ഇന്ന് ഞാൻ സൂചിപ്പിക്കാൻ പോകുന്ന വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.
അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്.
അതിൽ ഏറ്റവും ഹൃദ്യമായി തോന്നിയത്
സൺഡേ ശാലോമിൽ വന്നൊരു കുറിപ്പാണ്.
ജീസസ് യൂത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ആ യുവാവിൻ്റെ വലിയ ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്.
അത് ദൈവകൃപയാൽ സാധ്യമാകുകയും ചെയ്‌തു.
MBBS ൻ്റെ റിസൽട്ട് വന്നതിനു ശേഷം
അവൻ ആദ്യം ചെയ്‌തത് ഒരു ധ്യാനത്തിന് പോകുക എന്നതായിരുന്നു.
ആ ധ്യാനത്തിൽ അവന് ഒരു ഉൾവിളി ലഭിച്ചു, ഒരു ഗൈനക്കോളജിസ്റ്റ് ആകുക.
അതും അബോർഷനോ പ്രസവം നിർത്തൽ ശസ്ത്രക്രിയയോ ചെയ്യാത്ത ഒരു ഗൈനക്കോളജിസ്റ്റ്!
അങ്ങനെ ആ സമയം വന്നു;
ഹൗസ് സർജൻസി കാലഘട്ടം.
അത് വിജയകരമായി പൂർത്തിയാക്കിയാലേ പി.ജി പഠനത്തിനോ, ഡോക്ടറായി പ്രാക്ടീസ് ചെയ്യാനോ കഴിയുകയുള്ളൂ.
ഗൈനക്കോളജി ഡിപ്പാർട്ടുമെൻറിൽ
ഹൗസ് സർജൻസി ചെയ്യുമ്പോഴായിരുന്നു
ആ സംഭവം. ഒരു ദിവസം മൂന്ന് പ്രസവ കേസുകൾക്ക് അസിസ്റ്റ് ചെയ്യണം.
മൂന്നും പ്രസവം നിറുത്തുന്ന കേസുകളും.
താൻ എടുത്ത പ്രതിജ്ഞയ്ക്ക് വിരുദ്ധമായ് പ്രവർത്തിക്കേണ്ട നിമിഷങ്ങൾ.
മനസു വല്ലാതെ അസ്വസ്ഥമാണ്.
എന്തു ചെയ്യണമെന്നറിയില്ല.
ആദ്യത്തെ സിസേറിയൻ നടക്കുന്ന
സമയത്ത് വാർഡിൽ ഒരു രോഗിക്ക്
സീരിയസ് ആണെന്നറിഞ്ഞപ്പോൾ
ആ കേസ് അറ്റൻഡ് ചെയ്യാൻ
സീനിയർ ഡോക്ടർ അവനെ പറഞ്ഞു വിട്ടു. ആശ്വാസമായി. എന്തെന്നാൽ
ആ സമയത്തിനിടയിൽ ഒരു സിസേറിയനും പ്രസവം നിറുത്തലും കഴിഞ്ഞു കിട്ടി.
അടുത്ത കേസിന് എന്തായാലും തിയേറ്ററിൽ എത്തണം. ഉള്ളിൽ മൽപിടുത്തം നടക്കുന്നു. ഒരു സ്വരം ഇങ്ങനെ കേട്ടു:
“നീ ഒളിച്ചിരിക്കുക…
നിന്നെ കണ്ടില്ലെങ്കിൽ വേറെ ആരെയെങ്കിലും സീനിയർ ഡോക്ടർ വിളിക്കും.”
എന്നാൽ അല്പ സമയത്തിനു ശേഷം
മറ്റൊരു സ്വരം കേട്ടു:
“നീ ഒളിച്ചിരിക്കേണ്ടവനല്ല സാക്ഷ്യം നൽകേണ്ടവനാണ്.”
സധൈര്യം തിയേറ്ററിൽ എത്തി.
ചെന്നതേ ഓപ്പറേഷന് അസിസ്റ്റ് ചെയ്യാൻ സീനിയർ ഡോക്ടറുടെ ഓർഡർ.
ഉള്ളിൽ നിന്നും ലഭിച്ച ശക്തിയിൽ ആശ്രയിച്ച്, ഇത് താൻ ചെയ്യില്ലെന്നും പറഞ്ഞ്
തിയേറ്ററിൽ നിന്നിറങ്ങിപ്പോയി.
ഡിപ്പാർട്ടുമെൻ്റ് ഹെഡിൻ്റെ അടുത്ത് പരാതിയെത്തി. പേടിച്ചു വിറച്ചു നിൽക്കുന്ന സമയത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
” അയാൾക്കത് ഇഷ്ടമല്ലെങ്കിൽ അയാളെ നിർബന്ധിക്കണ്ട. അയാൾ എൻ്റെയൊപ്പം മൈനർ തിയേറ്ററിൽ സഹായിക്കട്ടെ!”
അതൊരു അദ്ഭുതമായിരുന്നു;
ജീവൻ നിലനിർത്തുന്നതിനു വേണ്ടി
ആ യുവഡോക്ടർ എടുത്ത
നിലപാടിനു മുകളിൽ ദൈവത്തിൻ്റെ കൈയൊപ്പു പതിഞ്ഞ അദ്ഭുതം.
ഞാനീ പറഞ്ഞു വരുന്ന ഡോക്ടറെ നിങ്ങൾ അറിയും; ഡോ. ഫിൻ്റോ ഫ്രാൻസിസ്.
ഇപ്പോൾ തൃശൂർ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിൽ തൻ്റെ ഭാര്യയായ ഡോ.ആശയോടൊപ്പം ശുശ്രൂഷ ചെയ്യുന്നു.
പ്രസവം നിറുത്തിയവർക്ക് വീണ്ടും കുഞ്ഞുങ്ങളുണ്ടാകാൻ റീ കാനലൈസേഷൻ ചെയ്യുന്നതിൽ ഇന്ന് കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് തികഞ്ഞ ദൈവവിശ്വാസിയായ
ഈ ഡോക്ടർ.
ക്രിസ്തുവിൻ്റെ ഈ വചനം
ഒന്നു ശ്രദ്ധിച്ചേ:
“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല”
(യോഹ 8 :51).
വചനം പാലിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുമെന്ന് മാത്രമല്ല,
അവരിലൂടെ ധാരാളം ജീവൻ നിലനിർത്തപ്പെടുകയും ചെയ്യുമെന്ന്
തൻ്റെ ജീവിതം കൊണ്ട് തെളിയിച്ചവനാണ്
ഇതുവരെ അബോർഷൻ നടത്താത്ത,
പ്രസവം നിറുത്തൽ ശസ്ത്രക്രിയ ചെയ്യാത്ത ഈ യുവ ഡോക്ടർ.
ജീവൻ്റെ ദാതാവായ ദൈവത്തിൻ്റെ പ്രതിപുരുഷനല്ലെ ജീവൻ നിലനിർത്തുന്ന ഡോക്ടർ?
അങ്ങനെയെങ്കിൽ
ദൈവത്തിൻ്റെ പ്രതിപുരുഷനായ
ഡോ.ഫിൻ്റോക്കു മുമ്പിൽ പ്രണാമം!