സ്വാതന്ത്ര്യത്തിൻ്റെ കയറുകൾ

ഫാദർ ജെൻസൺ ലാസലെറ്റ്

അടയാളങ്ങൾ അന്വേഷിക്കുന്നവരോട് ക്രിസ്തു പറഞ്ഞത് യോനായുടേതിനേക്കാൾ വലിയൊരു അടയാളമില്ലെന്നാണ് (Ref മത്താ12:41).

യോനായെക്കുറിച്ച് അറിയാത്തവരായി ആരുമില്ലല്ലോ? ദൈവേഷ്ടത്തിൽ നിന്നും വഴുതി തന്നിഷ്ടത്തിലേക്ക് തിരിയുന്ന വ്യക്തികളുടെ പ്രതിനിധിയാണ് യോനാ.

നിനെവെയ്ക്കു പകരം താർഷീഷിലേക്ക് യാത്രയായ യോനായെ കാത്തിരുന്നത് അസ്വസ്ഥതകളുടെ തിരമാലകളായിരുന്നു.
ആ തിരമാലകളിൽ ആടിയുലഞ്ഞ
കപ്പലിൽ വച്ചാണ്
അവന് തിരിച്ചറിവ് ലഭിക്കുന്നതും
കടൽ ശാന്തമാകണമെങ്കിൽ
തന്നെയെടുത്ത് കടലിലേയ്ക്കെറിയാൻ പറയുന്നതും.

ശ്രീ. ബെന്നി പുന്നത്തറയുടെ
പ്രലോഭനങ്ങളെ വിട‘ എന്ന പുസ്തകത്തിൽ തോട്ടത്തിൽ കെട്ടപ്പെട്ട ഒരു പശുവിൻ്റെ ഉപമ പറയുന്നുണ്ട്.

കെട്ടിയിട്ടിരിക്കുന്ന പശുവിന് സ്വാതന്ത്ര്യമുണ്ടോ?
ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ടാകും. അല്ലെ?

സത്യത്തിൽ ആ പശുവിന് സ്വാതന്ത്ര്യമുണ്ട്; കയറിൻ്റെ നീളം എത്രയുണ്ടോ അത്രയുമാണ് അതിൻ്റെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിൻ്റെ പേരാണ് യജമാനൻ്റെ ഹിതം.

എന്നാൽ തനിക്ക് ആ സ്വാതന്ത്ര്യം പോരാ എന്നു കരുതി ആ പശു കയർ പൊട്ടിച്ചാലോ? അത് സ്വയം അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അല്ലെ?

അതെ,
ഏത് ജീവിതാവസ്ഥയായാലും  നിയമങ്ങളാകുന്ന കയറിൻ്റെ നീളമനുസരിച്ചാണ് സ്വാതന്ത്ര്യം നിശ്ചയിക്കപ്പെടുന്നത്.

പലപ്പോഴും കയറിനപ്പുറത്തുള്ള ലോകം കൂടുതൽ  ആകർഷകവും ആസ്വാദ്യകരവുമായിരിക്കും.
അത് നമ്മെ മാടി വിളിച്ചു കൊണ്ടേയിരിക്കും. എന്നാൽ അത് നാശത്തിലേക്കുള്ള നാഷണൽ ഹൈവേയാണെന്ന് തിരിച്ചറിയുന്നവർ എത്ര പേരുണ്ട്?

സന്യാസ നിയമങ്ങളുടെ
വിശുദ്ധ കയറുകൊണ്ട് കെട്ടപ്പെട്ട്
ആ സ്വാതന്ത്ര്യത്തിൽ ജീവിതം
ജീവിച്ചു തീർത്ത ഒരു സഹോദരിയുടെ മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ ഇന്നെനിക്ക് ഭാഗ്യം ലഭിച്ചു.
71 വയസുണ്ട് ആ അമ്മയ്ക്ക്.
എസ് .ഡി. സന്യാസ സഭയിലെ
സിസ്റ്റർ ലിസ റോസ്.

സന്യാസത്തിൻ്റെ ഗോൾഡൻ ജൂബിലി വർഷത്തിൽ ആയിരുന്ന ആ സഹോദരി സന്യാസ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നതിൽ ഏറെ സന്തോഷം കണ്ടെത്തിയിരുന്നു.

തൻ്റെ എഴുപത്തൊന്നാം വയസിലും അധികാരികളിലൂടെ തന്നിലേയ്ക്ക്
എത്തിയ ദൈവഹിതത്തിന് വിധേയപ്പെട്ട് സമൂഹത്തിലെ കണക്കുകളെല്ലാം എഴുതുന്ന ജോലി അവർ സന്തോഷത്തോടെ ചെയ്തിരുന്നു.

പെട്ടന്നാണ് ശ്വാസകോശത്തിന്
ക്യാൻസർ ആണെന്നറിയുന്നതും
അറിഞ്ഞ് ഒരു മാസത്തിനുള്ളിൽ മരണപ്പെടുന്നതും.

കുടുംബ ജീവിതത്തിലും
സന്യാസത്തിലും
പൗരോഹിത്യത്തിലുമെല്ലാം
ദൈവഹിതത്തിൽ നിന്നും
കുതറിയോടാനുള്ള പ്രലോഭനങ്ങൾ
നമ്മെ മാടിവിളിക്കുമ്പോൾ
സ്വാതന്ത്ര്യത്തിൻ്റെ കയറുകൾ പൊട്ടിച്ചെറിയാതെ
ജീവിതം നയിച്ച
പുണ്യജീവിതങ്ങൾ
നമുക്ക് വഴിവെട്ടമേകട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy