ഇന്ത്യക്ക് ആവശ്യമുള്ള ഡീസലിന്റേയും പെട്രോളിന്റെയും മറ്റും ഭൂരിഭാഗവും ക്രൂഡോയിൽ രൂപത്തിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. കുറെ ഇവിടെത്തന്നെ കുഴിച്ചെടുക്കുന്നുമുണ്ട്. ഇവിടുത്തേയും വിദേശത്തേയും ഉൽപ്പാദനച്ചെലവ് ഒരു പോലെയായിരിക്കുകയില്ലല്ലോ. ഇവിടെ കൂലി കുറവായത് കൊണ്ട് തീർച്ചയായും ഇവിടെ ഉൽപ്പാദിക്കുന്നതിന് വില കുറയേണ്ടതാണ്. എന്നാൽ രണ്ടിനും ഒരേ വില. അതായത് വിദേശത്ത് നിന്ന് വാങ്ങുന്നതിന്റെത് തന്നെയാണ് ഇവിടുത്തെതിനും ഈടാക്കുന്നത്. അതിന്റെ യുക്തി മനസ്സിലാക്കാൻ പറ്റാത്തതാണ്. അതുപോലെ തന്നെ മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ് ക്രൂഡോയിലിന് വിദേശത്ത് വില കുറയുമ്പോൾ ഇവിടെ വില കൂടുന്നതിന്റെ യുക്തിയും.
അന്താരാഷ്ട്ര മാർക്കറ്റിൽ 150 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഈടാക്കിയിരുന്നതിലും ഉയർന്ന തുകയാണ് 50 ഡോളറായപ്പോൾ ഈടാക്കുന്നത്. അതിനർത്ഥം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നികുതി അന്നത്തേതിലും നാലിരട്ടി വർദ്ധിപ്പിച്ചു എന്നാണ്. കേന്ദ്രം നികുതി കുറച്ചാൽ ഇവിടെയും കുറയും എന്നതിൽ ഭാഗിക സത്യമേയുള്ളു. ഇവിടെ മുന്പ് കിട്ടിക്കൊണ്ടിരുന്ന തുകക്ക് എണ്ണ കിട്ടത്തക്ക രീതിയിൽ നികുതി കുറച്ചാൽ വില ക്രമാതീതമായി കൂടുന്നത് നിയന്ത്രിക്കാൻ കഴിയും. അത് വഴി വിലക്കയറ്റവും ഒരു പരിധി വരെ നിയന്ത്രിക്കാം. കിട്ടുന്നത് മുഴുവൻ പോരട്ടെ എന്ന് ചിന്തിയ്ക്കുന്ന സർക്കാരിന് അത് ചെയ്യാൻ മനസ്സുണ്ടാകുകയില്ലല്ലോ. പെട്രോളിൽ നിന്നുള്ള വരുമാനം കൂട്ടാതെ തന്നെ ഇവിടെ നികുതി പിരിവ് ഊർജ്ജിതമാക്കിയാൽ ആവശ്യത്തിന് തുക കണ്ടെത്താവുന്നതേയുള്ളു . ഭൂമി, കെട്ടിടങ്ങൾ, തൊഴിൽ, തുടങ്ങിയവയ്ക്കുള്ള നികുതി യഥാസമയം പിരിച്ചെടുക്കണം. ആദായനികുതി അടക്കാത്തവരെ കൊണ്ട് നിർബ്ബന്ധമായും അടപ്പിക്കണം. അതുപോലെ തന്നെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ വലിയതുകകൾ ലാഭിക്കാൻ കഴിയും.
നാൽപ്പത് വർഷത്തിന് ശേഷവും പൂർത്തിയാക്കാത്ത പദ്ധതികൾ കേരളത്തിലില്ലേ. 12 കോടിയിൽ ആരംഭിച്ച് 400 കോടി ചെലവഴിച്ചിട്ടും പൂർത്തിയാകാത്ത പദ്ധതിക്കു വേണ്ടി കൂടിയാണല്ലോ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം വേണമെന്ന് പറയുന്നത്. അങ്ങനെയുള്ള പദ്ധതികൾ ഇനി തുടരണ്ട എന്ന് തീരുമാനിച്ചാൽ തന്നെ എത്രയോ വലിയ തുകകൾ ലാഭിക്കാം. കൂടുതൽ കാലം നിലനില്ക്കുന്ന രീതിയിൽ റോഡുകൾ നിർമ്മിച്ചാൽ ഓരോ വർഷവും പുതുക്കിപ്പണിയുന്ന ചെലവുകൾ കുറയ്ക്കാൻ പറ്റില്ലേ. ജനപ്രതിനിധികൾക്കുള്ള വേതനം പകുതിയാക്കിയാൽ വലിയ തുകകൾ ലാഭിക്കാമല്ലോ. മന്ത്രിമാരും എം എല്ലേ മാരും മറ്റും പരിപാടികളിൽ പങ്കെടുക്കുന്നതിന് സർക്കാരിലേക്ക് നിശ്ചിത ഫീസ് കെട്ടണം എന്ന് വച്ചാൽ വലിയ തുകകൾ കിട്ടും എന്ന് മാത്രമല്ല അവർക്ക് ഔദ്യോഗിക ജോലി നിർവ്വഹണത്തിന് കൂടുതൽ സമയം കിട്ടുകയും ചെയ്യും. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് തന്നെ നികുതി വേണമെന്നുണ്ടെങ്കിൽ പൊതുഗതാഗത വാഹനങ്ങളേയും ചരക്കു വാഹനങ്ങളേയും ഒഴിവാക്കുന്ന കാര്യം ചിന്തിയ്ക്കാൻ പറ്റുകയില്ലേ. അപ്പോൾ യാത്രക്കൂലിയും ചരക്ക് കടത്ത് കുലിയും പിടിച്ച് നിർത്താൻ കഴിയും. വിവിധ സബ്സിഡികൾ ആധാർ നമ്പർ ഉപയോഗിച്ച് അർഹിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കു എത്തിക്കുന്നത് പോലെ ഇക്കാര്യങ്ങളും ചെയ്യാവുന്നതേയുള്ളു. പക്ഷേ മനസ്സുണ്ടാകണമല്ലോ. ബന്ധപ്പെട്ടവരുടെ ശ്രദ്ധ അക്കാര്യങ്ങളിലേയ്ക്ക് തിരിയട്ടെ എന്ന് ആശംസിയ്ക്കുന്നു.