ആരാലും മനസിലാക്കപെടാത്ത ചില നൊമ്പരങ്ങള്‍ പേറി ജീവിക്കുന്നിടത്തോളം വലിയ ശിക്ഷ ഒരാള്‍ക്ക് കിട്ടാനില്ല…. കൂട്ടു വിളിക്കാതെ കൂട്ടു പോരുന്ന ഈ വേദനകള്‍ കൊണ്ടെത്തിക്കുന്നത് അതിലും വലിയ നരകങ്ങളിലേക്കും..
ഒരു ക്ലാസ്സ് റൂം ഓർമ്മ വരുന്നുണ്ട്.. മലയാളം അധ്യാപകനാണ്, എന്തോ തമാശ പറഞ്ഞു ക്ലാസ്സാകെ ചിരിപ്പിച് ഇളക്കി മറിക്കുമ്പോള്‍ ഇതിലൊന്നും പെടാതെ അവസാന ബെഞ്ചിന്‍റെ കോണില്‍ വിഷാദത്തോടെ ഇരിക്കുന്ന ഒരു 11 വയസുകാരന്‍… നിനക്ക് എന്തെ ചിരി വരുന്നില്ലേ എന്നാ ചോദ്യത്തിന് “ ചിരി മനസില്‍ നിന്നല്ലേ മാഷെ വരണ്ടതെന്നു?” ക്ലാസ്സ് റൂം പെട്ടെന്ന് നിശബ്ദമാകുന്നു.. ഇന്നത്തെ ലോകം മനസു കൊണ്ട് ചിരിക്കാന്‍ കഴിയാത്ത ഒത്തിരി പേരെ സൃഷ്ടിക്കുന്നുണ്ട്..
ചേര്‍ത്ത് പിടിച്ച് എന്ത് പറ്റി കുഞ്ഞേ നിനക്ക് എന്ന് ചോദിച്ചാല്‍ ഒരു അല്‍പ കണ്ണിരില്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രം ഉള്ള നമ്മുടെ കുഞ്ഞു തലമുറകള്‍ക്ക് പ്രശ്നങ്ങള്‍ അവസാനിക്കാത്തത് സാരമില്ലടാ എന്ന് മൊഴിഞ്ഞു തോളില്‍ തട്ടുന്നവര്‍ക്ക് പകരം എല്ലാം സാരമാക്കി കുറ്റപെടുത്താന്‍ മാത്രം വാ തുറക്കുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടാണെന്ന് തോന്നുന്നു ..
കുഞ്ഞേ നമ്മുടെ ദൈവം ഇടറി പോയവരുടെ സ്നേഹിതന്‍ ആണ്… ഓര്‍മയില്ലേ ഇടറി പോയ ഒരു ഭൂതകാലം ഉള്ളവളുടെ കഥ, ഈ ജീവിതം ഇനി വേണ്ട എന്ന് ചിന്തിച്ചു കൊണ്ടവള്‍ തിരകള്‍ക്കുള്ളിലേക്ക് നടക്കുകയാണ് , തന്നെ കടല്‍ വിഴുങ്ങുന്നതിനു മുന്നേ തിരിഞ്ഞു നോക്കുന്നവള്‍ കാണുന്നത് നടന്നു വന്ന കാല്‍പ്പാടുകള്‍ മായിച്ചു കൊണ്ട് ഒരു തിര!! ഇനിയവള്‍ക്ക് ജീവിച്ചല്ലേ പറ്റു ..? കഴിഞ്ഞകാല ജീവിതങ്ങളുടെ വിരല്‍പാടുകളെ മായിക്കുന്ന വെണ്‍തിരയായി ദൈവം അവള്‍ക്ക് കൂട്ടാവുമ്പോൾ അവള്‍ക്കെന്നല്ല ആർക്കും ആ കൈവിട്ടുപോയ (പസാദസന്ധ്യകളിലേക്ക് മടങ്ങാതിരിക്കാനാവില്ല…..:)
നമ്മുക്ക് ഒരു കൂടാരം വേണം. എല്ലാം തിരിച്ചു പിടിച്ചു , കൈമോശം വരാത്ത പഴയ നൈര്‍മല്യങ്ങളെ താലോലിക്കാന്‍ ഒരു കൂട്.,ചേര്‍ത്ത് പിടിക്കാന്‍ സ്നേഹത്തിന്റെ പ്രാതല്‍ ഒരുക്കി കുറച്ച് സ്നേഹിതര്‍… ഈ കൂടാരത്തില്‍ കുഞ്ഞേ നിന്നെ ആരും ‘നി’ എന്ന് വിളിക്കില്ല, നിന്നിലെ പഴയ നിന്നെ ഓർമിപ്പിക്കില്ല… ‘ഞാന്‍” എന്ന് പറയാന്‍ സമ്മതിക്കില്ല… ഇനി ‘നമ്മള്‍’ നമ്മള്‍ മാത്രം, പിന്നെ നമ്മുടെ സ്വപ്നങ്ങളും….