വയനാട് ജില്ലയുടെ മാനസികാരോഗ്യനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ചെന്നലോട് ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സാമൂഹിക റേഡിയോ മാറ്റൊലിയും സംയുക്തമായി നടത്തുന്ന മനസൗഖ്യ-മാനസികാരോഗ്യബോധവത്കരണപരമ്പരയ്ക്ക് ഇന്ന് (ഒക്ടോബർ 13) തുടക്കം കുറിക്കും. മാനസികാരോഗ്യ അവബോധം, പരിപാലനം, പരിപോഷണം എന്നിവയാണ് ഈ പ്രക്ഷേപണപരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം എട്ടുമണിയ്ക്ക് പരിപാടി പ്രക്ഷേപണം ചെയ്യും. മന:സൗഖ്യ റേഡിയോ പ്രക്ഷേപണപരമ്പരയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ-13) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ദ്വാരകയിലുള്ള മാറ്റൊലി കോൺഫറൻസ് ഹാളിൽ നടക്കും. ലൂയീസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രം അഡ്മിനിസ്ട്രേറ്റർ സി. ഗ്രേസി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വയനാട് ജില്ലാ മെന്റൽഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ ആർ. ഉദ്ഘാടനം നിർവ്വഹിക്കും. ലൂയീസ് മൗണ്ട് ഹോസ്പിറ്റലിലെ മാനസികാരോഗ്യവിദഗ്ധനായ ഡോ. ചന്ദ്രൻ മുഖ്യപ്രഭാഷണവും മനശാസ്ത്ര വിദഗ്ധനായ ഡോ. ലിൻജോ വിഷയാവതരണ പ്രഭാഷണവും നടത്തും. മാറ്റൊലിക്കൂട്ടം കേന്ദ്രസമിതി പ്രസിഡന്റ് ശ്രീ ഷാജൻ ജോസ് ആശംസകളർപ്പിക്കും. ഉദ്ഘാടനയോഗത്തിൽ സ്റ്റേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുത്തേൻ സ്വാഗതം ആശംസിക്കും. അസ്സോസിയേറ്റ് ഡയറക്ടർമാരായ ഫാ. സന്തോഷ് കാവുങ്കൽ, ഫാ. മനോജ് കാക്കോനാൽ, ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, ജൂനിയർ സൂപ്രണ്ട് സിന്ധു ജസ്റ്റിൻ, പ്രോഗ്രാം പ്രൊഡ്യൂസർ നിഖിൽ അബ്രഹാം എന്നിവർ നേതൃത്വം നൽകും. യോഗത്തിൽ മാനസികാരോഗ്യപ്രവർത്തകർ, മാറ്റൊലി മാനേജിംഗ് കമ്മിറ്റി-കണ്ടന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ വിദഗ്ദ്ധസന്നദ്ധപ്രവർത്തകർ, ടീമംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
മന:സൗഖ്യയുടെ ലക്ഷ്യങ്ങൾ
1. മാനസികാരോഗ്യപരിപോഷണത്തിന്റെ പ്രാധാന്യത്തേയും പ്രസക്തിയേയും സാധ്യതകളേയും വെല്ലുവിളികളേയും കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക
2. മാനസികരോഗങ്ങളെകുറിച്ച് വസ്തുനിഷ്ഠവും ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ അറിവു പകരുക
3. മാനസിക രോഗികളെ മനസ്സിലാക്കുന്നതിനും ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും അവരുമായി ആരോഗ്യപരമായി ഇടപഴകുന്നതിനും കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും അയൽക്കാരേയും പൊതുജനങ്ങളേയും പ്രചോദിപ്പിക്കുക
4. മാനസികരോഗചികിത്സയിലുള്ള വിവിധ സാഹചര്യങ്ങളും സംരംഭങ്ങളും പദ്ധതികളും പരിചയപ്പെടുത്തുക
5. എല്ലാവരുടെയും നിലവിലുള്ള മാനസികാരോഗ്യം പരിപാലിക്കാനും പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗ്ഗങ്ങളും സമീപനങ്ങളും ജീവിതശൈലികളും അവതരിപ്പിക്കുക
6. ശാസ്ത്രീയമായ മനോരോഗചികിത്സയ്ക്കും മനശാസ്ത്രകൗൺസിലിംഗിനും സൈക്കോതെറാപ്പിയ്ക്കും വിധേയരായി മാനസികാരോഗ്യം വീണ്ടെടുക്കാനും സന്തുലിതമായി നിലനിൽക്കാനും പ്രേരിപ്പിക്കുക
7. പൂർണ്ണമാനസികപക്വതയാർജ്ജിക്കാൻ മനുഷ്യനിലുള്ള മാനസികഗതികളേയും കഴിവുകളേയും സാദ്ധ്യതകളേയും തിരിച്ചറിഞ്ഞ് വർദ്ധിപ്പിച്ചിട്ട് കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനുള്ള ഭാവാത്മക മന:ശാസ്ത്രസമീപനങ്ങളും ജീവിതരീതികളും മനസ്സിലാക്കാൻ സാഹചര്യമൊരുക്കുക
ഫാ. സെബാസ്റ്റ്യൻ പുത്തേൻ
സ്റ്റേഷൻ ഡയറക്ടർ