ജില്ലാ മാനസികാരോഗ്യ പദ്ധതിയ്ക്ക് ഒരു കൈത്താങ്ങാകുവാൻ റേഡിയോ മാറ്റൊലിയുടെ മനസൗഖ്യ പരിപാടിയ്ക്ക് സാധിക്കുമെന്ന് ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു. സർക്കാരും പൊതുജനങ്ങളും മാനസികാരോഗ്യപ്രവർത്തകരും ഇതിലൂടെ ഒന്നിക്കുകയാണ്. വയനാട് ജില്ലയുടെ മാനസികാരോഗ്യനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി റേഡിയോ മാറ്റൊലി ആരംഭിച്ചിരിക്കുന്ന മനസൗഖ്യ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ സഹകരണത്തോടെയാണ് മാനസികാരോഗ്യ ബോധവത്കരണ പരമ്പര നടപ്പാക്കുന്നത്. മാനസികാരോഗ്യ അവബോധം, പരിപാലനം, പരിപോഷണം എന്നിവ ലക്ഷ്യമാക്കിയാണ് പരിപാടി നടപ്പാക്കുന്നത്.
റേഡിയോ മാറ്റൊലി കോൺഫറൻസ്ഹാളിൽ നടന്ന പരിപാടിയിൽ ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രം അഡ്മിനിസ്ട്രേറ്റർ സി. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചന്ദ്രൻ പി.കെ. യും വ്യക്തിത്വ വൈകല്യത്തെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി.ജെ. യും ക്ലാസ്സെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. പി. വത്സൻ, ഫാത്തിമ ബിഗം എന്നിവർ സന്നിഹിതരായിരുന്നു. റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഡോ. ഫാ. സെബാസ്റ്റ്യൻ പുത്തേൻ സ്വാഗതം ആശംസിച്ചു. മാറ്റൊലിക്കൂട്ടം പ്രസിഡന്റ് ഷാജൻ ജോസ് സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സന്തോഷ് കാവുങ്കൽ നന്ദിപറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. മനോജ് കാക്കോനാല്‍ , ഫാ. ജസ്റ്റിന് മുത്താനിക്കാട്ട് , പ്രോഗ്രാം പ്രൊഡ്യൂസര്‍ നിഖില്‍ എബ്രാഹം എന്നിവര്‍ നേതൃത്വം നല്കി. വെള്ളിയാഴ്ചകളിൽ വൈകിട്ട് എട്ടു മണിയ്ക്ക് മന:സൗഖ്യ പ്രക്ഷേപണം ചെയ്യും.