പ്രകൃതി ദുരന്തത്തിൽ നഷ്ടമായ ജീവനുകൾക്ക് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കാനും അവരുടെ ദുഃഖത്തിൽ പങ്കു ചേരാനും, ദുരിതത്തിൽ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നതിന് വീണ്ടും സാഹചര്യം ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. ഒരു വർഷം മുമ്പ് എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങും തണലുമായി പ്രവർത്തിച്ച വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ഇതര സംഘടനാ സംവിധാനങ്ങളും ഇത്തവണയും ജാതിമതഭേദമന്യേ ഏവരെയും സഹായിക്കാൻ സേവന രംഗത്ത് ഉണ്ടാവും എന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ മനുഷ്യർ മടി കാട്ടരുത്. പ്രകൃതി നേരിടുന്ന ആഘാതം സംബന്ധിച്ച അനുബന്ധ ശാസ്ത്രീയ നിരീക്ഷണങ്ങളും മുൻകരുതൽ ശുപാർശകളും അർഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.