നിത്യേനയെന്നോണം നദികളുമായി ബന്ധപ്പെടുന്നവരാണു നാമെല്ലാം-നദികളിലിറങ്ങുകയും മുങ്ങുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നവര്‍.
മിസ്സൗറി മിസ്സിസിപ്പി, ആമസോണ്‍, നൈല്‍ തുടങ്ങിയ വമ്പന്‍ നദികള്‍ മുതല്‍ കൊച്ചുകൊച്ചു കൈത്തോടുകള്‍ വരെ ലക്ഷോപലക്ഷം ജലസ്രോതസ്സുകള്‍ ഭൂമുഖത്ത് ഉണ്ട്. അവയാണ് ഭൂമിയുടെ ജലാംശം കാത്തുസൂക്ഷിക്കുന്നതും, പ്രതലങ്ങള്‍ നനച്ചു നിറുത്തുന്നതും.
വലിയ മലകളുടെ വിള്ളലുകളില്‍ നിന്നുത്ഭവിക്കുന്ന കൊച്ചുകൊച്ച് ഒലിപ്പുകളായിട്ടാണ് എല്ലാറ്റിന്റെയും തുടക്കം. പാറകളുടെ പുറത്തുകൂടി പോകുന്ന കൊച്ചരുവികള്‍ പലതും കൂടിച്ചേര്‍ന്നു പുഴകളായും നദികളായും മഹാനദികളായും തീര്‍ന്നു കടലില്‍ ചെന്നവസാനിക്കുന്നു (അപൂര്‍വ്വം ചിലതു തടാകങ്ങളിലെത്തിനില്ക്കും).
തുടക്കത്തില്‍ തലേംകുത്തി നുരഞ്ഞു പതഞ്ഞു ബഹളം വച്ചു പായുന്നവയ്ക്ക് ജലം കൂടുമ്പോഴേക്കും, നിരപ്പുള്ള സ്ഥലത്തു വരുമ്പോഴേക്കും, ഗതി മന്ദമാകുന്നു, നേരെയാവുന്നു-ലക്ഷ്യബോധം കൈവന്നാലെന്നപോലെ. സമുദ്രത്തെ സമീപിക്കുമ്പോഴേക്കും ഒഴുക്കു തീര്‍ത്തും നിലച്ചുതുടങ്ങും – നില്ക്കും. കടലാണ് അവയുടെ എല്ലാം ലക്ഷ്യം.
മനുഷ്യജീവിതവും ഏതാണ്ട് ഇതുപോലെ തന്നെയല്ലേ? ആദ്യമാദ്യം ലക്കും ലഗാനുമില്ലാതെ അടിച്ചുപൊളിച്ചു കൂലംകുത്തി മറിഞ്ഞോടുന്ന മനുഷ്യനു പ്രായം ചെല്ലുന്തോറും ഒരു വ്യതിയാനം കൈവരുന്നു-ഇരുത്തം വന്ന പ്രകൃതി.
-വികാരങ്ങളില്‍
-ചിന്തകളില്‍
-ജീവിതശൈലികളില്‍, പ്രവര്‍ത്തനങ്ങളില്‍.
കുഞ്ഞുങ്ങളുടെയും, കൗമാരക്കാരുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വികാരപ്രകടനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നാലും നാലു തരത്തിലായിരിക്കും-ഈ വ്യത്യാസം വികാരത്തിലല്ല; പ്രകടിപ്പിക്കുന്ന രീതിയിലാണ്.
എഡ്യൂക്കേഷണല്‍ സൈക്കോളജി എന്ന ഗ്രന്ഥത്തില്‍ ആലീസ് ഡി. ക്രോ ലെസ്റ്റര്‍ ഡി ക്രോ എന്നീ ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നത്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വികാരം ഏതാണ്ട് ഒന്നുപോലെയാണെന്നാണ്. തിരിച്ചറിവു കൈവന്നു തുടങ്ങുമ്പോള്‍, പ്രായമായി വരുന്തോറും വികാരം പ്രകടിപ്പിക്കുന്ന രീതിക്കു മാറ്റം വരുന്നു. വിശപ്പു തോന്നുമ്പോഴേ കുട്ടികള്‍ വാവിട്ടു നിലവിളിച്ചേക്കാം, പക്വത വന്നവരാകട്ടെ ഭക്ഷണം തയ്യാറാകുന്നതുവരെ ക്ഷമിച്ചു നില്ക്കുന്നു-വിശപ്പിന്റെ കാഠിന്യം ഇരുകൂട്ടര്‍ക്കും ഒന്നുപോലെയാണെങ്കിലും.
പത്തുവയസ്സില്‍ ചിന്തിച്ചതുപോലെയല്ല അതേ വ്യക്തി ഇരുപതിലും, നാല്പതിലും അറുപതിലും ചിന്തിക്കുക-ജീവിതത്തോടുള്ള സമീപനരീതിക്കും ആനുപാതികമായ മാറ്റമുണ്ടാകും. കാഴ്ചപ്പാടുകള്‍ക്കു കൂടുതല്‍ ആഴവും പരപ്പും ദിശാബോധവും കൈവരുന്നതാണു കാരണം. പ്രവര്‍ത്തനങ്ങളിലും അതു പ്രതിഫലിക്കുന്നതു കാണാം. പണ്ടത്തെ തിടുക്കവും തിരക്കും ഇപ്പോഴില്ല. പഴയ പിശകുകളൊക്കെ പാഠമായിട്ടെന്നാലെന്നപോലെ അല്പം കൂടെ ആലോചിച്ചും പ്ലാനിട്ടും പ്രവര്ത്തിച്ചുതുടങ്ങുന്നു.
സര്‍വ്വതിനെയും തൂത്തുവാരി പൊട്ടിത്തെറിച്ചു പാഞ്ഞുപോയ പുഴയ്ക്കും പിന്നീടൊരു പരിവര്‍ത്തനം സംഭവിച്ചതുപോലെ തോന്നുകില്ലേ നിരീക്ഷിച്ചുനോക്കിയാല്? അതു നേരെ ഒഴുകിത്തുടങ്ങുന്നു, ലക്ഷ്യം തെറ്റാതെ- കടലിലേക്ക്.
എഴുത്തുകാരനായ ഹാരോള്‍ഡ് ഒഴുകിയൊഴുകി കടലിലേക്കു നീങ്ങുന്ന നദിയെ നോക്കി അങ്ങനെ ഇരിക്കുകയായിരുന്നു. അത് അദ്ദേഹത്തില്‍ കവിത ഉണര്‍ത്തി. അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടു: ‘River is water on a mission’ ഈ നദിയെന്നു പറയുന്നത് ഒരു പ്രത്യേക ദൗത്യവുമായി നീങ്ങുന്ന ജലസമുച്ചയമാണ്! തന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ക്ക് നനവും നിറവും നല്കുവാനാണ് അതു നിയോഗിക്കപ്പെട്ടിരിക്കുന്നത്-ഒപ്പം കടലാകുന്ന ലക്ഷ്യത്തിലെത്തിച്ചേരുവാനും.
തന്നെത്തന്നെ നമുക്കു നല്കിക്കൊണ്ടു നീങ്ങുന്ന നദി അനന്തമായ ദൈവികനന്മയുടെ അനാവരണം കൂടിയാണെന്നാണ് ആര്‍തര്‍ ജെ മോറിനു കൂട്ടിച്ചേര്‍ക്കാനുള്ളത്2. “ദുഷ്ടരുടെമേലും ശിഷ്ടരുടെമേലും മഴ പൊഴിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെ” (മത്താ. 5-45), താന്‍ കടന്നുപോകുന്ന എല്ലായിടത്തും അതു അനുഗ്രഹധാര വര്‍ഷിക്കുന്നു!
തന്നെ സമീപിക്കുന്ന കൊച്ചരുവികളെയെല്ലാം കൂട്ടിയിണക്കി ലക്ഷ്യത്തിലെത്തിക്കുകയെന്നതും നദിയുടെ ധര്‍മ്മമാണ്-സ്വന്തനിലയ്ക്ക് അവയിലൊന്നിനും കടലിലെത്താന്‍ കഴിഞ്ഞെന്നു വരികയില്ല. കടലാണ് അവയുടെയും ലക്ഷ്യം. അവിടെനിന്നു തന്നെയാണ് അവയുടെയെല്ലാം ആരംഭവവും-കടല്‍ നീരാവിയായി മലമുകളില്‍ എത്തിയതോടെയാണല്ലോ തുടക്കം! കടല്‍ തന്നെയാണ് അവയുടെ പരമാന്ത്യവും.
നദിയെക്കുറിച്ചു ഹാരോള്‍ഡ് പറഞ്ഞതു നമ്മുടെ കാര്യത്തിലും ശരിയല്ലേ? Ours is ”Life on a mission.” പ്രത്യേകമായൊരു ദൗത്യവുമായി നീങ്ങുന്ന ജീവിതമാണു നമ്മുടേത്. നാം കടന്നു പോകുന്നിടത്തെല്ലാം, നമ്മുടെ ചുറ്റുപാടുമുള്ളവര്ക്കെല്ലാം പ്രകാശമാകുക, പ്രകാശമേകുക.
ഓസ്ട്രേലിയായ്ക്കടുത്തുള്ള ഒരു ചെറുദ്വീപാണ് ന്യൂ ഹൈബ്രിഡ്സ്. അവിടുത്തെ ആദ്യമിഷനറിയായിരുന്നു പീറ്റര്‍ മില്‍നെ. അദ്ദേഹം സ്ഥാപിച്ച ദേവാലയത്തില്‍ അദ്ദേഹത്തിന്റേതായ ഒരു ചിത്രമുണ്ട്-കൂട്ടത്തില്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഒരു അടിക്കുറിപ്പും:
“When he came there was no light
When he died there was no darkness”
തന്നെ സമീപിച്ചവരിലെല്ലാം, താനുമായി ബന്ധപ്പെട്ടവരിലെല്ലാം, അദ്ദേഹം ദിവ്യപ്രകാശം പരത്തി. അതുകൊണ്ട്, അദ്ദേഹം പിരിഞ്ഞുപോയപ്പോള്‍ അവിടെയൊരിടത്തും അന്ധകാരം ഇല്ലായിരുന്നു!
നദിക്കു കടലെന്നപോലെ നമുക്കും ഒരു ലക്ഷ്യമുണ്ട്, പരമാന്ത്യമുണ്ട്-ദൈവമാണത്. അവിടെ നിന്നാണു നാം പുറപ്പെട്ടത്. അവിടെത്തന്നെയാണു നാം തിരിച്ചെത്തിച്ചേരേണ്ടതും. നമ്മുടെ ചുറ്റുപാടുമുള്ളവരെക്കൂടി കൂട്ടിയിണക്കി അവിടെ നാം എത്തുമ്പോഴേ നമ്മുടെ ജീവിതലക്ഷ്യം സാര്‍ത്ഥകമാകൂ.
കൂട്ടത്തില്‍ ഒരു കാര്യം കൂടെ. നിരന്തരം ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന നദിക്ക് ഒരിക്കലും തിരിച്ചുവരാനാകില്ല. പച്ചപ്പരവതാനി വിരിച്ച പരിസരങ്ങള്‍ മനോഹരങ്ങളായിരിക്കാം. പക്ഷേ, നോക്കിനില്ക്കാന് നേരമില്ല-നിര്‍ബന്ധിതമായും നീങ്ങിയേ തീരൂ.
മനുഷ്യരും അങ്ങനെയൊക്കെത്തന്നെയാണ്. എപ്പോഴും മുന്നോട്ട്. എത്ര വ്യാകുലപ്പെട്ടാലും, തടസ്സം പറഞ്ഞാലും റിവേഴ്സ് ഗീയറിട്ടാലും പൊയ്പോയ വസന്തങ്ങള്‍ പോയതുതന്നെ. നീക്കം മുന്നോട്ട്- നേരെ മുന്നോട്ട്. അതു മനസ്സിലാക്കി ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിക്കുവാന്‍ നമുക്കു കഴിയട്ടെ.
Prev Post
- Facebook Comments
- Disqus Comments