ഏതാനും ആഴ്ചകൾക്കു മുമ്പ്
പത്താം ക്ലാസിൻ്റെ റിസൽട്ടും
ഇപ്പോൾ ദാ പ്ലസ് ടു വിൻ്റെ
റിസൽട്ടും വന്നിരിക്കുന്നു.
വിജയ വിവരം പങ്കുവയ്ക്കാൻ
പലരും വിളിച്ചു.
ഏറെ സന്തോഷകരമായ നിമിഷങ്ങൾ.
പെട്ടന്ന് ഓർമയിലേയ്ക്ക് വന്നത്
ഏതാനും വർഷങ്ങൾക്കു മുമ്പ്
ഇതുപോലെ തന്നെ ലഭിച്ച
ഒരു ഫോൺ കോളാണ്.
മകൾക്ക് ഫുൾ A+
ആണെന്നും പറഞ്ഞാണാ
മാതാപിതാക്കൾ വിളിച്ചത്.
വലിയ സന്തോഷമായിരുന്നവർക്ക്.
അന്ന് ആ മകളുടെ അപ്പൻ
ഇപ്രകാരം പറയുകയുണ്ടായി:
“അവൾ വിജയം വരിച്ചതിൽ
പകുതി പങ്ക് എൻ്റെ ഭാര്യയ്ക്കാണച്ചാ.
അവളെ സമയത്തിന് എഴുന്നേൽപ്പിച്ചതും
പരീക്ഷാ ദിവസങ്ങളിലെല്ലാം
അവൾക്കു വേണ്ടി
ഉപവസിച്ച് പ്രാർത്ഥിച്ചതും
കുർബാനയിൽ പങ്കെടുത്തതുമെല്ലാം
എൻ്റെ ഭാര്യയാണച്ചാ…”
എന്നാൽ കുറച്ച് നാളുകൾക്കു മുമ്പ്
ആ മകളെക്കുറിച്ച് കേട്ടത് ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത മറ്റൊരു വാർത്തയായിരുന്നു:
അവൾ മാതാപിതാക്കളെ
വേദനിപ്പിച്ച് ഒരു അന്യമതസ്ഥൻ്റെ
കൂടെ ഇറങ്ങിപ്പോയി എന്ന വാർത്ത.
വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ മാതാപിതാക്കൾ.
അതിനു ശേഷം ഒരിക്കൽ ആ സ്ത്രീ
എന്നെ ഫോൺ വിളിച്ച് ഇപ്രകാരം പറയുകയുണ്ടായി:
“എന്താണച്ചാ എൻ്റെ മോൾ ഇങ്ങനെയായത്? അവൾക്കു താഴെ രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന കാര്യം പോലും
അവൾ മറന്നു പോയി.
എല്ലാവരും പറയുന്നത് എൻ്റെ വളർത്തുദോഷമാണെന്നാ.
ആണോ അച്ചാ?
എത്രയോ തവണ ഒരു അമ്മയെന്ന
നിലയ്ക്ക് പറഞ്ഞു കൊടുക്കേണ്ടതെല്ലാം ഞാനവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്താണവൾക്കങ്ങനെ
ചെയ്യാൻ തോന്നിയത്?
ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച്
ഒരു വാക്കെങ്കിലും എന്നോടൊ ചേട്ടനോടൊ പറയാൻ മേലായിരുന്നോ?
ഞങ്ങൾ തിരുത്തിക്കൊടുക്കുമായിരുന്നില്ലെ?
ഒരു പ്രായം കഴിഞ്ഞാൽ
മാതാപിതാക്കളിൽ നിന്ന്
പലതും മറച്ചുവയ്ക്കണമെന്ന്
ആരാണച്ചാ അവരെ പഠിപ്പിക്കുന്നത്?
എങ്ങിനെയാണ് അവർക്കതിനാകുന്നത്?
ഇതിലും നന്നായി എങ്ങനെയാണ്
മക്കളെ വളർത്തേണ്ടതെന്ന്
എനിക്കറിയില്ലച്ചാ.
അവൾക്ക് താഴെയുള്ളവരുടെ കാര്യം ഓർക്കുമ്പോൾ പേടിയാകുന്നു.
ചേട്ടനാണേൽ അവൾ പോയതിൽ
പിന്നെ മദ്യപാനവും തുടങ്ങി.
ജീവിതത്തിൻ്റെ സകല
സന്തോഷവും കെട്ടു പോയി……”
ആ അമ്മയ്ക്കു വേണ്ടി ഇന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.
അവർ ചോദിച്ച അതേ ചോദ്യം തന്നെയാണ് എനിക്ക് നിങ്ങളോടും ചോദിക്കാനുള്ളത്:
എന്തുകൊണ്ടാണ് നമ്മുടെ മക്കൾ ഇങ്ങനെയാകുന്നത്?
വളർത്തുദോഷമാണോ? പ്രാർത്ഥനക്കുറവാണോ?
കുർബാനയിലും സൺഡേ സ്കൂളിലും പോകാഞ്ഞിട്ടാണോ?
അല്ലല്ലോ?
മക്കൾ വഴിതെറ്റി പോകുമ്പോൾ
ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നത്
അവരുടെ അമ്മമാരെയാണ്.
അതെന്താണ് അങ്ങനെയെന്ന് എനിക്കിതുവരെയും മനസിലായിട്ടില്ല.
മക്കളെ വളർത്തുന്നതിൽ
കൂട്ടുത്തരവാദിത്തമല്ലെ വേണ്ടത്?
ഒന്നുറപ്പാണ്,
മക്കളെ നോക്കി
ലോകം
നല്ലത് പറയുന്നെങ്കിൽ
അതാണ് മാതാപിതാക്കളുടെ
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
അതു തന്നെയാണ് മക്കൾക്കു വേണ്ടിയുള്ള അവരുടെ അദ്ധ്വാനത്തിൻ്റെ കൂലിയും.
പഠിച്ചുയർന്നു വരുന്ന ഓരോ മകനും മകളും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്:
നിങ്ങൾ ജനിച്ച നാൾമുതൽ
നിങ്ങളെക്കുറിച്ച് ഒരുപാടു സ്വപ്നങ്ങൾ
മെനഞ്ഞവരാണ് മാതാപിതാക്കൾ.
നിങ്ങൾ പിച്ചവച്ച് നടന്നു തുടങ്ങിയപ്പോൾ,
ആദ്യമായ് സംസാരിച്ചു തുടങ്ങിയപ്പോൾ,
ആദ്യമായ് സ്റ്റേജിൽ കയറിയപ്പോൾ,
സമ്മാനങ്ങൾ വാങ്ങിയപ്പോൾ
ഉന്നത വിജയം നേടിയപ്പോൾ….
നിങ്ങളെക്കുറിച്ച് അവർ
ഏറെ അഭിമാനിച്ചിട്ടുണ്ട്.
അവരുടെ കിനാവുകളിൽ
മുഴുവനും നിങ്ങളായിരുന്നു.
“നമ്മുടെ മോൻ മിടുക്കനാണ്…
നമ്മുടെ മോൾ മിടുക്കിയാണ്….”
എന്ന് പറഞ്ഞ് എത്രയോ തവണ
അവർ അഭിമാനിച്ചിരിക്കുന്നു. ആനന്ദിച്ചിരിക്കുന്നു.
പണ്ട് ഈശോയെ കുറിച്ചോർത്ത്
അവൻ്റെ അമ്മയായ മേരിയും
അങ്ങനെ ആനന്ദിച്ച
ഒരു നിമിഷമുണ്ടായിരുന്നു. അതെപ്പോഴാണെന്നറിയുമോ?
ജനക്കൂട്ടത്തിൽ നിന്ന്
ഏതോ ഒരു സ്ത്രീ
ക്രിസ്തുവിൻ്റെ പ്രവൃത്തികൾ കണ്ട്
ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ:
“…..നിന്നെ വഹിച്ച ഉദരവും
നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”
(ലൂക്കാ11 :27).
ആ ജനക്കൂട്ടത്തിൽ എവിടെയൊ മറഞ്ഞിരുന്ന് മറിയവും അത് കേട്ടു കാണും
അല്ലെങ്കിൽ ആരെങ്കിലും
അവളോടതു പറഞ്ഞു കാണും.
എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
ഇതെഴുതുമ്പോൾ ഒരാഗ്രഹവും പ്രാർത്ഥനയുമേ മനസിലുള്ളൂ:
മക്കളെക്കുറിച്ച് എക്കാലവും മാതാപിതാക്കൾക്ക് സന്തോഷിക്കാനായെങ്കിൽ….
മാതാപിതാക്കളുടെ സന്തോഷമാണ് തങ്ങളുടെയും സന്തോഷമെന്ന്
മക്കളും തിരിച്ചറിഞ്ഞിരുന്നെങ്കിൽ….
എന്തേ….
നിങ്ങൾക്കുമില്ലെ
അങ്ങനെയൊരാഗ്രഹം?
കർമ്മല മാതാവിൻ്റെ തിരുനാളാശംസകൾ!
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 16-2020.