വഴിയോരത്തിരുന്ന് ഭിക്ഷ യാചിച്ചിരുന്ന ബർതിമേയൂസ് എന്ന അന്ധൻ്റെ കഥ
നിങ്ങൾ വായിച്ചിരിക്കുമല്ലെ?
അവൻ്റെയരികിലൂടെ കടന്നുപോകുന്ന
വ്യക്തി യേശുവാണെന്നറിഞ്ഞപ്പോൾ
ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ….
എന്ന് പറഞ്ഞ് ഉച്ചത്തിൽ അവൻ വിലപിച്ചു.
ഇത് കേട്ട മറ്റെല്ലാവരും മിണ്ടാതിരിക്കൂ
എന്ന് പറഞ്ഞ് അവനെ ശകാരിച്ചു. ഒരാളുപോലും അവനോട്
എന്താണ് ആവശ്യമെന്നോ
എന്തിനാണ് കരയുന്നത് എന്നോ ചോദിച്ചില്ല.
എന്നാൽ ക്രിസ്തു അവനോട് ചോദിച്ചു:
“നിനക്കു വേണ്ടി എന്താണ്
ഞാൻ ചെയ്യേണ്ടത്?”
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ
നീ എന്തിനാണിങ്ങനെ കരയുന്നത്?
ഒരു പക്ഷേ അവനോടിതു വരെ
ആരും തന്നെ ചോദിക്കാത്ത
ഒരു ചോദ്യം. അല്ലെ?
(Ref മർക്കോ 10:46-52).
എത്രയോ പ്രാവശ്യം നമ്മുടെ
ജീവിത പങ്കാളിയിൽ നിന്നും
സുഹൃത്തുക്കളിൽ നിന്നും
കുടുംബാംഗങ്ങളിൽ നിന്നുമെല്ലാം അങ്ങനെയൊരു ചോദ്യത്തിനു വേണ്ടി
നാം ആഗ്രഹിച്ചിട്ടുണ്ട്
കരഞ്ഞിട്ടുണ്ട്
പിണങ്ങിയിട്ടുണ്ട്
കാത്തിരുന്നിട്ടുണ്ട്…..?
ചിലരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്:
” അച്ചാ, വയ്യാതിരിക്കുന്ന എന്നോട്
നിനക്ക് എങ്ങിനെയുണ്ട്, കുറവുണ്ടോ, സുഖമാണോ എന്നൊരു ചോദ്യം പോലും
എൻ്റെ ജീവിത പങ്കാളി ചോദിക്കില്ല.. ‘ എന്ന്.
ഇതെഴുതുമ്പോൾ എൻ്റെ
ഒരു സഹപാഠിയുടെ ദു:ഖം
നിങ്ങളുമായ് പങ്കുവയ്ക്കട്ടെ?
വിവാഹം കഴിഞ്ഞിട്ടിപ്പോൾ
18 വർഷമായി.
രണ്ട് മക്കളുണ്ടവൾക്ക്.
പക്ഷേ, കഴിഞ്ഞ 15 വർഷമായി
അവളും ഭർത്താവും
രണ്ട് മുറികളിലാണ് കിടപ്പ്!
ആദ്യ നാളുകളിൽ അയാൾക്ക് ‘ആവശ്യമുള്ളപ്പോൾ’ മാത്രം അടുത്തുവരുമായിരുന്നു.
എന്നിട്ട് ആവശ്യം കഴിയുമ്പോൾ
തിരിച്ചു പോകും.
ഇപ്പോൾ അതുപോലുമില്ല.
ഒരിക്കൽ അവളുടെ മുഖത്തു നോക്കി അയാൾ ഇങ്ങനെ പറഞ്ഞത്രെ;
“ഭാര്യ എന്നത് എനിക്കും മക്കൾക്കും
ഭക്ഷണം വച്ചു തരുവാനും
എൻ്റെ കാര്യങ്ങൾ നടത്തിത്തരുവാനുമുള്ള ഒരുപകരണം മാത്രമാണ്! “
അയാൾക്ക് കൂടുതൽ സ്നേഹം അമ്മയോടാണ്.
“രണ്ടു കുട്ടികളായില്ലെ ഇനിയിപ്പോൾ
നീ അവളുടെ കൂടെ കിടക്കണ്ടാ ”
എന്ന് അയാളോട് പറഞ്ഞത് അമ്മയാണ്!
മക്കളെ ഓർക്കുമ്പോൾ
വിവാഹമോചനം, കേസ്….
എന്നിവയിലേയ്ക്ക് പോകാൻ
ധൈര്യം വരുന്നില്ലത്രെ.
ഇതു കേട്ടപ്പോൾ ആദ്യമൊന്നും
എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
പക്ഷേ…. പിന്നീട് വിശ്വസിക്കാതെ
വേറെ നിവൃത്തിയില്ലെന്നായി.
ഇത് വായിക്കുന്ന നിങ്ങൾ
അവർക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ…
പല കുടുംബങ്ങളിലും
മക്കളെ ഓർത്ത് മാത്രം
പലതും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച്
ജീവിതം തള്ളിനീക്കുന്ന
എത്രയോ അമ്മമാരും അപ്പന്മാരുമാണുള്ളത്?
നിങ്ങൾ എന്ത് പുണ്യ പ്രവൃത്തി ചെയ്താലും നിങ്ങളുടെ കൺമുമ്പിലുള്ളവരുടെയും കൂടെവസിക്കുന്നവരുടെയും ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും
നേരെ കണ്ണടച്ചാൽ ദൈവം പോലും
നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ?
എനിക്കറിയില്ല.