉറക്കമില്ലാത്ത രാത്രികൾ അവൾക്ക് സ്നേഹം ആയി മാറിയത്. സഹനത്തെ സ്നേഹമെന്ന് മാറ്റിയെഴുതാൻ അവൾക്ക് സാധിച്ചത്. അൽഫോൻസാമ്മയുടെ ജീവിതം എന്റെ മുൻപിലും ചോദ്യങ്ങൾ ഉയർത്തട്ടെ. അവക്കുള്ള ഉത്തരം ആകുരിശിൻ ചുവട്ടിൽ ഉണ്ട്. നിനക്കുവേണ്ടി വേദനകൾ ഏറ്റെടുത്ത അവനറിയാം നിന്റെ വേദന എന്തെന്ന്. കുരിശിനോട് ചേർന്ന് സഹനങ്ങളെ വിശുദ്ധിയുടെ പൂഞ്ചിറകാക്കി മാറ്റിയ ക്രൂശിതന്റെ ഈ ആത്മമിത്ര തോടു ചേർന്ന്സ്നേഹത്തിന്റെ ഈ പാഠപുസ്തകം പഠിക്കാൻ നമുക്ക് ശ്രമിക്കാം