ദൈവവിളി അമൂല്യനിധി

സി. ഷിന്റു തോമസ് എഫ് സി സി

നന്മ ചെയ്താൽ ലോകം എന്നെ ഭ്രാന്തൻ എന്ന് വിളിക്കും. നിഷ്ക്രിയനായി  ജീവിച്ചാൽ മനുഷ്യൻ എന്നും.
തിന്മ ചെയ്താൽ മിടുക്കൻ എന്ന് വിളിക്കും. എനിക്ക് ഒരുപാട് നന്മ ചെയ്യുന്ന ദൈവത്തിന്റെ ഒരു ഭ്രാന്തൻ ആയാൽ മതി.

ഒരു മൺ ബുദ്ധയുടെ കഥയുണ്ട്. ശരിക്കും പറഞ്ഞാൽ അതൊരു ചരിത്രം തന്നെയാണ്. ഒരു ഗ്രാമത്തിൽ ഗ്രാമീണർ പ്രണമിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധവിഗ്രഹം ഉണ്ടായിരുന്നു. തായ്‌വാനിലെ ഒരു ക്ഷേത്രം മാറ്റി പണിയുന്നതിന് ഭാഗമായി മൺ ബുദ്ധയെയും അവിടെ നിന്നും മാറ്റി പ്രതിഷ്ഠിക്കേണ്ടതായി വന്നു. ഒരിത്തിരി അശ്രദ്ധ പോലും വന്ന് അത് തകർന്നു പോകാതിരിക്കാൻ വളരെയേറെ ശ്രദ്ധിച്ചു. നിർഭാഗ്യവശാൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് മഴപെയ്യാൻ തുടങ്ങിയതിനാൽ പരിഭ്രാന്തരായ ജോലിക്കാർ അത് കണ്ടു. മഴത്തുള്ളികൾ വീഴുന്ന അടുത്ത് എന്തോ തിളങ്ങുന്നു. ഇത് ചേറ ല്ലെന്നും തനിതങ്കം ആണെന്നും അവർ മനസ്സിലാക്കി. തങ്ക ബുദ്ധൻ എങ്ങനെ മൺ ബുദ്ധ ആയി മാറി. വിഗ്രഹത്തെ മണ്ണുകൊണ്ട് പൊതിയുക എന്നത് ബർമ്മയിലെ രാജാവിന്റെ പടയോട്ട സമയത്ത് കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു. ഗ്രാമീണരെ കൊണ്ട് ഒരു പ്രതിജ്ഞയും ചെയ്യിപ്പിച്ചു മക്കളോട് പോലും ഇത് പറയില്ലെന്ന്. ആ വാക്ക് അവർ കൃത്യമായി പാലിച്ചു അങ്ങനെ രണ്ടാം തലമുറയിലേക്ക് എത്തിയപ്പോഴേക്കും തങ്ക ബുദ്ധൻ  മൺബുദ്ധ യായി.  തങ്ങളുടെ ആന്തരിക ലോകത്തെ മറന്നുപോയ മനുഷ്യന്റെ യഥാർത്ഥ അവസ്ഥയാണിത് എന്ന് എനിക്ക് തോന്നുന്നു. ആന്തരിക ലോകത്തെ മാത്രമല്ല സത്യങ്ങളെ മറച്ചുവെച്ച് എങ്ങോട്ടെന്നില്ലാതെ അസത്യത്തിന് നേരെ ഓടുന്ന ആധുനിക ലോകത്തിന്റെ അവസ്ഥ.

ഈ കാണുന്ന ലോകത്തെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പലതും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മെല്ലെ താഴ്ന്നു സ്വരത്തിൽ എന്റെ  അത്ഭുതനോട്ടത്തെ  കളിയാക്കി എന്നമട്ടിൽ എന്റെ മനസ്സ് മന്ത്രിക്കും. എടോ നീ കാണുന്ന ഈ ലോകത്തേക്കാൾ വലിയൊരു ലോകം നിന്റെ ഉള്ളിൽ ഉണ്ട്. അതെന്താ കാണാത്തത്. പലയാവർത്തി ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് മനസ്സിലായി. അത്ഭുതലോകം പുറത്തല്ല അകത്താണ്. ഇതറിയാതെ എങ്ങോട്ടാ എന്റെ യാത്ര. ഈ ചിന്തകൾ എന്നെ എത്തിച്ചത് ഈ സന്യാസ ജീവിതത്തിലാണ്. സന്യാസവും സന്യാസ ജീവിതങ്ങളും ഒത്തിരിയേറെ വെല്ലുവിളി കളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ തന്നെ സന്യാസത്തിന്റെ  ഭാഗമായി തീരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വെറും മാധ്യമ വിചാരണകൾക്ക്  മുൻപിൽ അബദ്ധ പ്രചരണങ്ങൾക്ക് മുന്നിൽ മൂല്യം ഇല്ലാതായി തീർന്ന് ചവറ്റുകുട്ടയിൽ എറിയപ്പെടാൻ ഉള്ളതല്ല  സന്യാസം. ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ ആനന്ദത്തിന് സാക്ഷികളാണ് അവർ. ദൈവവിളി എന്ന അമൂല്യനിധി സ്വന്തമാക്കി അനേകർക്ക് തങ്ങളുടെ ജീവിതം മാറ്റിവെച്ചവർ. ലോകത്തിലെ ഏത് പ്രസ്ഥാനങ്ങളെ നോക്കിയാലും ഇടറിയ ജീവിതങ്ങളെ നമുക്ക് കണ്ടെത്താനാകും. സന്യാസത്തിലും  ഇടറി വീണ വരുണ്ട്. പക്ഷേ അവരിലേക്കാണ് നിങ്ങളുടെ ദൃഷ്ടി പതിയുന്നത് എങ്കിൽ നാം മറ്റെല്ലാവരെയും കാൽ ഹതഭാഗ്യരായി തീരും.

 

സന്യാസികളെ പൊതുസമൂഹത്തിൽ ഇകഴ്ത്തി കാണിക്കാൻ ആഗ്രഹിക്കുന്നവർ ബോധപൂർവ്വം വിസ്മരിക്കുന്ന ഒരു നാമം ഉണ്ട്. ഓരോ ഭാരതീയ കത്തോലിക്കരും  പ്രത്യേകിച്ച് കേരളീയരുടെയും അഭിമാനമായ വിശുദ്ധ അൽഫോൻസാമ്മ. പുതു തലമുറയിലെ പെൺകുട്ടികൾ സന്യാസം തിരഞ്ഞെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കും വിധം സന്യാസത്തിൽ ഭീകരതയായും അടിമത്തം ആയും ചിത്രീകരിക്കുന്നവർ  തീർച്ചയായും വിശുദ്ധ അൽഫോൻസാമ്മ തന്റെ ദൈവവിളി സന്യാസത്തിലേക്കുള്ള വിളി സ്വീകരിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. കത്തോലിക്കാ സഭയിലെ സ്ത്രീകൾക്ക് ലഭിക്കുന്ന ധന്യവും ഉന്നതവുമായ ജീവിതശൈലിയായ സന്യാസ ജീവിതം നയിക്കാൻ ആരും അന്നക്കുട്ടിയെ നിർബന്ധിച്ചിട്ടില്ല. കന്യാസ്ത്രി ആക്കി കൊള്ളാം എന്ന് ആരും നേർച്ച നേർന്നിട്ടും ഇല്ലായിരുന്നു. എല്ലാവരും പിന്തിരിപ്പിക്കുകയായിരുന്നു. ചെറുപ്പത്തിലെ അമ്മ മരിച്ച അന്നകുട്ടിയെ പേരമ്മ ഒരു രാജകുമാരി ആയാണ് വളർത്തിയത്. സുന്ദരിയും സമ്പന്നയും സൽഗുണ സമ്പന്നയും  ആയ അന്നക്കുട്ടിയെ തന്റെ സ്വന്തമാക്കാൻ യുവാക്കന്മാരും  അവരുടെ കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സ്വന്തമായി തീരുവാൻ അവിടുത്തെ സ്നേഹം നിർബന്ധിക്കുന്നത് അവൾ കേട്ടില്ല എന്ന് നടിക്കാനാവില്ല. തന്റെ സൗന്ദര്യമാണ് തന്റെ സന്യാസത്തിന് തടസ്സം എന്ന് മനസ്സിലാക്കിയ അവൾ തന്റെ സൗന്ദര്യം പോലും നഷ്ടപ്പെടുത്താൻ തയ്യാറായി. വീടിന്റെ പിന്നാമ്പുറത്ത് കൂട്ടിയിട്ട് കത്തിച്ച ഉമിയിൽ തന്റെ  കാലുകളും ചേർത്തുവെച്ച് ക്രിസ്തു നാഥനായി  അവൾ സ്വയം അഗ്നിശുദ്ധി വരുത്തി. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നമുക്ക് നാട്ടിലൊരു ചൊല്ലില്ലേ. പിന്നീടങ്ങോട്ടുള്ള അവളുടെ ജീവിതം അങ്ങനെയായിരുന്നു. അഗ്നിശുദ്ധി വരുത്തി സന്യാസം വരിച്ച പുണ്യാത്മാവ് തന്റെ സഹ നങ്ങൾക്ക് നടുവിലും ക്രിസ്തുവിനെ കണ്ടെത്തി. വിശുദ്ധമായ ജീവിതം നയിച്ച ഇന്ന് നമുക്കു മുമ്പിൽ ധീര സാക്ഷിയായി നിലകൊള്ളുന്നു.

സന്യാസത്തെ  വിലകുറഞ്ഞ കാണുന്ന പാഴ്ജന്മങ്ങൾ ആയി പ്രചരിപ്പിക്കുന്ന എല്ലാവർക്കും എനിക്ക് നൽകാനുള്ള ഉത്തരമാണിത്. കത്തോലിക്കാസഭയും സന്യാസവും രക്തസാക്ഷികളുടെ ചുടുനിണത്തിലാണ് വളർന്നു വന്നിരിക്കുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും. നിങ്ങൾ എത്ര കരിവാരി തേക്കുന്നുവോ  അത്രയും അധികമായി വിശുദ്ധിയോടും പ്രൗഢിയോടെ കൂടെ സന്യാസം വളരും. സന്യാസം വരിക്കാൻ ആഗ്രഹിക്കുകയും എന്നാൽ ഇക്കാലത്തെ സംഭവവികാസങ്ങൾ കണ്ട് ഭയപ്പെട്ട് നിൽക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട അനിയത്തിമാരെ നിങ്ങൾ ഭയപ്പെടേണ്ട. കാരണം Heb12:1 പറയുന്നതുപോലെ നമുക്കുചുറ്റും സാക്ഷികളുടെ വലിയൊരു സമൂഹം ഉള്ളതിനാൽ നമ്മെ വിഷമിപ്പിക്കുന്ന പാപവും ഭാരവും നമുക്ക് നീക്കി കളയാം. നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഓട്ടപ്പന്തയം ഉത്സാഹത്തോടെ നമുക്ക് ഓടി തീർക്കാൻ. മത്തായി 5 :15 പറയുന്നു വിളക്ക് കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല പീഠത്തിന്മേൽ ആണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിൽ ഉള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അതെ ദീപം പീഠത്തിന്മേൽ തന്നെയാണ് വെക്കേണ്ടത്. നാം ആകുന്ന ദീപം പ്രകാശിച്ചാൽ  നമുക്ക് ചുറ്റും പ്രകാശം പടരും. ഒരു കാര്യം ഉറപ്പാണ് നിങ്ങളിലും എന്നിലും പ്രകാശമുണ്ട്. ആരുടെയൊക്കെയോ ജീവിതങ്ങളിൽ അന്ധത മാറ്റി കളയാനായി ദൈവം നിക്ഷേപിച്ച പ്രകാശം. ഒരുപക്ഷേ അത് ചാരം മൂടിയ കനലുകൾ പോലെയോ,  മേഘാവൃതമായ ആകാശം പോലെയൊ ആയിരിക്കാം.അത് വീണ്ടെടുക്കണം. അപ്പോൾ നമ്മളെ നോക്കി ദൈവം പറയും. നീ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന്.

ടാഗോറിന്റെ ഗീതാഞ്ജലിയിൽ അത്രകണ്ട് ശ്രദ്ധിക്കാതെ വായിച്ചു പോകുന്ന ഒരു കഥയുണ്ട്. ഒരു പെൺകുട്ടിയുടേത്. അവളൊരു ദീപവും ആയി പോകുന്നത് കണ്ട് ഒരാൾ ചോദിച്ചു. കുട്ടി  ദീപവുമായ് എങ്ങോട്ടാ?  അവൾ പറഞ്ഞു ദീപ ത്തിന്റെ ഉത്സവ ദിനമാണിന്ന്. അതിനാൽ ഈ ദീപം വെള്ളത്തിൽ ഒഴുക്കിക്കളയാൻ പോവുകയാണ്. അയാൾ പറഞ്ഞു എന്റെ ഉള്ളിലും വീട്ടിലും അന്ധകാരമാണ് ആ വെളിച്ചം പാഴാക്കാതെ എന്റെ ഹൃദയത്തി ലും ഭവനത്തിലും ആയി കത്തിച്ചു വയ്ക്കു..
പ്രകാശമാകാൻ  വിളിക്കപ്പെട്ടതാണ് നമ്മുടെ ജീവിതവും. അത് പാഴാക്കാതെ അൽഫോൻസാമ്മയെ പോലെ ആർക്കെങ്കിലുമൊക്കെ നന്മയുടെ,  സ്നേഹത്തിന്റെ വെളിച്ചം പകർന്നു കൊടുക്കുവാൻ നമ്മുടെ ജീവിതങ്ങൾക്കും കഴിയട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy