കേരളത്തില്‍ ഇന്ന് ഏറ്റവുമധികം ഭയപ്പെടേണ്ട രോഗം കോവിഡല്ല. മറിച്ച് മൈക്കള്‍ ഷുമാക്കറിനെ വെല്ലുന്ന വേഗത്തില്‍ കാറില്‍ കാമറയും തൂക്കിപ്പിടിച്ചു റിപ്പോര്‍ട്ടിങ്ങ് നടത്തുന്ന മാമാ മാധ്യമങ്ങളാണ്. “ബ്രേക്കിങ്ങ് ന്യൂസ്”, “ന്യൂസ് എസ്കളൂസീവ്”, “സ്പീഡ് ന്യൂസ്” എന്നിവയ്ക്കുവേണ്ടിയുള്ള മത്സരത്തിനിടയില്‍ ധാര്‍മ്മികതയ്ക്കും വാര്‍ത്താമൂല്യങ്ങള്‍ക്കും എന്തു പ്രസക്തി?. ഈ വാര്‍ത്തകള്‍ കേട്ട് വിങ്ങിപ്പൊട്ടുന്ന അനേകം കുടുംബാംഗങ്ങളും ഒരു തെറ്റും ചെയ്യാതെ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന അനേകം പേരുണ്ട് എന്ന് ചാനല്‍ രാജാക്കന്മാര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു.
ധാര്‍മ്മികത ലവലേശമില്ലാത്ത മാധ്യമങ്ങളുടെ വിഷം ചീന്തുന്ന വാര്‍ത്തകളും നിലവാരമില്ലാത്തതും കുടുംബജീവിതത്തെ വികലമായി ചിത്രീകരിക്കുന്നതുമായ സീരിയലുകളും സമ്മാനിക്കുന്നത് കാമുകനുവേണ്ടി കടല്‍ഭിത്തിയില്‍ സ്വന്തം ചോര കുഞ്ഞിനെ അടിച്ചുകൊല്ലാന്‍ പ്രേരിപ്പിക്കുന്ന അമ്മമാരെയും, സ്വന്തം ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും സൈനഡ് കൊടുത്ത് കൊല്ലുന്ന ഭാര്യമാരെയും, ഭാര്യയെ വിഷപാമ്പിനെ കൊണ്ട് കൊത്തിക്കുന്ന ഭര്‍ത്താക്കന്മാരെയും ആണ്. ദൈവത്തിന്‍റെ സ്വന്തം നാടിനിതെന്തുപറ്റി? എന്തിനീ ഓട്ടപ്പാച്ചില്‍? എന്തിനീ ധ്യതി? വാര്‍ത്തകള്‍ വേഗത്തില്‍ റിപ്പോര്‍ട്ടു ചെയ്താല്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഇക്കൂട്ടര്‍ കരുതുന്നുണ്ടോ? റിപ്പോര്‍ട്ടു ചെയ്യുന്ന വാര്‍ത്തകളിലെ സത്യസന്ധത അന്വേഷിക്കാതെയുളള റിപ്പോര്‍ട്ടിങ്ങ് വൈറസുകളെക്കാള്‍ ഭീകരമാണ്. തെറ്റു ചെയ്തെന്ന് “ആരോപിക്കപ്പെടുന്നവന്‍” കുറ്റവാളിയെന്ന് കോട്ടും സൂട്ടുമിട്ട് എ.സി. മുറിയില്‍ ഇരിക്കുന്നവര്‍ വിധി പ്രസ്താവം നടത്തികഴിഞ്ഞു. ഇവരുടെ ആശയങ്ങള്‍ക്ക് ചേരുന്ന ഒരു പണിയുമില്ലാത്ത കുറേ ബുദ്ധിജീവികളെയും, സംസ്കാരിക നായകന്മാരെയും വിളിച്ചിരുത്തി നലം തികഞ്ഞ ചര്‍ച്ച. കോവിഡ് പരത്തുന്ന വൈറസുകളെക്കാള്‍ ഭയാനകവും മാരകവുമാണ് ഇവയുടെ വിഷപ്പല്ലുകള്‍. കേരളത്തിന്‍റെ നാശമാണ് ഈ കാക്കത്തൊള്ളായിരം ചാനലുകള്‍.
പണ്ട് സംക്ഷിപ്തമായ, മാന്യമായ വാര്‍ത്തകള്‍ നല്കുന്ന ഒരു ചാനല്‍ ഉണ്ടായിരുന്നു:
“ദൂരദര്‍ശന്‍”
ദൂരദര്‍ശന്‍റെ ദര്‍ശനം നിന്നതോടെ നല്ല വാര്‍ത്തകള്‍ മരിച്ചു. എന്നാല്‍ ഇന്ന് റേറ്റിങ്ങ് കൂട്ടി, വ്യൂവേഴ്സിനെ കൂട്ടി ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന കാശും നോക്കി മസാലക്കഥകള്‍ കൂട്ടിചേര്‍ത്ത് മലയാളിയുടെ സ്വീകരണ മുറിയില്‍ ഇക്കിളികഥകള്‍ വിളമ്പുന്ന ഈ “മാമാചാനലുകള്‍” കേരളത്തിന്‍റെ ഭാവി തലമുറയുടെ വളര്‍ച്ചയുടെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത് എന്ന സത്യം വിസ്മരിക്കരുത്. എന്നും നെഗറ്റീവ് ന്യൂസും, മസാല കഥകളും കേട്ട് മാനസിക രോഗികളായി മാറുന്ന യുവതീയുവാക്കന്മാര്‍ കുറ്റകൃത്യങ്ങളിലേക്കും, ആത്മഹത്യകളിലേക്കും പോകുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ഈ കാക്കത്തൊള്ളായിരം ന്യൂസ് ചാനലുകളാണ്. അന്യന്‍റെ സ്വകാര്യതകളിലേക്ക് എത്തിനോക്കി അതില്‍ സന്തോഷം കണ്ടെത്തുന്ന മാനസിക രോഗികളെ ജനിപ്പിക്കുന്ന നാടായി കേരളം മാറികഴിഞ്ഞു.
കോവിഡ് ബാധിക്കുമെന്ന് പേടിക്കുന്ന ചിലരും കോവിഡ് ബാധിച്ചതില്‍ മനംനൊന്ത് ഏതാനും യുവതിയുവാക്കള്‍ അടുത്തയിടെ ആത്മഹത്യ ചെയ്തു. എന്താണ് ഇതിന് കാരണം? ഇതിനുള്ള പരിഹാരം എന്താണ്? ഏതെങ്കിലും മാധ്യമങ്ങള്‍ ഒരു മണിക്കൂറെങ്കിലും ഇതിനെപ്പറ്റി പ്രൈം റ്റൈം ന്യൂസില്‍ ചര്‍ച്ച ചെയ്തോ? കേരളത്തിലെ അറിയപ്പെടുന്ന മനോരോഗവിദഗ്ദരെക്കൊണ്ട് സംസാരിപ്പിച്ചോ? ചെയ്യില്ല! ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ക്ക് ന്യൂസ് വാല്യൂ ഇല്ല. ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ അവര്‍ക്കെന്ത്? സ്വന്തം കുടുംബത്തില്‍ ഇതു സംഭവിക്കണം എന്നാല്‍ പഠിക്കും ഇവന്മാര്‍. കോവിഡ് -19 എന്ന മാരകരോഗം പരത്തിയത് അനേകം വൈറസുകളെ മാത്രമല്ല. അത് മനുഷ്യന്‍റെ ജീവിത്തതിന്‍റെ സന്തുലിതാവസ്ഥയെ തന്നെയാണ്. രോഗം വരുമോ, മരിച്ച് പോകുമോ എന്ന് ഭയപ്പെട്ട് പ്രഷറും ഷുഗറും വരുത്തി വച്ച് സ്വയം രോഗികളായി കഴിയുന്നവര്‍, ജോലി നഷ്ടപ്പെട്ട് കടകെണിയില്‍ ആയിരിക്കുന്ന അനേകം പേര്‍, മക്കളുടെ വിദ്യാഭ്യാസ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നവര്‍, വിദേശത്തുള്ള സ്വന്തം മക്കളെ ഇനി കാണാനാകുമോ എന്ന് വിഷമിച്ച് വീടുകളില്‍ കഴിയുന്നത്. ലോണെടുത്ത് മക്കളെ പഠിപ്പിച്ച് ജോലിയില്ലാതെ അതെങ്ങനെ തിരിച്ചടയ്ക്കമെന്ന് ആകുലപ്പെടുന്നവരും ദൈനംദിന ജോലികള്‍ ചെയ്ത് കുടുംബം പോറ്റിയിരുന്നവര്‍ ഇനി എന്തുചെയ്യണം എന്ന് പകച്ചു നില്‍ക്കുകയും ആത്മഹത്യ മാത്രം മുന്നില്‍ കണ്ട് ജീവിക്കുകയും ചെയ്യുമ്പോള്‍ മസാലക്കഥകള്‍ കേള്‍ക്കാനാണ് കേരളീയര്‍ ഇഷ്ടപ്പെടുന്നത് എന്നത് അത്യന്തം വേദനാജനകമാണ്.
ഭരിക്കുന്നവര്‍ക്ക് ഇതൊക്കെ എന്തു പ്രശ്നം? പെട്രോളിനും ഡീസലിനും വിലകൂടിയാല്‍ അവര്‍ക്കെന്ത്? അവശ്യ സാധനങ്ങള്‍ക്ക് റോക്കറ്റുപോലെ വിലകൂട്ടിയാല്‍ അവര്‍ക്കെന്ത്? നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനിതെന്തുപറ്റി?
പ്രിയപ്പെട്ട സുഹൃത്തുക്കളേ, സമാധാനവും സന്തോഷപരവുമായ ഒരു ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ടി.വിയും, യൂട്യൂബും, മാമാ ചാനലുകളും നിങ്ങള്‍ ഓഫ് ചെയ്യുക. നിങ്ങള്‍ താമസിക്കുന്ന ചുറ്റുപാടുകളിലേക്കും, നിങ്ങള്‍ അറിയാവുന്നവരിലേക്കും നോക്കൂ അവരൊക്കെ വീടുകളില്‍ ഒറ്റപ്പെട്ട് വിഷാദരോഗത്തിന് അടിമപ്പെട്ട് ആത്മഹത്യയുടെ വക്കിലാണോന്ന് നോക്കുക. സഹായിക്കെണ്ടവരെ സഹായിക്കുക നിങ്ങളുടെ ഒരു ഫോണ്‍കോള്‍ മതി ഒരു ജീവനെ രക്ഷിക്കാന്‍. ഭരണകൂടത്തില്‍നിന്നും മാമാ മാധ്യമങ്ങളില്‍ നിന്നും നല്ലത് പ്രതീക്ഷിച്ചിരുന്നാല്‍ നിങ്ങളെ തേടിയെത്തുന്നത് ഉറ്റവരുടെ മരണവാര്‍ത്തകളായിരിക്കും. നല്ല ചിന്തകള്‍കൊണ്ട് മനസ്സിനെ നിറക്കാം, വീട്ടില്‍ തന്നെ വ്യായാമം ചെയ്യാം, കൃഷിപ്പണികള്‍ ഏർപ്പെടാം. പറ്റുമെങ്കിൽ അല്പസമയം ശാന്തമായി ഇരുന്ന് ധ്യാനിക്കാം, പ്രാർത്ഥിക്കാം.
കോവിഡിനേക്കാള്‍ ഭീകരന്മാരെ തിരിച്ചറിയാതെ പോയാല്‍ നിങ്ങളും ഒരു രോഗി ആയേക്കാം….. വലിയ രോഗി…
ഫാ. പ്രകാശ് മറ്റത്തില്‍