കൂദാശകളുടെ പരികര്‍മ്മം അഥവാ വിശ്വാസത്തിന്‍റെ ആഘോഷം
കൂദാശകളുടെ പരികര്‍മ്മത്തെ ആഘോഷമായിട്ടാണ് (celebration) തിരുസ്സഭാമാതാവ് വ്യാഖ്യനിക്കുന്നതും പഠിപ്പിക്കുന്നതും. കൂദാശകള്‍ എന്താണ് ആഘോഷിക്കുന്നത്? അല്ലെങ്കില്‍ കൂദാശകളില്‍ എന്താണ് ആഘോഷിക്കപ്പെടുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ലോകരക്ഷക്കുവേണ്ടി ഈശോ പറഞ്ഞതും ചെയ്തതും ഈശോയില്‍ പ്രകടമായതുമെല്ലാം കൂദാശകളായി പരിണമിച്ചു എന്ന് മതബോധനം പഠിക്കുന്പോള്‍ കൂദാശകള്‍ ആഘോഷിക്കുന്നത് ഈശോയിലുള്ള വിശ്വാസമാണ് എന്നും പെസഹാരഹസ്യങ്ങളാണ് എന്നും മനസ്സിലാക്കാനാകും. ഓരോ കൂദാശയും ഈശോ ലോകത്തിന്‍റെ രക്ഷക്കുവേണ്ടി പൂര്‍ത്തിയാക്കിയ രക്ഷാകരസംഭവങ്ങളുടെ ആഘോഷമാണ്. ഈ പെസഹാരഹസ്യങ്ങളിലൂടെ ഞാനും എന്‍റെ ലോകവും പ്രപഞ്ചം തന്നെയും വീണ്ടെടുക്കപ്പെട്ടു എന്ന സന്തോഷമാണ് ആരാധനയില്‍ തിരതല്ലുന്നത്.
കൂദാശകളുടെ ആഘോഷത്തില്‍ പങ്കാളികളാരൊക്കെയാണ്?
കൂദാശകളുടെ പരികര്‍മ്മം ഉന്നതമായ ദൈവികാരാധനയാണ്. ഈ ദൈവികാരാധന ഈശോയുടെ പ്രവൃത്തിയാണ്. കാരണം, ആത്യന്തികമായി ഈശോയാണല്ലോ ഈ പെസഹാരഹസ്യങ്ങളുടെയെല്ലാം കാര്‍മ്മികന്‍. അവ ഈ ഭൂമിയില്‍ നിവര്‍ത്തിച്ചത് അവിടുന്നാണ്. ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ – “യഥാര്‍ത്ഥ വിശുദ്ധസ്ഥലത്തെ ഏക പ്രധാനപുരോഹിതനാണ് അവിടുന്ന്”. സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഈ ആരാധന വലിയ ഉത്സവമാണ്. വീണ്ടെടുക്കപ്പെടുന്ന ഓരോ പാപിയെയും കുറിച്ച് സ്വര്‍ഗ്ഗം സന്തോഷിക്കുമെന്ന തിരുവെഴുത്ത് ധ്യാനിക്കാം. സ്വര്‍ഗ്ഗത്തിന്‍റെ ഈ ആരാധനയില്‍ സ്വര്‍ഗ്ഗീയശക്തികള്‍, സൃഷ്ടിമുഴുവനും പഴയതും പുതിയതുമായ ഉടന്പടികളുടെ സേവകര്‍, ദൈവത്തിന്‍റെ പുതിയ ജനം, രക്തസാക്ഷികള്‍, വിശുദ്ധര്‍, പരിശുദ്ധ മാതാവ്, എല്ലാ ദേശത്തുനിന്നും ഗോത്രങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ള എണ്ണിത്തിട്ടപ്പെടുത്താനാകാത്ത ഒരു വലിയ ജനക്കൂട്ടം എന്നിവര്‍ പങ്കാളികളാകുന്നു.
ഈ ആരാധനയിലുള്ള പങ്കാളിത്തമാണ് കൂദാശകളുടെ പരികര്‍മ്മത്തിലൂടെ ഭൂമിയില്‍ മനുഷ്യരായ നാം നടത്തുന്നത്. സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന യഥാര്‍ത്ഥ ആരാധനയില്‍ അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച് നമ്മളും പങ്കുകാരാകുന്നു. അതിനാലാണ് കൂദാശകളുടെ ആഘോഷമായ പരികര്‍മ്മം സ്വര്‍ഗ്ഗത്തിന്‍റെ മുന്നാസ്വാദനമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നത്. സ്വര്‍ഗ്ഗീയാരാധനയില്‍ അതിവിശുദ്ധിയോടെ പങ്കുകാരാകാനാണ് പരിശുദ്ധാത്മാവും സഭയും നിരന്തരമായി നമ്മെ ഒരുക്കിക്കൊണ്ടിരിക്കുന്നതും.
അതിനാല്‍, ദൈവാരാധനയായ കൂദാശകളുടെ ആഘോഷത്തില്‍ പങ്കുചേരുന്നത് സമൂഹം മുഴുവനുമാണ്. ശിരസ്സായ ക്രിസ്തുവുമായി ഐക്യപ്പെട്ട ക്രിസ്തുശരീരമാണ് – തിരുസ്സഭയാണ് – ആരാധിക്കുന്നത്. അതിനാല്‍ ആരാധനകള്‍ സ്വകാര്യകര്‍മ്മങ്ങളല്ല. മെത്രാന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഒന്നിപ്പിക്കപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്യുന്ന ദൈവജനത്തിന്‍റെ കൂട്ടായ്മയാണ് ഓരോ കൗദാശിക ആഘോഷവും. ശുശ്രൂഷയുടെ ധര്‍മ്മം, സ്ഥാനക്രമം എന്നിവ ഈ ആരാധനയില്‍ പങ്കെടുക്കുന്നവരില്‍ വ്യത്യാസപ്പെട്ടിരിക്കും.
കൂദാശകളുടെ ആഘോഷത്തില്‍ സമൂഹം മുഴുവനുമാണ് ശുശ്രൂഷകന്‍. പുരോഹിതന്‍ സഭയിലെ എല്ലാ അംഗങ്ങളുടെയും സേവനത്തിനുവേണ്ടി തിരുപ്പട്ടകൂദാശയാല്‍ പ്രതിഷ്ഠിക്കപ്പെട്ടവനാണ്. ആരാധനയില്‍ പുരോഹിതന്‍റെ ധര്‍മ്മം അനുഷ്ഠിക്കുകയാണ് പൗരോഹിത്യത്തിന്‍റെ കടമ. അങ്ങനെ ഓരോരുത്തരും തങ്ങളുടെ ധര്‍മ്മമനുസരിച്ച് എല്ലാവരിലും പ്രവര്‍ത്തിക്കുന്ന ആത്മാവിന്‍റെ ഐക്യത്തില്‍ ദൈവാരാധനയില്‍ ക്രിസ്തുവില്‍ ഏകശരീരമായി അവനോടൊപ്പം പങ്കുചേരുന്നു.
പങ്കെടുക്കുന്നവരുടെ പാപങ്ങള്‍, അയോഗ്യതകള്‍?
ദൈവികാരാധനയായ കൂദാശകളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ പാപങ്ങളും അയോഗ്യതകളും ഒരിക്കലും ഈ ആരാധനയുടെ സാധുത ഇല്ലാതാക്കുകയോ മാറ്റ് കുറക്കുകയോ ചെയ്യുന്നില്ല. കാരണം, ആരാധനയുടെ പ്രധാനകാര്‍മ്മികന്‍ ക്രിസ്തുതന്നെയാണ്. ക്രിസ്തുവാകുന്ന ശിരസ്സോട് ചേര്‍ന്ന് ശരീരമായ തിരുസ്സഭ ഈ ആരാധനയില്‍ പങ്കുചേരുന്നു എന്നു മാത്രമേയുള്ളു. അതിനാല്‍ വിശുദ്ധ ബലിയ്ക്ക് നേതൃത്വം നല്കുകയോ കുന്പസാരക്കൂട്ടിലിരുന്ന് കുന്പസാരിപ്പിക്കുയോ ചെയ്യുന്ന വൈദികന്‍റെ പാപജീവിതം/ അയോഗ്യതകള്‍ ഒരിക്കലും കൂദാശയുടെ വിശുദ്ധിയെയും പൂര്‍ണ്ണതയെയും ബാധിക്കുന്നില്ല. ദൈവാരാധനയിലൂടെ അദ്ദേഹത്തിന് ലഭിക്കേണ്ട കൃപകളില്‍ കുറവു സംഭവിക്കുമായിരിക്കാം. പാപാവസ്ഥയില്‍ കൂദാശകള്‍ സ്വീകരിക്കുന്നവരുടെ കാര്യത്തിലും ഇത് ബാധകമാണ്.
സമാപനം
തിരുസ്സഭയുടെ കൂദാശകളെക്കുറിച്ചുള്ള വ്യക്തമായ ബോദ്ധ്യവും അറിവും ഇല്ലാതെ നാമമാത്രമായ കേട്ടറിവ് വച്ച് അവയെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ക്രൈസ്തവവിശ്വാസത്തോട് ചെയ്യുന്ന നീതിയല്ല. പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളില്‍ പങ്കെടുക്കുന്നവരുടെയോ അതിന്‍റെ കാര്‍മ്മികത്വം വഹിക്കുന്നവരുടെയോ അയോഗ്യതകള്‍ അപ്രധാനമാണ്. കൂദാശകള്‍ ദൈവികആരാധനയാകുന്നത് അവ ഈശോയുടെ പ്രവര്‍ത്തിയായതിനാലാണ്. പ്രാര്‍ത്ഥനയോടും ധ്യാനത്തോടും കൂടി ഈശോമിശിഹായുടെ പെസഹാരഹസ്യങ്ങളെ ധ്യാനിക്കുകയും സ്വര്‍ഗ്ഗീയാരാധനയുടെ വിദൂരദൃശ്യമെങ്കിലും വിശ്വാസത്തിന്‍റെ അകക്കണ്ണില്‍ സ്വരൂപിച്ചെടുക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ തിരുസ്സഭയുടെ കൂദാശകളെ ആഘോഷമായി കാണാനും അവയുടെ ഫലം സ്വീകരിക്കാനും സാധിക്കുകയുള്ളു.